തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റേയും (ഇപിഎഫ്) എംപ്ലോയീസ് പെൻഷൻ സ്‌കീമിന്റേയും (ഇപിഎസ്) നിർബന്ധിത കവറേജിനുള്ള വേതനപരിധി ഉയർത്തി കേന്ദ്രസർക്കാർ. നിലവിലെ 15,000 രൂപ എന്ന പരിധി 25,000 രൂപയായാണ് ഉയർത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ തീരുമാനത്തോടെ കൂടുതൽ തൊഴിലാളികൾ ഇപിഎഫ്ഒയുടേയും ഇപിഎസ്സിന്റേയും പരിരക്ഷയിൽ ഉൾപ്പെടും. അടിസ്ഥാന ശമ്പളവും (ബേസിക് പേ) ക്ഷാമബത്തയും (ഡി.എ) കൂട്ടിയാൽ കിട്ടുന്ന തുകയാണ് സാധാരണയായി പി.എഫ് നിശ്ചയിക്കുന്നതിനുള്ള വേതനമായി കണക്കുകൂട്ടുന്നത്. പുതിയ തീരുമാനം നടപ്പാവുന്നതോടെ സർക്കാരിന് പ്രതിവർഷം 11,339 കോടി രൂപയോളം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
വേതന പരിധി 25,000 ആയി പരിധി ഉയർത്തുന്നതിലൂടെ 15,000-നും 25,000-നും ഇടയിൽ വരുന്ന വേതനവിഭാഗത്തെയും നിർബന്ധിത സാമൂഹിക സുരക്ഷാ പരിധിയിൽ ഉൾപ്പെടുത്തുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പരിധി ഉയർത്താനുള്ള തീരുമാനം കേന്ത്രമന്ത്രിസഭ അംഗീകരിച്ചത്. ഇപിഎഫിനും ഇപിഎസ്സിനും പുറമെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) പരിരക്ഷയും കൂടുതൽ തൊഴിലാളികൾക്ക് ലഭിക്കും.
2014-ൽ നരേന്ദ്ര മോദി സർക്കാർ തന്നെയാണ് ഇപിഎഫ് പരിധി 15,000 രൂപയാക്കി ഉയർത്തിയത്. അതിന് മുമ്പ് 6500 രൂപയായിരുന്നു പരിധി. പിന്നീട് 12 വർഷത്തിനിപ്പുറമാണ് പരിധി വീണ്ടും വർധിപ്പിക്കുന്നത്. പുതിയ തീരുമാനത്തോടെ ഏകദേശം 51 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് കൂടി ഇപിഎഫിന്റെ ഗുണം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. വിശ്വകർമ ജയന്തി ദിനമായ വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
Content Highlights: The Union Government raised the mandatory EPF and EPS wage limit from ₹15,000 to ₹25,000. Union Minister Ashwini Vaishnaw announced the decision, which will bring over 51 lakh employees under social security coverage.
Published: 16 Sept 2026, 05:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented