ഇരിട്ടി: കെ.എസ്.ആർ.ടി.സി.യെ സ്നേഹിക്കുകയും സേവകനായും അരനൂറ്റാണ്ടുകാലം ഇരിട്ടി നഗരത്തിന്റെ ഭാഗമായ തണലോട്ട് ഹംസ എന്ന ആനവണ്ടി ഹംസ വിടവാങ്ങിയത് ഇരിട്ടിയിൽ കെ.എസ്.ആർ.ടി.സി. സബ് സ്റ്റേഷൻ എന്ന സ്വപ്നം ബാക്കിയാക്കി.

To advertise here,

ചുമട്ടുതൊഴിലാളിയായി ദീർഘകാലം ഇരിട്ടി ടൗൺ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തൊഴിലെടുത്തിരുന്ന ഹംസ ആനവണ്ടി എന്നറിയപ്പെടുന്ന കെ.എസ്ആർ.ടി.സി. ബസിന്റെ ആരാധകൻ കൂടിയായിരുന്നു.

ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി. റൂട്ട് സംബന്ധിച്ചും സമയ പട്ടിക സംബന്ധിച്ച വിവരങ്ങളും നൽകിയിരുന്നത് ഹംസയാണ്.

കെ.എസ്.ആർ.ടി.സി. ബസിനെ സ്നേഹിച്ചിരുന്ന ഹംസ അറിയപ്പെട്ടിരുന്നത് "ആനവണ്ടി ഹംസ " എന്ന വിളിപ്പേരിലായിരുന്നു.

കെ.എസ്.ആർ.ടി.സി. യോടുള്ള ഹംസയുടെ താൽപ്പര്യം പരിഗണിച്ച് വിവാഹത്തിന് സൗജന്യമായി കെ.എസ്.ആർ.ടി.സി. ബസ് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ കെ.എസ്.ആർ.ടി.സി. അധികൃതർ കണ്ണൂർ ഡിപ്പോയിൽ ബസ് ക്ലീനിങ് ജോലി നൽകിയിട്ടും ഹംസ സ്നേഹത്തോടെ നിരസിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ വകുപ്പുമേധാവികളിൽ ഭൂരിഭാഗം പേരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വകുപ്പു മേധാവികൾ ഇരിട്ടി ഭാഗത്ത് എത്തിയാൽ ഹംസയെക്കണ്ട് പരിചയം പുതുക്കിയും സൗഹൃദം പങ്കിട്ടും മാത്രമേ തിരികെ പോകാറുള്ളൂ.

ഇരിട്ടി പയഞ്ചേരി മുക്കിൽ കെ.എസ്.ആർ.ടി.സി.യുടെ ഒരു സബ് ഡിപ്പോ ആരംഭിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ ഉണ്ടായ പ്രഖ്യാപനത്തിൽ
ഏറെ സന്തോഷിച്ചിരുന്നത് ഹംസയായിരുന്നു. അതിനായി നിരന്തരം വകുപ്പുമേധാവികളുമായി ആശയവിനിമയം നടത്തിയിരുന്നു.

സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ളവരും കെ. എസ്.ആർ.ടി.സി. ജീവനക്കാരും ഉദ്യോഗസ്ഥരും വകുപ്പുമേധാവികളും ജനപ്രതിനിധികളും ഉൾപ്പെടെ നുറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ കാക്കയങ്ങാട് ഓട്ടമരത്തിലെ വീട്ടിലെത്തി.