തിരുവനന്തപുരം: കേരളത്തിനുള്ള തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത കേന്ദ്രധനസഹായ ലഭ്യതയിൽ വൻകുറവ്. സി.എ.ജി.യുടെ പ്രാഥമിക കണക്കുപ്രകാരം ജൂലായ് വരെ ലഭിച്ചത് ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ 4.24 ശതമാനം മാത്രം. കഴിഞ്ഞവർഷം ഇതേകാലത്ത് 10.53 ശതമാനം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ കടവും ബാധ്യതകളും നാലുമാസംകൊണ്ട് 26,461.75 കോടിയായി. ഇത് വരുമാനവുമായി നോക്കുമ്പോൾ മുൻവർഷത്തേക്കാൾ കൂടിയ അനുപാതത്തിലാണ്.

To advertise here,

ചെലവിൽ മുൻവർഷത്തേക്കാൾ 9395.87 കോടിയുടെ വർധനയുണ്ട്. ശമ്പളച്ചെലവിൽ 2648 കോടിയും പെൻഷനിൽ 1991 കോടിയും പലിശച്ചെലവിൽ 700 കോടിയും കൂടുതൽ ചെലവായി.

കേന്ദ്രം നിബന്ധനകൾ കർശനമാക്കുന്നതും അത് പാലിക്കാൻ ചില പദ്ധതികളിൽ സംസ്ഥാനത്തിന് കഴിയാത്തതുമാണ് ധനസഹായത്തിലെ ഇടിവിന് കാരണം. പി.എം.ശ്രീ. ഉൾപ്പെടെയുള്ള പല പദ്ധതികളിലും കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുന്നത് രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ഈ സാമ്പത്തികവർഷം കേന്ദ്രത്തിൽനിന്നുള്ള ധനസഹായമായി പുതുക്കിയ ബജറ്റിൽ പ്രതീക്ഷിക്കുന്നത് 11,932 കോടി. ഇതിൽ ഇതുവരെ ലഭിച്ചത് വെറും 505.40 കോടിയും.

കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിൽ പ്രതീക്ഷിച്ച 13,074.90 കോടിയിൽ ആവർഷം ജൂലായ് വരെ 1377.19 കോടി ലഭിച്ചിരുന്നു. ഈ വർഷം ജൂലായ് വരെ സംസ്ഥാനത്തിന്റെ വരുമാനം 70,779.32 കോടി രൂപയാണ്. ഇതിൽ 26,461.75 കോടി കടവും ബാധ്യതകളും.

മൊത്തം വരുമാനത്തിന്റെ 37.38 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേകാലത്ത് വരുമാനം 60,981.60 കോടിയും അതിൽ കടവും ബാധ്യതകളും 21,206.78 കോടിയുമായിരുന്നു.

വരുമാനത്തിന്റെ 34.77 ശതമാനമായിരുന്നു അന്ന് കടവും ബാധ്യതകളും. നാലുമാസംകൊണ്ട് റവന്യൂക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 47.69 ശതമാനത്തിലെത്തി. ധനക്കമ്മി 46.91 ശതമാനത്തിലും.