തലയോലപ്പറമ്പ്:  നിരത്തുകളിലും പൊതുസ്ഥാപനങ്ങളിലും ഭീതിവിതച്ച് തെരുവുനായ്ക്കൾ വാഴുന്നു.  ഭയത്തോടെയല്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. കഴിഞ്ഞ ബുധനാഴ്ച മാത്രം ടൗണിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ ആളുകൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. രോഗികൾക്ക് ആശ്രയമാകേണ്ട തലയോലപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ വളപ്പിലാണ് നായ്ക്കളുടെ പ്രധാന താവളം. 

To advertise here,

നായ്ക്കൂ‌ട്ടം വാഹനങ്ങളുടെ അടിയിലും വഴികളിലുമായി കൂട്ടത്തോടെ കിടക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികൾക്ക്  ഭീഷണിയാകുന്നു.

ഡ്രൈവർമാർക്കുനേരേയും കാൽനടയാത്രക്കാരായ രോഗികൾക്കുനേരേയും നായ്ക്കൾ പാഞ്ഞടുക്കുന്നു. 

​ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും പ്രതിദിനം വന്നുപോകുന്ന ബസ്‍സ്റ്റാൻഡ് പരിസരത്തും നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. തലയോലപ്പറമ്പ്  ചന്ത,  സ്കൂൾവളപ്പുകൾ എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. 

സ്കൂൾ വളപ്പിൽ അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്തോടെ കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കാൻപോലും മാതാപിതാക്കൾ ഭയപ്പെടുന്നു.

തെരുവുനായ്ക്കളുടെ ഭീഷണി ഇത്രത്തോളം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ തികഞ്ഞ നിഷ്‍ക്രിയത്വം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പഞ്ചായത്ത് ഇടപെടണം- വ്യാപാരി വ്യവസായി സമിതി

തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ആളുകൾ ടൗണിലിറങ്ങാൻ മടിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ്‌ പി.ആർ. ദിലീഷ്, സെക്രട്ടറി കെ.ഇ. നെജീബ് എന്നിവർ പറഞ്ഞു. ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തലയോലപ്പറമ്പ് ഏരിയാ സമ്മേളനം പ്രമേയം പാസാക്കിയതായും ഭാരവാഹികൾ പറഞ്ഞു.