കോട്ടയം: പുലർച്ചെ ആറുമണി, മണർകാട് കവലയിൽ ദേശീയപാതയോരത്തുള്ള ബാറിലെത്തിയ യുവാവ് മദ്യം വാങ്ങി, രംഗം ഫോണിൽ ചിത്രീകരിച്ച് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അയച്ചു. മന്ത്രിക്ക്‌ മറ്റ് ഒട്ടേറെ പരാതികളും ലഭിച്ചതോടെ പരിശോധനയ്ക്ക് നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല. വീണ്ടും ചിത്രമടക്കം മന്ത്രിക്ക് വാട്സ്ആപ്പ് സന്ദേശവും പരാതിയും. ഇക്കുറി എക്സൈസ് പരിശോധനയ്ക്കെത്തി.

To advertise here,

വന്നത് കോട്ടയത്തെ പതിവ് ഉദ്യോഗസ്ഥ സംഘമല്ല. രാവിലെ എട്ടുമണിക്കെത്തിയ ഉദ്യോഗസ്ഥർ ബാറിൽനിന്ന് മദ്യംവാങ്ങി. വാസ്തവത്തിൽ ഇത് തെളിവ് ശേഖരണമായിരുന്നു. സമയംതെറ്റി മറ്റുള്ളവർ മദ്യം വാങ്ങുന്നതും ചിത്രീകരിച്ചു. പിന്നീട് സ്വയം വെളിപ്പെടുത്തി. മഹസ്സർ തയ്യാറാക്കി ബാർ അടയ്ക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മടങ്ങി.

മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബാർ വീണ്ടും തുറന്നു. വിലക്ക് ലംഘിച്ചതിന്റെ വാർത്തകൾ പ്രചരിച്ചു. മന്ത്രിയും അറിഞ്ഞു. പിറ്റേന്ന് എക്സൈസ് നോട്ടീസ് നൽകി ‘നിയമപരമായി’ ബാർ പൂട്ടി. ഒരുദിവസം കഴിയുംമുമ്പേ ഉടമ കോടതിയിൽനിന്ന് സ്റ്റേവാങ്ങി. വൈകുന്നേരത്തോടെ വീണ്ടും തുറന്നു. വിലക്ക് ലംഘിക്കാൻ ഉള്ളിൽനിന്ന് ബാറിന് പിന്തുണ കിട്ടിയെന്ന് മന്ത്രിക്കും ബോധ്യമായി.

ഇൗ ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയാണ് ജില്ലയിൽ പല ബാറുകളുടെയും അനധികൃത പ്രവർത്തനത്തിന് പിന്നിലെന്നും വ്യക്തമായി. മുംബൈയിലും മറ്റും അധോലോകവാഴ്ചക്കാലത്ത് കണ്ടതുപോലെയുള്ള വകുപ്പിലെ ‘ബഡാ സാഹിബി’ന്റെ റോളാണ് ഇൗ ഉന്നതൻ വഹിച്ചിരുന്നത്.

മണർകാട് സംഭവം എക്സൈസ് തലപ്പത്ത് കണ്ണുതുറപ്പിച്ചു. മന്ത്രിയും കമ്മിഷണറും നടപടികൾ ആലോചിച്ചു. ഇതോടെ ‘ഒാപ്പറേഷൻ ബീജാപ്പുരി’ന് തുടക്കമായി. പതിവുപോലെ ഓഫീസിൽനിന്ന് ഇറങ്ങിയ എക്സൈസ് കമ്മിഷണർ സഹപ്രവർത്തകരോട് പറഞ്ഞു, അടുത്ത മൂന്നുനാല് ദിവസത്തേക്ക്‌ താൻ ഇവിടെ ഉണ്ടാകില്ല. കർണാടകയിലെ ബീജാപ്പുരിലേക്ക്‌ യാത്രപോവുകയാണ്.

അന്നുതന്നെ സമൂഹമാധ്യമ അക്കൗണ്ടിലും സ്റ്റാറ്റസിട്ടു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു. വകുപ്പിനെ ശുദ്ധീകരിക്കാനുള്ള മന്ത്രിയുടെ രഹസ്യനിർദേശവും പേറിയുള്ള കമ്മിഷണറുടെ യാത്രയിൽ അടിതെറ്റിയത് ജില്ലയുടെ ഏറ്റവും തലപ്പത്തുള്ള ഉദ്യോഗസ്ഥനും കൂട്ടാളികൾക്കും.

കോട്ടയം ജില്ലയിലെ ബാറുകളുടെ നിയമലംഘനങ്ങളെയും എക്സൈസ് സംവിധാനത്തിലെ ക്രമക്കേടുകളെയും കുറിച്ചുള്ള വിവരങ്ങൾ കമ്മിഷണറുടെ കൈവശമുണ്ടായിരുന്നു. ചങ്ങനാശ്ശേരി മേഖലയിലെ ചില ബാറുകൾ നിയമപരമായി അനുവദിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം പ്രവർത്തിക്കുന്നുവെന്ന പരാതികൾ എക്സൈസ് കമ്മിഷണർക്ക് വാട്ട്സാപ്പിൽ ലഭിച്ചിരുന്നു.

കോംപ്ലിമെന്റ് സംവിധാനം

കോട്ടയത്തെത്തി ബാർ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച കമ്മിഷണർ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിന് 25, 26 തീയതികളിൽ ജില്ലയിലെ ചില എക്സൈസ് ഉദ്യോഗസ്ഥരെ നേരിൽ ബന്ധപ്പെട്ടു. ഈ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളാണ് അന്വേഷണം ഡെപ്യൂട്ടി കമ്മിഷണറിലേക്കെത്തിച്ചത്.

ബാറുകളിൽ നിന്ന് പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തുടർച്ചയായി സ്വീകരിക്കുന്ന ‘കോംപ്ലിമെന്റ് സംവിധാനം’ സംബന്ധിച്ച് വിശദ വിവരങ്ങൾ ഉദ്യോഗസ്ഥർ കൈമാറി. ബാറുകളുടെ പരിധിവിടൽ അനുസരിച്ച് ‘കോംപ്ലിമെന്റ് സംവിധാനം’ വ്യത്യാസപ്പെടുന്നതായും പറഞ്ഞു.

കമ്മിഷണർ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ 27-ന് ചങ്ങനാശ്ശേരി മേഖലയിലെ മൂന്ന് ബാർ ഹോട്ടലുകളിൽ അനുവദനീയ സമയപരിധിക്കപ്പുറം മദ്യവിൽപ്പന നടക്കുന്നുവെന്ന പരാതി എക്സൈസ് മന്ത്രിക്ക് വാട്ട്സാപ്പിലൂടെ ലഭിച്ചു. മന്ത്രി ഇത് കമ്മിഷണർക്ക് കൈമാറി.

ബാർ ഹോട്ടൽ അസോസിയേഷൻ നേതാവായ ഷോയി എന്നയാളാണ്, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാറിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്ന വിവരവും മന്ത്രി കമ്മിഷണറെ അറിയിച്ചു.

കമ്മിഷണർ നടത്തിയ പരിശോധനയിൽ ഷോയി തന്നെയാണ് ഡെപ്യൂട്ടി കമ്മിഷണറുടെ ഇടനിലക്കാരൻ കരിങ്കട ജോസിയെന്ന വിവരം നൽകിയത്. ന്യൂയോർക്ക് സ്ക്വയർ ഹോട്ടലിന്റെ പങ്കാളിയുമായുള്ള സംഭാഷണത്തിൽ ഇയാൾ ഇടനിലക്കാരനെപ്പോലെയാണ് സംസാരിച്ചതെന്നും കമ്മിഷണർക്ക് ബോധ്യപ്പെട്ടു.

ലൈസൻസ് വ്യവസ്ഥാ ലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകുന്നുണ്ടെന്നും ‘കോംപ്ലിമെന്റ് സംവിധാനം’ ഒരു ഉദ്യോഗസ്ഥന്റെ ഒറ്റപ്പെട്ട പ്രവർത്തനമല്ലെന്നും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട പിരിവ് സംവിധാനമാണെന്നും കണ്ടെത്തി.

അതിനാൽ സാധാരണ അന്വേഷണമോ പരിശോധനകൾക്ക് നിർദേശം നൽകുന്നതോ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമാകുമെന്ന് തിരിച്ചറിഞ്ഞ കമ്മിഷണർ കൈക്കൂലിക്കാരെ പിടികൂടാൻ നേരിട്ട് വീടുകയറി. ഡെപ്യൂട്ടി കമ്മിഷണറുടെ വീട്ടിൽനിന്ന് മാസപ്പടി രേഖകളും പണവും ഫോണുകളും കണ്ടെടുത്തു.

കൈക്കൂലി വാങ്ങുന്ന പ്രധാന രീതികൾ

ബാറുകളിൽനിന്ന് വർഷത്തിൽ മൂന്നുതവണ നിർബന്ധിതമായി പണം പിരിക്കുന്ന രീതിയാണ് മാസപ്പടി കലണ്ടർ. ലൈസൻസ് പുതുക്കുന്ന സമയം, ഓണം, ക്രിസ്മസ് എന്നിവയാണ് പ്രധാന അവസരങ്ങൾ. എക്സൈസിലെ വിവിധ തട്ടിലുള്ള ഉദ്യോഗസ്ഥർക്കായി നിശ്ചിത തുക മുൻകൂട്ടി നിശ്ചയിച്ചാണ് ഈ പിരിവ്.

വലിയ തുക മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് വാങ്ങാറില്ല. പകരം വിശ്വസ്തരായ മറ്റ് ബാറുടമകളെയോ വിരമിച്ച ഉദ്യോഗസ്ഥരെയോ ഇടനിലക്കാരാക്കും. പണം ലഭിച്ചെന്ന് ഉറപ്പാക്കാൻ കോഡുകളോ രഹസ്യസന്ദേശങ്ങളോ ഉപയോഗിക്കും. ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബാർ ഹോട്ടലുകളിൽ സൗജന്യ താമസവും ഭക്ഷണവും ഇതിനു പുറമേയാണ്.

വിലകൂടുതലുള്ള പ്രീമിയം വിദേശമദ്യം, ബിയർ എന്നിവയും പടിയിൽപെടും. തങ്ങളുടെ അനുമതിയില്ലാതെ ഇൗ ബാറുകളിൽ പരിശോധന നടത്തരുതെന്ന് കൈക്കൂലി വാങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ക്വാഡുകൾക്ക് നിർദേശം നൽകും. ഇതിലൂടെ പരിശോധനകൾ പൂർണമായി ഒഴിവാകും.

ഡ്രൈഡേകളിൽപോലും ബാറുകൾക്ക് മദ്യം വിൽക്കാം. നിശ്ചിത സമയപരിധി കഴിഞ്ഞും പ്രവർത്തിക്കാം. സമയം കഴിഞ്ഞ് കിളിവാതിൽ വിൽപ്പനയും പൊടിപൊടിക്കും. 300-400 രൂപ വരെ അധികം വാങ്ങിയുള്ള കച്ചവടമാണിത്. കെ.കെ. റോഡിലെ ഒരു ബാറിൽ ഒാണക്കാലത്ത് ഇൗ വിൽപ്പന വെളുപ്പിനെവരെ നീണ്ടു. ബാറുകളുടെ കൂട്ടത്തിലെ പുതുതലമുറ സ്ഥാപനമാണിത്.

(ഓപ്പറേഷൻ ബീജാപ്പുർ- 1 | തുടരും)