
പൂവത്തിളപ്പ്(കോട്ടയം): തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദർശിക്കാനെത്തിയ മന്നം ബാലസമാജത്തിലെ കുഞ്ഞുങ്ങളെ ഈ സ്ഥാപനത്തിലെ ഒരുസംഘം വിദ്യാർഥികൾ അവഹേളിച്ച് തിരിച്ചയച്ചു. 215-ാം നമ്പർ പാമ്പാടി എൻ.എസ്.എസ്. കരയോഗത്തിന്റെ മന്നം ബാലസമാജത്തിലെ 35 കുട്ടികളെയും ഒപ്പമെത്തിയ അഞ്ച് ഭാരവാഹികളെയുമാണ് സ്റ്റുഡൻറ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആക്രോശിച്ചുകൊണ്ട് തിരിച്ചയച്ചത്. സിനിമയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിപ്പിക്കുന്ന സംസ്ഥാനസർക്കാർ സ്ഥാപനമാണിത്.
എല്ലാ ശനിയാഴ്ചയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അവസരമുണ്ട്. അനുമതി നേടിയശേഷമാണ് ശനിയാഴ്ച ബാലസമാജം കുട്ടികളും ഭാരവാഹികളും ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഇവർക്കായി ആമുഖക്ലാസ് നടക്കുന്നതിന് ഇടയിൽ ഒരു സംഘം എതിർപ്പുമായി എത്തുകയായിരുന്നു. സമുദായ സംഘടനയുടെ പേരിൽ ഇവിടെ സന്ദർശനം നടത്താൻ പറ്റില്ലെന്ന് അവർ വാദിച്ചു. കരയോഗം ഭാരവാഹികൾ, അനുമതി അടക്കം ചൂണ്ടിക്കാണിച്ചതോടെ തർക്കമായി. ഒടുവിൽ, ബാലസമാജം അംഗങ്ങൾക്കും അവരെ കൊണ്ടുവന്നവർക്കും സന്ദർശനം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നു.
മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ എത്തിയതെന്നും അവർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം രേഖപ്പെടുത്തുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് പ്രതികരിച്ചു. സംഭവത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻറ്സ് കൗൺസിൽ സെക്രട്ടറി വിപിനെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
കൂടിയാലോചനകൾക്കുശേഷം പോലീസിനും ബാലാവകാശ കമ്മിഷനും പരാതി നൽകുമെന്ന് കരയോഗം സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു. കുട്ടികളെ തടഞ്ഞത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും ബാലാവകാശ നിയമപ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് എൻ. ഹരി പറഞ്ഞു.
ബാലസമാജം കുട്ടികളെ അധിക്ഷേപിച്ചത് അപലപനീയം -എൻ.എസ്.എസ്.
കോട്ടയം: അധികാരികളുടെ അനുമതി ഉണ്ടായിട്ടും യാതൊരു ന്യായീകരണവുമില്ലാതെ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ പാമ്പാടി 215-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിന്റെ മന്നം ബാലസമാജത്തിലെ കുട്ടികളെ സ്ഥാപനത്തിൽനിന്ന് ഇറക്കിവിട്ടതിൽ കോട്ടയം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു.
കുട്ടികൾ അവധിക്കാല പഠനക്യാമ്പിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാറുണ്ട്. അതിന്റെ ഭാഗമായി സ്ഥാപന അധികാരികളുടെ അനുമതിയോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചത്. ഈ അവസരത്തിൽ അധികൃതർ നയിച്ച പഠനക്ലാസിൽ പങ്കെടുത്തവരെ, സമുദായ സംഘടനയുടെ കുട്ടികളെന്ന് ആക്ഷേപിച്ച് കോളേജ് യൂണിയൻ ഭാരവാഹികൾ എന്നവകാശപ്പെടുന്ന ഏതാനും വിദ്യാർഥികൾ ഇറക്കിവിടുകയായിരുന്നു. ബാലസമാജം കുട്ടികൾ സ്ഥാപനത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് മുദ്രാവാക്യം വിളികളോടെ ആവശ്യപ്പെടുകയുംചെയ്‌തു. ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ കോളേജ് യൂണിയൻ ഭാരവാഹികളെ തടസ്സപ്പെടുത്തിയെങ്കിലും സമരക്കാർ അതൊന്നും ചെവിക്കൊണ്ടില്ല.
ഇവർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്‌ണൻ നായർ, വൈസ് പ്രസിഡൻ്റ് പി. മധു, പാമ്പാടി മേഖലാ കൺവീനർ കെ.ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Mannam Balasamajam children were expelled from KR Narayanan Film Institute during an authorized visit., The incident occurred despite the group having official permission for the campus tour., Institute Director Sunny Joseph suspended the Student Council Secretary involved in the incident., NSS Taluk Union and political leaders have demanded strict legal action against the perpetrators., The incident has sparked widespread protest regarding the treatment of children in educational institutions.
Published: 17 May 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented