കണ്ണൂർ: ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ചിന്തയ്ക്കെതിരേ പ്രവർത്തിക്കുന്നവരെ ദിമാഗി നക്സലൈറ്റുകളാക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. ഒരുതരത്തിലുള്ള പ്രതിരോധത്തെയും ഇന്നത്തെ ഭരണകൂടം അംഗീകരിക്കുന്നില്ല. ജനാധിപത്യം ഭീഷണിയിലാണ്. ഒരു പാർട്ടിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽനിന്ന്‌ ജയിച്ചവർ ആ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക്‌ പോകുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ 20 എം.പി.മാർ പാർട്ടി വിട്ടുപോയി. ആം ആദ്മി പാർട്ടിയുടെ ഏഴ് എം.പി.മാർ പോയി. ചരിത്രം വളച്ചൊടിച്ച് ഗാന്ധിജിയെയും നെഹ്‌റുവിനെയും തമസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറശ്ശിനിക്കടവ് പി.ആർ. നഗറിൽ ആർജെഡി സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ് കുമാർ.

To advertise here,

രാജ്യസ്നേഹം എന്നത് മോദിക്കൂറ് എന്നതാണ് ഇന്നത്തെ സ്ഥിതി. ബി.ജെ.പി.യെയോ മോദിയെയോ എതിർത്താൽ രാജ്യദ്രോഹികളാകും. ഇ.ഡിയും സി.ബി.ഐ

യും ഇൻകംടാക്‌സും പിറകെ പോകും. അതിന് പിന്നാലെ നേതാക്കളെല്ലാം ബി.ജെ.പി.യിലേക്ക് ചേരും. അസമിലും മഹാരാഷ്ട്രയിലും ബംഗാളിലും അതല്ലേ നടന്നത്. അവരൊക്കെ പിന്നീട് മുഖ്യമന്ത്രിമാരായി. ജനങ്ങളോട് തുറന്നുപറയേണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കുന്നതാണ് യഥാർഥ ജനാധിപത്യം. ജനാധിപത്യത്തിൽ വോട്ടർമാരാണ് സർക്കാരിനെ തിരഞ്ഞെടുക്കേണ്ടത്. വോട്ടർമാരെ നിശ്ചയിക്കേണ്ടത് സർക്കാരാണ്. അത് ഇവിടെ നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പുതിയ തലമുറയിൽപ്പെട്ടവർ അരാഷ്ട്രീയവാദികളാണെന്നൊരു വാദമുണ്ട്. അത് ശരിയല്ല. അവർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ജന്തർ മന്തറിൽ അവരത് തെളിയിച്ചു. ആവശ്യം അംഗീകരിച്ച് കിട്ടുന്നതുവരെ അവർ എല്ലാ വെല്ലുവിളികളും നേരിട്ട് പ്രക്ഷോഭം തുടർന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണയാണ് അവർക്ക് ലഭിച്ചത്. പുറത്തുനിന്നുള്ള പിന്തുണയെ വിദേശസഹായമെന്നാണ്‌ അവർ വ്യാഖ്യാനിച്ചത്‌. രാജ്യത്ത്‌ 95,000-ത്തോളം സ്കൂളുകൾ അടച്ചുപൂട്ടി. ജെൻ ആൽഫയിൽപെട്ട സ്കൂൾകുട്ടികൾ നിരത്തിലിറങ്ങി. പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചു. സാധാരണക്കാർ ഭരണകൂടത്തെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രത്യാശയുടെ കിരണങ്ങൾ തെളിയാൻ തുടങ്ങിയിട്ടുണ്ടെന്നും ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ വി. കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, യൂജിൻ മാറെലി, ഡോ. വറുഗീസ് ജോർജ്, സംസ്ഥാന പാർലമെന്ററി ബോർഡ് ചെയർമാൻ എൻ.എം. നായർ, മഹിളാദൾ പ്രസിഡന്റ് ഒ.പി. ഷീജ, യുവജനതാദൾ പ്രസിഡന്റ് പ്രബീഷ് ആദിയൂർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.

ആദ്യ സെഷനിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ‘സാമൂഹികനീതിയുടെ രാഷ്ട്രീയം’ എന്ന വിഷയം അവതരിപ്പിച്ചു. സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു.

നേതൃക്യാന്പിൽ ഇന്ന്‌

ശനിയാഴ്ച രാവിലെ ഒൻപതിന് ‘വിദ്യാർഥി-കർഷക പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയരാഷ്ട്രീയം’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം.പി. പ്രഭാഷണം നടത്തും. 11-ന് ‘താഴെത്തട്ടിൽനിന്ന് പാർട്ടിസംവിധാനം കെട്ടിപ്പടുക്കൽ’ എന്ന വിഷയം ആർജെഡി ദേശീയ എക്‌സിക്യുട്ടീവ് അംഗം മനയത്ത് ചന്ദ്രൻ അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2.30-ന് ‘സാമൂഹികമാധ്യമങ്ങളിലെ നിലവിലെ പ്രവണതകളും സർഗാത്മക സാധ്യതകളും’ എന്ന വിഷയത്തിൽ എം.എസ്. ദേവിക പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് ‘കൃത്രിമബുദ്ധി: സമൂഹത്തിലെ ഭാവിസ്വാധീനം’ എന്ന വിഷയം ഷാജൻ സി. കുമാർ അവതരിപ്പിക്കും.