മുക്കം: സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ. ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെ മകനും മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയുമായ കെ. അമൻ (ഏഴ്) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപമായിരുന്നു അപകടം.
ഓട്ടോഡ്രൈവറുടെ മകനും അമന്റെ പിതൃസഹോദരന്റെ രണ്ടു മക്കളും മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ അബദ്ധത്തിൽ തുറന്നുപോയതാണെന്ന് കരുതുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ എതിർദിശയിൽനിന്ന് വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സാധാരണയായി ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറക്കാതിരിക്കാൻ താഴ്ഭാഗത്ത് ഒരു പൂട്ട് കൂടിയുണ്ടാകാറുണ്ട്. ഇത് ഇല്ലാതിരുന്നതാണ് ഡോർ തുറക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമന്റെ സഹോദരി ഇമയും ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയും പതിവായി ഇതേ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുമാണ്. എന്നാൽ, അസുഖത്തെത്തുടർന്ന് ഇമ വെള്ളിയാഴ്ച സ്കൂളിൽ പോയിരുന്നില്ല.
ഓമശ്ശേരി സ്വദേശിയായ അസീസാണ് ലോറി ഓടിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂളിമാട് പാഴൂരാണ് അമന്റെ വീട്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ് ബിനിയാണ് മാതാവ്.
Content Highlights: 7-year-old Aman died after falling from an autorickshaw in Chendamangallur., The accident occurred when the autorickshaw's door opened unexpectedly., A truck ran over the child after he fell onto the road., The victim was a student at Manassery Govt UP School., The incident is under investigation following the post-mortem.
Published: 24 Jul 2026, 10:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented