കാഞ്ഞങ്ങാട്: സി.പി.എം. നേതാവ് എം. രാഘവനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി യോഗ തീരുമാനം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ശരിവച്ചു. രാഘവൻ പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പരസ്യപ്രതികരണമാണ് നടത്തിയതെന്നും ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പറ്റിയ തെറ്റ് സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ രാഘവനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കാൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയോഗം തീരുമാനിക്കുകയും ഇതിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തുവെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. വിപുലീകൃത ജില്ലാ സമ്മേളനം പാർട്ടിയുടെ കെട്ടുറപ്പും കരുത്തും തെളിയിക്കുന്നതായിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഊർജവും ജനങ്ങൾക്ക് ആവേശവും പകരുന്നതായിരുന്നു സമ്മേളനം. എന്നാൽ, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗമായ രാഘവൻ പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ജില്ലാ കമ്മിറ്റിയോഗവും തുടർന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗവും വിലയിരുത്തി. തിങ്കളാഴ്ചയാണ് പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തതും തീരുമാനമെടുത്തതും. ജില്ലാ സെക്രട്ടറി എം. രാജഗോപാലനും സംസ്ഥാന സമിതിയംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ, സി. എച്ച്. കുഞ്ഞമ്പു എന്നീവരും ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
വേണ്ട പരിഗണന ലഭിച്ചില്ലെന്ന കാരണത്താൽ ഒരുവർഷം മുൻപ് നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിലും പാർട്ടി വിശാല സമ്മേളനത്തിലും പാർട്ടി നേതൃത്വത്തിനെതിരെ രാഘവൻ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നാലെ ഏരിയാ കമ്മിറ്റിയംഗത്വത്തിൽനിന്നും മറ്റു സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്തും നൽകി.
സി.പി.എമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് രാഘവൻ. ഈ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നേരത്തെ തന്നെ രാഘവൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് നൽകിയിരുന്നു. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്രകമ്മിറ്റിയഗം, ഡി.വൈ.എഫ്.ഐ.ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചും പിന്നീട് പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുകയും ചെയ്ത രാഘവൻ സി.പി.എം. സംസ്ഥാന സെക്രട്ടറിയും അഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. രണ്ടു പതിറ്റാണ്ടോളമാണ് കോടിയേരിക്കൊപ്പം പ്രവർത്തിച്ചത്.
തിരുവനന്തപുരത്തെ പ്രവർത്തനം അവസാനിപ്പിച്ച് കാസർകോട് ജില്ലയിലേക്കു മടങ്ങിയ രാഘവന് പാർട്ടി ഏരിയാ കമ്മിറ്റിയിലേക്കെത്താൻ അധികനാൾ വേണ്ടിവന്നില്ല. തൊട്ടുപിന്നാലെയായിരുന്നു കോട്ടച്ചേരി ബാങ്ക് പ്രസിഡന്റ് സ്ഥാനവും നൽകിയത്. ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.),എൻ.എച്ച്.എം.എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും നൽകി.
കാഞ്ഞങ്ങാട് സഹകരണ ആസ്പത്രി ഡയറക്ടറും സി.പി.എം. നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമാണ്. ഏരിയ കമ്മിറ്റിയംഗത്വത്തിൽനിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാത്രമേ നീക്കുന്നുള്ളൂവെന്നും ബാക്കിയെല്ലാ സ്ഥാനങ്ങളിലും രാഘവൻ തുടരുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് രാഘവൻ പറഞ്ഞു.
Content Highlights: CPM leader M. Raghavan removed from Kanhangad Area Committee., Action approved by the district committee and district secretariat for public statements violating party discipline., Resigned from Kotacherry Service Cooperative Bank president post., Will continue in other organisational and trade union responsibilities.
Published: 27 Oct 2026, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented