ചേർത്തല: സ്‌കൂട്ടറിനു കടന്നുപോകാൻ വശം കൊടുത്തില്ലെന്ന തർക്കത്തിന്റെ പേരിൽ പോലീസുകാരൻ കെ.എസ്. ആർ.ടി.സി. ബസിന്റെ ഡ്രൈവറെ ആക്രമിച്ച് പ്രധാന കണ്ണാടി തകർത്തതായി പരാതി. ചേർത്തല സ്റ്റാൻഡിൽ രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയായിരുന്നു അക്രമം.

To advertise here,

കെ.എസ്.ആർ.ടി.സി. ഡ്രൈവറും കണ്ടക്ടറും ചേർന്നു പോലീസിൽ പരാതി നൽകി. ദേശീയ പാതയിൽ മതിലകം മുതൽ സ്‌കൂട്ടർ ബസിനു മുന്നിൽ തടസ്സമുണ്ടാക്കുന്നതരത്തിൽ ഓടിച്ചതായി ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കമാണ് പരാതി നൽകിയത്.

തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിനു നേരെയായിരുന്നു അക്രമം. ഇതേത്തുടർന്ന് സർവീസ് ചേർത്തലയിൽ അവസാനിപ്പിച്ചു. ഡ്രൈവർ മഹാദേവനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതു മാത്രമാണെന്നാണ് പോലീസുകാരൻ പറയുന്നത്.