ചേലേമ്പ്ര: കയ്പമംഗലത്തെ കാർ അപകടത്തിന്റെ ചോരപ്പാടുകൾ മായുംമുൻപേ ആറുവരിപ്പാതയിൽ വീണ്ടും രണ്ടുജീവൻ പൊലിഞ്ഞു. രാമനാട്ടുകരയ്ക്കടുത്ത് ഇടിമുഴിക്കലിൽ പുലർച്ചെ, ദിശ തെറ്റിച്ചുവന്ന ചെങ്കൽ ലോറി കാറിലിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

To advertise here,

പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ കാവളകണ്ടി കോട്ടീരി മുഹമ്മദിന്റെ മകൻ ഹാരിസ് (27), കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റ മകൻ ജംഷീർ (31) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന കൂമണ്ണ സ്വദേശികളായ കെ.ടി. ജാബിർ (29), ചെമ്പൻ നടുവില്ലാകണ്ടി ഡോ. മുഹമ്മദ് ഉവൈസ് ചെമ്പൻ (27), കെ.പി. മുസ്സമ്മിൽ (28) എന്നിവർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. ഞായറാഴ്‌ച പുലർച്ചെ മൂന്നോടെ ഇടിമുഴിക്കൽ നിസരി ജങ്ഷനു സമീപത്താണ് അപകടം.

കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കല്ലുമായി വരുകയായിരുന്നു ലോറി. രാമനാട്ടുകര പിന്നിട്ട് ഇടിമുഴിക്കലിൽ എത്തിയതോടെ വഴി തെറ്റിയെന്നു തോന്നി, സഞ്ചരിച്ച പാതയിലിട്ടുതന്നെ ലോറി തിരിച്ച്, മറികടക്കാനുള്ള മൂന്നാം ട്രാക്കിലൂടെ വന്നതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. നിസരി ജങ്ഷനുസമീപത്തെ പോയിന്റിലെത്തി ആറുവരിപ്പാതയിൽനിന്ന് സർവീസ് റോഡിലേയ്ക്കു കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് അതേ ട്രാക്കിലൂടെ കാർ എത്തിയതും നേർക്കുനേർ കൂട്ടിയിടിച്ചതും. പൂർണമായും തകർന്ന കാറിൽനിന്ന് നാട്ടുകാരും പോലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്.

കോഴിക്കോട് ബീച്ചിൽനിന്ന് വീട്ടിലേക്കു മടങ്ങിയ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. തേഞ്ഞിപ്പലം, ഫറോക്ക് സ്റ്റേഷനുകളിൽനിന്നെത്തിയ പോലീസും വാഹനയാത്രക്കാരും അഗ്നിരക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്‌. ഹാരിസായിരുന്നു കാർ ഓടിച്ചത്. ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. റുഖിയയാണ് ഹാരിസിന്റെ മാതാവ്. ഭാര്യ: ഫർസാന. മകൾ: ആയിഷ ഇസ. സഹോദരങ്ങൾ: റഹൂഫ്, റഹീം, റാഹില.

ജംഷീറിന്റെ മാതാവ് നഫീസ. ഭാര്യ: ഫൗസിയ. മക്കൾ: ഫാത്തിമ മിസ്‌രിയ, ആയിഷത്തുൽ ഖുബ്റ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: മൻസൂർ, റസീന, സൗദാബി.

തീരുമാനിക്കാൻ വേണം എട്ടു സെക്കൻഡ്

അതിവേഗയാത്രയ്ക്ക് സൗകര്യമായെങ്കിലും നിരീക്ഷണം കുറയുകയും വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ വർധിക്കുകയും ചെയ്തതോടെ ആറുവരി ദേശീയപാതയിൽ അപകടങ്ങൾ വർധിച്ചു. കുരുതിക്കളമാകുന്ന പാതയിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങളും നിരീക്ഷണങ്ങളും ഇല്ലാത്തതിനാൽ നിരവധിയാളുകൾ ഇതിനകം മരണത്തിനു കീഴടങ്ങി. മാരകമായി പരിക്കേറ്റവർ ചികിത്സയിലുമാണ്. റോഡ് നിയമങ്ങൾ പാലിക്കാത്തത്, അമിതവേഗം, അശ്രദ്ധ തുടങ്ങിയവ അപകടത്തിന്റെ പ്രധാന കാരണങ്ങളാണ്.

അതിവേഗത്തിൽ വാഹനമോടിക്കുന്ന ഡ്രൈവർക്ക് വാഹനത്തിന്റെ മുൻപിൽ 200 മീറ്റർ അകലത്തിൽ കാണുന്ന റോഡിലെ മാറ്റത്തിനനുസരിച്ച് തീരുമാനമെടുക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും എട്ടുസെക്കൻഡ് സമയം മിനിമം വേണമെന്നാണ് വാഹനവകുപ്പ് പറയുന്നത്.

200 മീറ്റർ അകലത്തിൽ കാണുന്ന റോഡിലെ വളവ്, കയറ്റിറക്കങ്ങൾ, നിർത്തിയിട്ട വാഹനങ്ങൾ, ട്രാക്ക് തെറ്റിച്ച് എതിർദിശയിൽവരുന്ന വാഹനങ്ങൾ, റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർ, മൃഗങ്ങൾ തുടങ്ങിയവ കൺമുന്നിൽ കാണുമ്പോൾ ഡ്രൈവർക്ക് വേഗത കുറയ്ക്കുക, ബ്രേക്ക് ചവിട്ടി വാഹനം നിർത്തുക, ട്രാക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് സാധിച്ചെന്നുവരില്ല.

അമിതവേഗത്തിൽ വരുന്നവാഹനം പെട്ടെന്ന് നിർത്താനും ട്രാക്ക് മാറ്റാനും ശ്രമിച്ചാൽ അപകടസാധ്യതയുണ്ട്.

എക്സിറ്റ് കിട്ടിയില്ലെങ്കിൽ അടുത്തത്

ആറുവരിപ്പാതയിൽനിന്ന് പുറത്തുകടക്കാനുള്ള എക്സിറ്റിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ വാഹനം റിവേഴ്‌സ് എടുക്കാനോ തിരിച്ച് എതിർദിശയിൽ ഓടിച്ച് എക്സിറ്റിലേക്കു കടക്കാനോ ശ്രമിക്കുന്നത് അപകടമുണ്ടാക്കും. ഞായറാഴ്ച പുലർച്ചെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടവും അത്തരത്തിലുള്ളതാണ്. യാത്രയ്ക്കിടെ ഒരു വാഹനത്തിൽനിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിക്കയറരുത്. എക്സിറ്റ് വഴി സർവീസ് റോഡിൽ പ്രവേശിച്ചാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ടത്.

കേടുവന്ന വാഹനങ്ങൾ ആറുവരിപ്പാതയിൽ നിർത്തിയിടുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് എട്ടു വിദ്യാർഥികൾ മരിച്ചത്. ജില്ലയിലും ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ട്.

നവീകരിക്കണം പോലീസും വാഹനവകുപ്പും

ആറുവരിപ്പാതയിലെ നിയമലംഘനങ്ങൾ കണ്ടെത്താനും രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള സംവിധാനങ്ങൾ വളരെ പരിമിതമാണ്. പോലീസ്, ഹൈവേ പോലീസ്, എം.വി.ഡി. തുടങ്ങിയ വകുപ്പുകളിലെ സംവിധാനങ്ങൾ വേഗതകൂടിയ ആറുവരിപ്പാതയ്ക്കനുസരിച്ച് നവീകരിക്കപ്പെട്ടിട്ടില്ല. ജില്ലയിൽ രണ്ടു യൂണിറ്റ് ഹൈവേ പോലീസാണ് ഇത്രയുംദൂരത്തിൽ ആറുവരിപ്പാതയിൽ നിരീക്ഷണത്തിനുള്ളത്. ഹെവേ കടന്നുപോകുന്ന ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ തിരക്കുകൾ ഏറെയുണ്ടെന്ന കാരണത്താൽ സ്റ്റേഷനുകളിൽനിന്നുള്ള നിരീക്ഷണങ്ങളൊന്നും കാര്യമായി ഉണ്ടാകാറില്ല.

മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്‍‍മെന്റ് സ്‌ക്വാഡിനെയും മറ്റു പരിശോധനാസംഘങ്ങളെയും ആറുവരിപ്പാതയിൽ കാണുന്നില്ല. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നിർത്തി നിരീക്ഷണം നടത്താനും പരിശോധനകൾ നടത്താനും ആറുവരിപ്പാതയിൽ സുരക്ഷിതസ്ഥലങ്ങളൊന്നും ഇല്ലാത്തത് പോരായ്‌മയാണ്. ഈ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ അത്യാധുനിക സൗകര്യങ്ങളില്ല.

വാഹനങ്ങളുടെ നമ്പർപ്ലേറ്റ് വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ.) ഡാഷ് ക്യാമറകൾ പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വാഹനങ്ങളിൽ ഘടിപ്പിക്കണം. ആറുവരിപ്പാതയിൽ ദേശീയപാത അതോറ്റി സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ അതേസമയംതന്നെ പോലീസിനും മോട്ടോർവാഹന വകുപ്പിനും ലഭ്യമാക്കണം.

അതിവേഗം വേണം പുതുറോഡ് സാക്ഷരത

തൃശ്ശൂരിൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി പൊലിഞ്ഞത് എൻജിനിയറിങ് വിദ്യാർഥികളായ എട്ടുപേരുടെ ജീവൻ. രണ്ടുനാൾക്കിപ്പുറം മലപ്പുറം ഇടിമുഴിക്കലിൽ ആറുവരിപ്പാതയിൽ രണ്ടുയുവാക്കളുടെ ജീവൻകൂടി അവസാനിച്ചിരിക്കുന്നു. അതിവേഗപാതകൾ അപകടപാതകളാകുന്നോ? അശ്രദ്ധയും അബദ്ധചിന്തകളും ബ്രേക്കിടാതെ കുതിക്കുമ്പോൾ അതേ എന്നുമാത്രമാണ് ഉത്തരം. കാലം മാറിയിട്ടും മാറാത്ത റോഡ് സെൻസ്, കാറ്റിൽ പറക്കുന്ന നിയമങ്ങൾ, മതിയായ നിയന്ത്രണ സംവിധാനമില്ലായ്‌മ, അമിതവേഗം, അശ്രദ്ധ..... ചികയുമ്പോൾ അപകടത്തിന്റെ പ്രധാന കാരണങ്ങളിൽ ഇവയെല്ലാം വരിനിൽക്കുന്നു

വേണ്ടേ അതിവേഗമൊരു റോഡ് സെൻസ്

നാൽപ്പതും അൻപതും കിലോമീറ്റർ മാത്രം പരമാവധി വേഗമെടുക്കാൻ കഴിഞ്ഞിരുന്ന റോഡുകളായിരുന്നു നമ്മുടേത്. കവലകളും കച്ചവടങ്ങളും അനധികൃത പാർക്കിങ്ങും അന്ന് നമ്മുടെ വേഗത്തിന് പിന്നെയും കടിഞ്ഞാണിട്ടു. റോഡിൽ അസ്വസ്ഥരായിട്ടും നമ്മൾ ശ്രദ്ധയോടെ കാത്തുനിന്നു; വഴി തുറക്കാൻ, യാത്ര തുടരാൻ.

ഒടുവിൽ നല്ല വഴി തുറന്നു, മണിക്കൂറിൽ 80 കിലോമീറ്ററിന്റെ വേഗവുമായി. ആ വേഗത്തിന് അനുസരിച്ച റോഡ് സെൻസ് എത്രപേരിൽ രൂപപ്പെട്ടു?. അതറിയാൻ പുതിയ ആറുവരിപ്പാതയിൽ സഞ്ചരിച്ചാൽമതി. ലെയ്ൻ ട്രാഫിക്കിന്റെ നഗ്നമായ ലംഘനം നേരിൽക്കാണാം. കുറഞ്ഞവേഗത്തിൽ സഞ്ചരിക്കുന്ന ട്രക്കുകളും അങ്ങനെ സഞ്ചരിക്കേണ്ട ബസുകളും സ്വന്തം ട്രാക്കിൽനിന്നുമാറി അതിവേഗട്രാക്കും ചിലപ്പൊഴൊക്കെ, മറികടക്കാൻ മാത്രമുള്ള മൂന്നാം ട്രാക്കും യാതൊരു കൂസലുമില്ലാതെ കൈയടക്കിയിരിക്കുന്നതു കാണാം.

ട്രാക്കുകളൊന്നും പാലിക്കാതെ വരകൾക്കിടയിലൂടെ കുതിക്കുന്നതും കാണാം. എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ഇതൊക്കെ നിശ്ചയിക്കാൻ ഇവനാരെടാ എന്ന മട്ടിൽ സ്വന്തം താത്പര്യപ്രകാരം കയറിയിറങ്ങുന്നവരെ കാണാം.

പ്രവേശനംപോലും നിഷേധിച്ചിട്ടുള്ള കാര്യമറിയാത്തപോൽ കുതിച്ചുപായുന്ന ഇരുചക്രവാഹനക്കാരെ കാണാം, ഓട്ടോറിക്ഷകളും എന്തിനേറെ ട്രാക്ടറുകളും കാണാം. അനധികൃത കയറ്റിറക്കങ്ങൾ തടയാൻ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ വെച്ചിരുന്ന നിരക്കുറ്റികൾ നിരത്തിനോടുചേർന്ന് ചതഞ്ഞരഞ്ഞു മൂകസാക്ഷിയായിക്കിടക്കുന്നത് കാണാം.

ഇടിമുഴിക്കലിലെ ഞായറാഴ്‌ച

ഇത്തരമൊരു സെൻസില്ലായ്‌മതന്നെയാണ് ഇടിമുഴിക്കലിൽ രണ്ടുയുവാക്കളെ നിത്യനിദ്രയിലാക്കിയത് എന്നാണ് പ്രാഥമികവിവരം. പുലർച്ചെ ചെങ്കല്ലുമായി വന്ന ലോറി വഴിതെറ്റിയെന്ന തോന്നലിൽ ഡ്രൈവർ ആറുവരിപ്പാതയിലിട്ടു തിരിച്ച്, വന്ന വഴിതന്നെ മടങ്ങിയതാണ് അപകടകാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. അതാകട്ടെ മറികടക്കാനുള്ള ട്രാക്കിലൂടെയും. യുവാക്കളായ സുഹൃത്തുക്കൾ സഞ്ചരിച്ച കാർ ഇതേവഴി വന്നതോടെ ലോറിയുമായി കൂട്ടിയിടിച്ചു. വഴിതെറ്റിപ്പോയ ലോറി, മടങ്ങാതെ, നേരേ മുന്നോട്ടുതന്നെ പോയി അടുത്ത എക്സിറ്റ് പോയിന്റിൽ സർവീസ് റോഡിലേക്കു മാറിയിരുന്നെങ്കിൽ, ജീവൻ യാത്ര പറയില്ലായിരുന്നു. അത്തരമൊരു തീരുമാനമെടുക്കാനുള്ള പക്വത തീർച്ചയായും ഇനിയെങ്കിലും സ്റ്റിയറിങ്ങുകളിൽ ഉണ്ടാകേണ്ടതുണ്ട്.

ഓർക്കുക; മലപ്പുറത്ത് 80 മതി

ഇടിമുഴിക്കൽ മുതൽ പൊന്നാനിവരെ നീളുന്നു മലപ്പുറത്തിന്റെ ആറുവരിപ്പാത. മിക്കയിടത്തും 80 കിലോമീറ്റർ വേഗമാണ് പരമാവധി അനുവദിച്ചത്. അതുസംബന്ധിച്ച് സൂചനാബോർഡുകളുണ്ട്. പക്ഷേ, ആര് പാലിക്കും? പല വാഹനങ്ങളും കടന്നുപോകുമ്പോൾ, ആറുവരിപ്പാതയിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ച സ്‌പീഡ് റിഫ്ലക്ടറിൽ തെളിയുന്നത് 90, 100, 110 എന്നൊക്കെയുള്ള അക്കങ്ങളാണ്. അയൽപക്കത്തെ കോഴിക്കോട് ജില്ലയിൽ ചിലയിടത്തൊക്കെ സഞ്ചാര വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആണെന്നതു ശരിതന്നെ. പക്ഷേ, തലപ്പാറയും ഇടിമുഴിയും പോലെയുള്ള വഴിയിലെ വളവുകൾ, കയറ്റിറക്കങ്ങൾ, പാതയുടെ പുതുമ തുടങ്ങിവയെല്ലാം പരിഗണിച്ചാണ് ദേശീയപാത അതോറിറ്റി ഇവിടെ തുടക്കത്തിൽ 80 കിലോമീറ്ററാക്കി നിജപ്പെടുത്തിയത്.

ജീവരക്തമേകാൻ ഇനിയില്ല ഹാരിസും ജംഷീറും

അവശർക്ക് രക്തം ദാനം ചെയ്യാൻ ഇനി ജംഷീറും ഹാരിസുമില്ല. ജില്ലാ പീപ്പിൾസ് രക്തദാനസേനയിൽ അംഗമായിരുന്നു ഇരുവരും. ആർക്ക് എപ്പോൾ വേണമെങ്കിലും സഹായം നൽകാൻ ഓടിനടക്കുന്ന ജീവകാരുണ്യപ്രവർത്തകർ. നാട്ടിലെ എല്ലാ പരിപാടികളിലും സജീവസാന്നിധ്യവുമായിരുന്നവർ. ഞായറാഴ്ച പുലർച്ചെ ദേശീയപാത ഇടിമുഴിക്കലിൽ ദിശ തെറ്റിച്ചുവന്ന ലോറി കാറിലിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരെയും പെരുവള്ളൂരിന് നഷ്ടമായത്. സുഹൃത്തുക്കളായ അഞ്ചുപേരൊന്നിച്ച് നടത്തിയ യാത്ര ജംഷീറിനും ഹാരിസിനും അന്ത്യയാത്രയായി.

നാടിന്റെ നന്മ ആഗ്രഹിച്ച സുഹൃത്തുക്കളും സംഘാടകരുമായിരുന്നു ഇവർ. ഇരുവരും ഏവർക്കും പ്രിയപ്പെട്ടവരായിരുന്നു. ഇവരുടെ വേർപാട് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വലിയൊരു ശൂന്യതയാണ് വരുത്തിയത്. സമസ്‌തയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും സജീവപ്രവർത്തകരാണ് ഇരുവരും.

ജംഷീർ കൂമണ്ണ പൂവത്തൻമാട് ശാഖ എസ്.കെ.എസ്.എസ്.എഫ്. ട്രഷററും നൂസ്റത്തുൽ ഇസ്‍ലാം സംഘം മദ്രസ കമ്മിറ്റി അംഗവുമായിരുന്നു. വൈറ്റ് ഗാർഡ് അംഗവുമാണ്. ഹാരിസ് കോട്ടീരി എസ്.കെ.എസ്.എസ്.എഫ്. ശാഖ വർക്കിങ് സെക്രട്ടറിയും മുസ്‌ലിം യൂത്ത് ലീഗ് പൂവത്തൻമാട് യൂണിറ്റ് മുൻ സെക്രട്ടറിയുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പൂവത്തൻമാട് ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി.