
ന്യൂഡൽഹി: ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന പുതിയ ഭേദഗതിബിൽ നിയമക്കുരുക്കിലേക്ക്. ഭരണഘടനപ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയ അധികാരത്തെയാണ് വെറുമൊരു നിയമനിർമാണത്തിലൂടെ മറികടക്കാൻ കേന്ദ്രം ശ്രമിച്ചിരിക്കുന്നതെന്നാണ് വാദം.
ഇതിനെതിരേ നിയമനടപടിയെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിനുപിന്നാലെ, ധാതുക്കളുടെ കലവറയായ ഝാർഖണ്ഡിലെ സർക്കാരും എതിർപ്പുമായെത്തി. ബില്ലിനകത്തെ ഗുരുതരപിഴവ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞദിവസം ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ കത്തയച്ചു. കേന്ദ്രം പിൻവാങ്ങുന്നില്ലെങ്കിൽ ഝാർഖണ്ഡ്, കോടതിയെ സമീപിച്ചേക്കാം.
ഭരണഘടനയിലെ സംസ്ഥാനപട്ടികയിലെ 49-ാം ഇനം അനുസരിച്ച്, കുഴിച്ചെടുക്കുന്ന ധാതുക്കളുടെ മൂല്യവും അളവുമുൾപ്പെടെ കണക്കാക്കി അതത് സംസ്ഥാനത്തിന് നികുതിയീടാക്കാം. ഈ അധികാരം 2024 ജൂലായ് 25-ലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിൽ ശരിെവച്ചിരുന്നു. എന്നാൽ, 50-ാം ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിയധികാരത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാൻ പാർലമെന്റിന് സാധിക്കുമെന്നും ഇതേ കോടതിവിധി ചൂണ്ടിക്കാട്ടി. ഈ പഴുതുപയോഗിച്ചാണ് ഇപ്പോൾ കേന്ദ്രം ബിൽ പാസാക്കിയിരിക്കുന്നതെന്നാണ് സൂചന.
എന്നാൽ, ഭരണഘടനാ ഇനം (എൻട്രി) 50 പ്രകാരമുള്ള പാർലമെന്റിന്റെ അധികാരം ഇനം 49 പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന അധികാരത്തെ മറികടന്നുപോകരുതെന്നും സുപ്രീംകോടതി അന്നത്തെ വിധിയിൽ നിർദേശിച്ചിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞാണിപ്പോൾ അധികാരം നിയന്ത്രിക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ഹേമന്ദ് സോറൻ ചൂണ്ടിക്കാട്ടിയത്. അല്ലാതെ 1957-ലെ ഖനികളും ധാതുക്കളും വികസനവും നിയന്ത്രണവും എന്ന മൂലനിയമത്തിൽ ഭേദഗതി വരുത്തിയതുകൊണ്ടുമാത്രം സാധിക്കില്ലെന്നാണ് അനുമാനം.
ഒഡിഷയ്ക്കും ഝാർഖണ്ഡിനും വൻ വരുമാനനഷ്ടം
:ഝാർഖണ്ഡിൽ വർഷം 11,000 കോടി രൂപയുടെ വരുമാനമാണ് പുതിയ ബില്ലിലൂടെ നഷ്ടമാകുകയെന്ന ആശങ്ക ഹേമന്ദ് സോറൻ പങ്കുെവച്ചു. ഒഡിഷയ്ക്കും ഏതാണ്ട് അത്രതന്നെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷകക്ഷിയായ ബിജു ജനതാദൾ ചൂണ്ടിക്കാട്ടുന്നത്. മുൻ മുഖ്യമന്ത്രി നവീൻ പട്‌നായികും ഈ ആശങ്ക ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
തീരമേഖലയിൽ കരിമണൽനിക്ഷേപമുള്ള കേരളം കെ.എം.എം.എൽ. അടക്കമുള്ള സ്ഥാപനങ്ങളിൽനിന്നും മറ്റുമായി നികുതിയീടാക്കുന്നുണ്ട്. ബജറ്റിൽ ഇക്കുറി കേരളത്തിൽ ഈയിനത്തിൽ കണക്കാക്കിയിരിക്കുന്ന പ്രതീക്ഷിത നികുതിവരവ് 763 കോടിയാണ്.
Content Highlights: Centre's new amendment bill to regulate state mining taxes and cesses faces severe legal challenges., Jharkhand Chief Minister Hemant Soren wrote to PM Modi pointing out serious flaws in the bill., The bill could cause an annual revenue loss of around 11,000 crores for states like Jharkhand and Odisha., Supreme Court's previous nine-judge bench verdict affirmed states' power to levy taxes under Entry 49.
Published: 16 Aug 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented