തിരുവനന്തപുരം: വാർഷികപദ്ധതി വെട്ടിച്ചുരുക്കിയാലും ചെലവ് നൂറുശതമാനം കടക്കുന്നതിന്റെ പിന്നിലെ തന്ത്രം വെളിപ്പെടുത്തി ധവളപത്രം. ഇതിനും ഉപയോഗിക്കുന്നത് കിഫ്ബിയെയാണെന്ന് ധവളപത്രം പറയുന്നു. കിഫ്ബി, വാർഷിക പദ്ധതിയുടെയോ ബജറ്റിന്റെയോ ഭാഗമല്ല. എന്നാൽ അതിന്റെ ചെലവുകൂടി വാർഷിക പദ്ധതിച്ചെലവിന്റെ ഭാഗമായി എഴുതിച്ചേർക്കുകയാണ് കഴിഞ്ഞ രണ്ട് എൽ.ഡി.എഫ്. സർക്കാരുകളും ചെയ്തിരുന്നത്. ഇതോടെ പണമില്ലാതെ പദ്ധതി അടങ്കൽ വെട്ടിച്ചുരുക്കിയാലും രേഖകളിലെ ചെലവ് നൂറുശതമാനത്തിൽ അധികമെത്തും.

To advertise here,

കിഫ്ബിയുടേതിനുപുറമേ കെ.എസ്.ആർ.ടി.സി.ക്ക് വർഷംതോറും നൽകുന്ന സഹായധനവും മറ്റ് ചില ഏജൻസികളുടെയും ചെലവ് പദ്ധതിച്ചെലവിൽ ചേർക്കുന്നതായി ധവളപത്രം നിരീക്ഷിക്കുന്നു. 2017-18 മുതൽ 2024-25 വരെയുള്ള വർഷങ്ങളിൽ സംസ്ഥാനത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതിച്ചെലവ് ആകെ രണ്ടുവർഷംമാത്രമാണ് നൂറുശതമാനത്തിൽ താഴെയായത്. മറ്റു വർഷങ്ങളിലെല്ലാം നൂറുശതമാനത്തിന് പുറത്തായിരുന്നു.

പദ്ധതിച്ചെലവ് 50 ശതമാനംവരെ നിയന്ത്രിക്കാൻ ഉത്തരവിറക്കിയ 2024-25-ലെ ചെലവ് 135.95 ശതമാനമാണ്. ആ വർഷം 30,370 കോടിയായിരുന്നു പദ്ധതിക്ക് വിലയിരുത്തിയത്. എന്നാൽ, ചെലവായത് 41287.7 കോടിയെന്നാണ് കണക്ക്.

ക്ഷേമപദ്ധതികൾക്ക് കിട്ടുന്നത് '10-ൽ മൂന്നുരൂപ'

കേരളത്തിന്റെ റവന്യൂവരുമാനത്തിൽ 70 ശതമാനത്തിലേറെ ശമ്പളവും പെൻഷനും പലിശയ്ക്കുമായാണ് ചെലവാക്കുന്നത്. അതായത്, പിരിഞ്ഞുകിട്ടുന്ന 10 രൂപയിൽ ഏഴുരൂപയും എങ്ങനെ ചെലവിടണമെന്ന് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ്. ശേഷിക്കുന്ന മൂന്നുരൂപയാണ് മറ്റുചെലവുകൾക്കും ക്ഷേമപദ്ധതികൾക്കുമായി ലഭിക്കുന്നത്. പലിശച്ചെലവ് 20 ശതമാനത്തിനു മുകളിലാണ്. ഇത് മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ്.