കൊച്ചി: വ്യവസായ മേഖലയായ ഏലൂരിൽ അന്തരീക്ഷ വായുഗുണനിലവാരം (AQI) തുടർച്ചയായി ആശങ്കാജനകമായ നിലയിൽ തുടരുന്നു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി.) ഒക്ടോബർ ഒന്നുമുതൽ ആറുവരെയുള്ള ഔദ്യോഗിക കണക്കുകൾപ്രകാരം, ഒക്ടോബർ 3-ന് ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഏലൂരിലെ വായുനിലവാരം ‘മോഡറേറ്റ്’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 1 - 6 വരെ ഏലൂരിലെ പ്രതിദിന വായുനിലവാരം
(കെ.എസ്.പി.സി.ബി. ഡേറ്റ)
ഒക്ടോബർ 1: AQI 110 (Moderate)
ഒക്ടോബർ 2: AQI 122 (Moderate)
ഒക്ടോബർ 3: AQI 92 (Satisfactory)
ഒക്ടോബർ 4: AQI 110 (Moderate)
ഒക്ടോബർ 5: AQI 107 (Moderate)
ഒക്ടോബർ 6: AQI 122 (Moderate)
ദേശീയ മാനദണ്ഡമനുസരിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് 0-50 വരെയാണ് ഏറ്റവും അനുയോജ്യം. 51-100വരെ 'തൃപ്തികരമായത്' എന്നാണ് കണക്കാക്കുന്നത്. എന്നാൽ 101 മുതൽ 200 വരെയുള്ള വായുനിലവാരം ‘മിതമായ’ (മോഡറേറ്റ്) തോതിലാണ് ഉൾപ്പെടുന്നത്. വായുവിന്റെ ഗുണനിലവാരം പൂർണമായി സുരക്ഷിതമല്ലെങ്കിലും ഡൽഹിപോലുള്ള മെട്രോ നഗരങ്ങളിലേതുപോലെ അതിരൂക്ഷമായ അവസ്ഥയല്ല.
ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ, ആസ്ത്മ ബാധിതർ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ മുൻകരുതലെടുക്കുന്നത് നന്നായിരിക്കും. അന്താരാഷ്ട്ര ബെർക്ക്ലി എർത്ത് പഠനമാതൃകകൾ പ്രകാരം, 122 AQI ഉള്ള വായുവിൽ 24 മണിക്കൂർ കഴിയുന്നത് ഏകദേശം 1 മുതൽ 1.5വരെ സിഗററ്റുകൾ വലിക്കുന്നതിന് തുല്യമായ ശ്വാസകോശ ആഘാതം ഉണ്ടാക്കാം.
വ്യാവസായിക മേഖലയായ ഏലൂരിൽ ഫാക്ടറികളിൽനിന്നും ഉത്പാദന യൂണിറ്റുകളിൽനിന്നും പുറന്തള്ളപ്പെടുന്ന വാതകങ്ങളും പുകയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണ് വായുഗുണനിലവാരം താഴാൻ പ്രധാന കാരണം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾപ്രകാരം സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയ ഘടകങ്ങളുടെ സാന്നിധ്യം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലായി കാണപ്പെടുന്നു. ഒക്ടോബറിലെ ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏലൂരിൽ കാർബൺ മോണോക്സൈഡിന്റെ അളവ് ഉയർന്നതായി കാണാൻ സാധിക്കും.
തിരുവനന്തപുരം (പ്ലമൂട് AQI 25-30), തൃശൂർ (AQI 52-53), കണ്ണൂർ (AQI 76-95) എന്നിവിടങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ വ്യാവസായിക മേഖലയിലാണ് ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയത്.
Content Highlights: Eloor's AQI remained in the 'Moderate' category for most days between October 1 and 6., Industrial emissions are the primary cause of air quality deterioration in the area. Air pollution levels in Eloor are higher compared to Thiruvananthapuram, Thrissur, and Kannur.
Published: 16 Oct 2026, 07:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented