തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിൽ റോഡുപണി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിക്കുന്നതിനെതിരേ എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രതിഷേധം. ഇരുമുന്നണികളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ടോൾ പിരിവിനെതിരേ കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും സ്ഥലത്ത് സമരം നടക്കുന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. തുടങ്ങിയ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികളും റോഡ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ കൊള്ളയ്‌ക്കെതിരേ ഒന്നിച്ചാണ് നിലകൊള്ളുന്നത്.

To advertise here,

പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം എൽ.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധം നടത്തി. പിന്നാലെ യു.ഡി.എഫ്. പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസ് ബാരിക്കേഡ് ഉയർത്തുകയും ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്തു. കോൺഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും നേതൃത്വത്തിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധവുമായി ടോൾ പ്ലാസയിലേക്കെത്തുകയായിരുന്നു. റോഡിലിരുന്ന് ഉപരോധംതീർത്ത പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ വലിയ ഉന്തും തള്ളും സംഘർഷവുമുണ്ടായി. പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയും ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ അറസ്റ്റുചെയ്യുകയും ചെയ്തു.

ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ ബഹുഭൂരിഭാഗവും പൂർത്തിയാവാതെയാണ് കരാർ കമ്പനി ടോൾ പിരിവുമായി മുന്നോട്ടുപോവുന്നത്. ഏകദേശം 16 കിലോമീറ്ററോളം സർവീസ് റോഡുകളുടെ നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. ഇതിനുപുറമേ 20 കിലോമീറ്ററോളം ദൂരത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നും ചേറ്റുവ ഉൾപ്പെടെയുള്ള പ്രധാന പാലങ്ങളുടെ പണികൾ തീരാനുണ്ടെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. 

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കോൺഗ്രസ് ജില്ലാ നേതാക്കളായ ജോസ് വള്ളൂർ, സുനിൽ ലാലൂർ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ബലമായി അറസ്റ്റുചെയ്തുനീക്കി. പണി പൂർത്തീകരിക്കാത്ത റോഡിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് മുന്നണികൾ.