ഇരിട്ടി: ജപ്പാനിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ഹിന്ദു ആചാരപ്രകാരം ജപ്പാനിൽത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു. പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകളാണ് ദേവിക. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-വരെ തന്നോടും ഭാര്യയോടും ഫോണിൽ ഏറെനേരം മകൾ സംസാരിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഇതിനുശേഷം മൂന്ന്, നാല് തീയതികളിൽ ഫോണിൽ വിളിച്ചിട്ട് ദേവികയെ കിട്ടിയില്ല. നാലാം തീയതി ഉച്ചയോടെയാണ് ദേവികയെ കാണാനില്ലെന്ന വിവരം ജപ്പാനിൽനിന്ന് ഇവരെ അറിയിക്കുന്നത്. തുടർന്നാണ് തീവണ്ടിതട്ടി മരിച്ചുവെന്ന വിവരവും കിട്ടുന്നത്. അന്വേഷണങ്ങൾക്കൊടുവിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി ചതഞ്ഞരഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയതായി വിവരം വരുന്നത്. സമീപത്തുനിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡിൽനിന്നാണ് ഇത് ദേവികയാണെന്ന് തിരിച്ചറിയുന്നത്. എന്നാൽ എന്തിനാണ് മകൾ ഇങ്ങിനെ ഒരു കൃത്യത്തിന്‌ മുതിർന്നതെന്ന് അറിയില്ല.

To advertise here,

ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ച ദേവിക അവിടെ നഴ്‌സിങ് കേർ ആയാണ് ജോലിചെയ്തിരുന്നത്. ജോലിസമ്മർദമുണ്ടായിരുന്നുവെന്നും വലിയതോതിൽ വഴക്ക് കേൾക്കുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും തനിക്ക് ഇവിടുത്തെ ജോലി മടുത്തുവെന്നും ദേവിക പറഞ്ഞിരുന്നുവെന്നും അതായിരിക്കാം മരണകാരണമെന്നും പിതാവും ബന്ധുക്കളും പറയുന്നു.

രണ്ടുദിവസത്തിനുള്ളിൽ പോലീസിലും നോർക്കയിലും എംബസിയിലും പരാതി നൽകാനാണ് കുടുംബം ഒരുങ്ങുന്നത്. ചിന്നിച്ചിതറിപ്പോയ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരിക പ്രയാസമായതിനാൽ ജപ്പാനിൽത്തന്നെ സംസ്കരിക്കും. അന്ത്യകർമങ്ങൾക്കായി ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സജീവ് ജോസഫ് എം.എൽ.എ. ദേവികയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.