മുക്കം: പങ്കെടുക്കുന്ന ക്വിസ് മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ. ചൂരൽമല ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ, കുടുക്കയിൽ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃക തീർത്ത കുരുന്ന്. ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ഡയറിയിൽ പകർത്തുന്ന വിദ്യാർഥി. അമനെക്കുറിച്ച് പറഞ്ഞ് തീരുംമുൻപേ അധ്യാപകരുടെ കണ്ണുകൾ ഈറനണിഞ്ഞു, വാക്കുകൾ മുറിഞ്ഞു.
നിനയ്ക്കാതെയെത്തിയ ദുരന്തം
അമൻ നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട അധ്യാപകർക്കും തീരാനോവായി. ചെറുപുഞ്ചിരിയോടെ അരികിലെത്തുന്ന അമൻ, സഹപാഠികൾക്കും അധ്യാപകർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു. ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയിയായിരുന്നു അമൻ.
മാതൃഭൂമി ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ. ഡിസൈനറായ അച്ഛൻ ഷമീഷ് കാവുങ്ങലിന്റെ പാത പിന്തുടർന്ന അമൻ എഴുത്തിലും ചിത്രംവരയിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. വിഷുക്കൈനീട്ടം ഉൾപ്പെടെ കുടുക്കയിലുണ്ടായിരുന്ന തുക ചൂരൽമല ദുരന്തകാലത്ത് അന്നത്തെ എം.എൽ.എയായിരുന്ന ലിന്റോ ജോസഫിന് കൈമാറുകയായിരുന്നു.
അമനും സഹോദരി ഇമയും പിതൃസഹോദരന്റെ രണ്ടു മക്കളും ഓട്ടോറിക്ഷ ഡ്രൈവറുടെ മകനും മാത്രമായിരുന്നു ഓട്ടോറിക്ഷയിലെ സ്ഥിരം യാത്രക്കാർ. അസുഖത്തെത്തുടർന്ന് ഇമ വെള്ളിയാഴ്ച സ്കൂളിൽ പോയിരുന്നില്ല. ഓട്ടോറിക്ഷ ഡ്രൈവറുടെ മകനാണ് സ്ഥിരമായി വലതു വശത്തെ ഡോറിനരികിൽ ഇരിക്കാറുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷയിൽക്കയറിയ അമൻ ഡോറിനരികിൽ ഇരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പുൽപ്പറമ്പിനും വെസ്റ്റ് ചേന്ദമംഗലൂരിനും ഇടയ്ക്ക് ചെറിയ ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് അപകടമുണ്ടാകുന്നത്. ഇവിടം സ്ഥിരം അപകട മേഖലയാണെന്നും സുരക്ഷാസംവിധാനം ഏർപ്പെടുത്തണമെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടി റോഡിൽ തെറിച്ചുവീണത് ഓട്ടോയുടെ വലതുവശത്തെ ഡോറിലൂടെ
വെള്ളിയാഴ്ച ചേന്ദമംഗലൂർ പുൽപ്പറമ്പിനുസമീപത്തുണ്ടായ അപകടത്തിനുകാരണം ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ അബദ്ധത്തിൽ തുറന്നുേപായതാണെന്ന് പ്രാഥമികനിഗമനം. ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ അമന്റെ ശരീരത്തിലൂടെ എതിർദിശയിൽ നിന്നുവന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
സാധാരണമായി ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറക്കാതിരിക്കാൻ താഴ്ഭാഗത്ത് ഒരു പൂട്ടുകൂടി ഉണ്ടാകാറുണ്ട്. ഇതില്ലാതിരുന്നതാണ് ഡോർ തുറക്കാൻ കാരണമായതെന്നാണ് പ്രാഥമികവിവരം. തലയ്ക്ക് ഗുരുതരപരിക്കേറ്റ അമൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടമുണ്ടായ ഓട്ടോയുടെ മുൻപിൽ മറ്റൊരു ഓട്ടോയിൽ അമന്റെ അമ്മ ബിനി പോകുന്നുണ്ടായിരുന്നു. കുട്ടികൾ സഞ്ചരിക്കുന്ന ഓട്ടോയിൽ കയറേണ്ടന്നുകരുതിയാണ് അവർ മറ്റൊരു ഓട്ടോ വിളിച്ചത്.
സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ് ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് അമൻ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപത്തായിരുന്നു അപകടം. ഗവ. മെഡിക്കൽകോളേജിലെ ഹെഡ് നഴ്‌സ് ബിനിയാണ് അമ്മ. മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഇമ.
Published: 25 Jul 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented