
ചേർത്തല: പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ ജില്ല നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്നു വിമർശമുയർത്തുന്ന നന്മമരങ്ങൾ വളരേണ്ടെന്നും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് അടക്കമുള്ളവരെ പേരെടുത്തുപറയാതെ വിമർശിച്ചായിരുന്നു യോഗം.
കർഷകസംഘം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ല കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ല കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുള്ള യോഗത്തിലായിരുന്നു ചർച്ച. ആമുഖപ്രസംഗം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിഷയത്തിൽ ആഞ്ഞടിച്ചത്.
പാർട്ടി ഇതിനുമുൻപും തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. അതിൽനിന്നു ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്. ജി. സുധാകരനടക്കം പാർട്ടിയിൽനിന്നു പുറത്തുപോയവർ അവരെത്തിപ്പെട്ട ഇടങ്ങൾ നന്നാക്കിയാൽ മതി. പാർട്ടിയെ നന്നാക്കാൻ വരേണ്ടാ. അതിനുള്ളശേഷി പാർട്ടിക്കും അംഗങ്ങൾക്കും നേതാക്കൾക്കുമുണ്ട്. സുധാകരൻ നയിച്ചപ്പോൾ ജില്ലയിൽ പാർട്ടി തോറ്റിട്ടുണ്ട്. സുധാകരനുൾപ്പെടെയും തോറ്റിട്ടുണ്ട്.
പാർട്ടിയിൽനിന്ന് എല്ലാം നേടിയശേഷം പുതിയ അധികാരത്തിനായി പുറത്തുപോയവരെപ്പോലെ പാർട്ടിക്കുള്ളിൽ ചില നന്മമരങ്ങൾ വെളിപ്പെടുത്തലുകളുമായി ഇറങ്ങിയിട്ടുണ്ട്. അവരെയും ശ്രദ്ധിക്കണം. ഇല്ലാത്ത വിഷയങ്ങൾ ഉണ്ടെന്നുകാട്ടി മാധ്യമങ്ങൾക്കുമുന്നിൽ എങ്ങനെയും ആളാകാനുള്ള നീക്കങ്ങളാണിത്.
പാർട്ടിപ്രശ്നങ്ങൾ അംഗങ്ങളാണു ചർച്ചചെയ്യുന്നത്. പുറത്തുപോയവരും മാധ്യമങ്ങളുമല്ല. എല്ലാ വിഷയങ്ങളും പാർട്ടി എല്ലാഘടകങ്ങളിലും ചർച്ചചെയ്തു തിരുത്തേണ്ടതുതിരുത്തി ജനങ്ങൾക്കിടയിൽ ശക്തമായി തുടരുമെന്ന സജി ചെറിയാന്റെ പ്രസംഗത്തെ പിന്തുണച്ചായിരുന്നു തുടർച്ചർച്ചകൾ. അജൻഡയിലില്ലാതിരുന്ന വിഷയത്തിലെ പ്രസംഗം കൈയടിയോടെയാണു സ്വീകരിച്ചത്.
Published: 07 Sept 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented