
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ നടപടി. എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. രമ്യാ ഹരിദാസിനും ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തിനും എതിരേ നടപടിക്ക് സാധ്യതയുണ്ട്.
എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതരമായ അച്ചടക്കലംഘനമാണ് ഇരുവിഭാഗവും നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എം.എൽ.എ. അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും കണ്ടെത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പോസ്റ്റിട്ടതാണ് സജാദിനെ പുറത്താക്കാൻ കാരണം. പാലക്കാട്ടുകാരനായ പാളയം പ്രദീപ് ചിറയിൻകീഴിലെ പാർട്ടി യോഗങ്ങളിലും ഔദ്യോഗിക യോഗങ്ങളിലും പങ്കെടുക്കുന്നത് ശരിയല്ല. അനധികൃത ഇടപെടലുകൾക്കും സംഘർഷത്തിന് കാരണക്കാരനായതിനാലുമാണ് സസ്പെൻഷൻ.
എല്ലാവരുടെയും വിശദീകരണം കേട്ടശേഷമാണ് നടപടി. പ്രദീപ് വിശദീകരണം നൽകാനെത്തിയില്ല. പ്രദീപിന്റെ ഇടപെടലിൽ പ്രദേശിക നേതാക്കൾ കടുത്ത പ്രതിഷേധമാണ് സമിതിയെ അറിയിച്ചത്. എം.എൽ.എ.യ്ക്കെതിരേ വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് മറുവിഭാഗവും ആരോപണം ഉന്നയിച്ചിട്ടുണ്ട്്.
അവമതിപ്പുണ്ടായി-കെ. മുരളീധരൻ
നേതാക്കൾ തമ്മിലടിച്ചത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ആവർത്തിക്കാതിരിക്കാൻ നോക്കണമെന്നും മന്ത്രി കെ. മുരളീധരനും പറഞ്ഞു.
പാളയം പ്രദീപ് സ്റ്റാഫിലില്ല
പാളയം പ്രദീപ് അഡീഷണൽ പി.എ. ആണെന്നായിരുന്നു എം.എൽ.എ.യുടെ വാദം. എന്നാൽ, സ്റ്റാഫംഗങ്ങളുടെ പട്ടികയിൽ പ്രദീപിന്റെ പേരില്ല. പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗികപരിപാടിയിൽ പങ്കെടുത്തതാണ് വിവാദത്തിലായത്.
കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന
: ചിറയിൻകീഴിൽ സ്ഥലം എം.എൽ.എ.യും കോൺഗ്രസ് പ്രവർത്തകരുമായി നടന്ന കൈയാങ്കളി കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. കടുത്ത നടപടി സ്വീകരിച്ച് സംഭവത്തിന്റെ വ്യാപ്തി ഇനിയും കൂട്ടേണ്ടന്നും ഭിന്നിച്ചുനിൽക്കുന്ന പ്രവർത്തകരെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നുമാണ് കെ.പി.സി.സി.യുടെ നിലപാട്. കാര്യവും കാരണക്കാരനും മാത്രമായി നടപടി ഒതുക്കിയതിനുപിന്നിൽ വരാൻ പോകുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കുമെന്ന ഭയവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിനാണ് ഭൂരിപക്ഷമെങ്കിലും പ്രസിഡന്റ് സ്ഥാനാർഥിയായ സംവരണവിഭാഗം വനിതാ അംഗമില്ലാത്തത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. സി.പി.എമ്മിനാണ് പ്രസിഡന്റ് സ്ഥാനം. അഞ്ചുതെങ്ങ് ഡിവിഷനിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ബി.എസ്. അനൂപ് സ്ഥാനം രാജി വെച്ച് ബി.ജെ.പി.യിൽ ചേർന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.
തിരഞ്ഞെടുപ്പുസമയത്ത് കൂടുതൽ ആശയക്കുഴപ്പത്തിനിടയാക്കാതിരിക്കാനാണ് നടപടി രണ്ടുപേരിലൊതുക്കിയത്. പ്രതികൾക്കെതിരെ പട്ടികജാതി പീഡനനിരോധനവകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടെന്ന നിർദേശം ഉന്നതരിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസും മൊഴിയെടുപ്പും പരമാവധി മന്ദീഭവിപ്പിച്ച് കൂടുതൽ സങ്കീർണമാക്കാതെ നോക്കാനാണ് നീക്കം.
Content Highlights: KPCC suspended Palayam Pradeep and Sajad following clashes with MLA Ramya Haridas., MM Hassan committee found both factions guilty of severe disciplinary violations., Compromise talks are underway to avoid setbacks in the upcoming Chirayinkeezhu block panchayat by-election.
Published: 07 Sept 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented