
തിരുവനന്തപുരം: അവിദഗ്ധ കായികത്തൊഴിലിന് സന്നദ്ധരായ ഗ്രാമീണകുടുംബങ്ങൾക്ക് ഒരു സാമ്പത്തികവർഷം 100 തൊഴിൽദിനങ്ങൾ നൽകുന്ന തൊഴിലുറപ്പുപദ്ധതി എന്നുവരെ രാജ്യത്തുണ്ടാകും? ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട് യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ലക്ഷക്കണക്കിന് സ്ത്രീകളടക്കമുള്ളവരുടെ ഉപജീവനമാർഗമായതുകൊണ്ടാണ് ഭേദഗതിബില്ലിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ ചോദ്യം വലിയ ആശങ്കയുണ്ടാക്കുന്നത്.
സമയത്ത് കൂലിനൽകാൻ പണംകൊടുക്കാതെയും ബജറ്റ് വെട്ടിക്കുറച്ചും തൊഴിലുറപ്പിനെ ഇല്ലാതാക്കാൻ ബിജെപി സർക്കാൻ നടത്തുന്ന നീക്കം പൂർണമായെന്നാണ് സംസ്ഥാനസർക്കാരിന്റെ ആരോപണം.
ബജറ്റ് വെട്ടിക്കുറയ്ക്കൽ
2021-22ൽ 7.5 കോടിയുടെയും 2022-23 മുതൽ 2024-25 വരെ ആറുകോടിയുടെയും 2025-26ൽ അഞ്ചുകോടിയുടേതുമായിരുന്നു ലേബർ ബജറ്റ്. 2023-24ൽ 10.5 കോടി തൊഴിൽദിനങ്ങളാക്കി കേന്ദ്രം പിന്നീട് അനുമതി നൽകി. കഴിഞ്ഞവർഷം ആറുകോടി തൊഴിൽദിനങ്ങൾ അനുവദിച്ചപ്പോൾ സംസ്ഥാനം നൽകിയത് 9.07 കോടിയാണ്. ഇത്തവണ അഞ്ചുകോടി അനുവദിച്ചപ്പോൾ കേരളം ഇതിനകം നൽകിയത് 5.53 കോടിയും. പുതിയ ബിൽപ്രകാരം ഇക്കൊല്ലത്തെ അധികച്ചെലവ് കേന്ദ്രം നൽകില്ല.
പഞ്ചായത്തുകൾ പുറത്താകും?
തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നുപറയുമ്പോഴും ഏതൊക്കെ പഞ്ചായത്തിൽ വേണമെന്ന് കേന്ദ്രം തീരുമാനിക്കുമെന്ന വ്യവസ്ഥയെയും സംസ്ഥാനം എതിർക്കുന്നു. ഇത് കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന പഞ്ചായത്തുകൾക്കായി ദുരുപയോഗംചെയ്യുമോയെന്നും സംശയിക്കുന്നു. സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിനുപുറമേ കൊണ്ടുവരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ കേന്ദ്രത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്നാണ് മറ്റൊരു കുറ്റപ്പെടുത്തൽ. നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ഇതുവരെ വേതനവിതരണത്തെ ബാധിച്ചിരുന്നില്ല. പുതിയനിയമപ്രകാരം ഫണ്ട് തടയാം.
സാമ്പത്തികാഘാതം എങ്ങനെ?
ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയത് 100 തൊഴിൽദിനങ്ങൾ ലഭ്യമാക്കുകയും തൊഴിൽ അവകാശമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് തൊഴിലുറപ്പ് പദ്ധതി. ഈ ആശയംതന്നെ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്നാണ് കുറ്റപ്പെടുത്തൽ. തൊഴിലാളികളുടെ തൊഴിലാവശ്യം എത്രയാണോ അതനുസരിച്ച് നൽകാൻ സംസ്ഥാനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം സംസ്ഥാനത്തിനുള്ള സാമ്പത്തികവർഷത്തെ വിഹിതം വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കും. ഇതിനുപുറത്തുവരുന്ന ചെലവ് സംസ്ഥാനം വഹിക്കണം. ഇനിയങ്ങോട്ട് അധിക തൊഴിൽദിനങ്ങളുടെ ബാധ്യത പൂർണമായും സംസ്ഥാനത്തിനാകും.
ഇനി അധികം തൊഴിൽദിനങ്ങൾ നൽകാനാവില്ലെന്നർഥം. വർഷം ശരാശരി 4000 കോടിയാണ് സംസ്ഥാനത്ത് ചെലവുവരുന്നത്. പുതിയ വ്യവസ്ഥയിൽ എല്ലാ ചെലവിന്റെയും 40 ശതമാനമാണ് സംസ്ഥാനം വഹിക്കേണ്ടിവരുക.
Content Highlights: MGNREGA Reforms: Kerala Raises Concerns Over Funding Cuts and Program Impact
Published: 17 Dec 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented