കൊച്ചി: കമ്പവലിയിൽ കൊമ്പ് കോർത്ത കേരളത്തിലെ പ്രമുഖ ടീമുകൾക്കെതിരെ വിജയം കൊയ്ത് കവിത വെങ്ങാട്. മാതൃഭൂമി ഡോട്ട് കോം 'മേനെ പ്യാര്‍ കിയ' സിനിമ ടീമുമായി ചേര്‍ന്ന് സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിലാണ്  കവിത വെങ്ങാട് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 'മേനെ പ്യാര്‍ കിയ' സിനിമ ടീം അം​ഗങ്ങൾ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 

To advertise here,

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. കേരളത്തിലെ 24  പ്രമുഖ ടീമുകളാണ് വടംവലി മല്‍സരത്തില്‍ മാറ്റുരച്ചത്.

വാശിയേറിയ മത്സരത്തിൽ സ്റ്റാർ വിഷൻ സ്പോർട്സ് ആൻഡ് ആർട്സ് ​ഗുരൂവായൂർ ക്ലബ് രണ്ടാം സ്ഥാനവും ഷാഡോസ് കാരിയോഡ് മൂന്നാം സ്ഥാനവും മഹാദേവ തിരുവാലൂർ നാലാംസ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 30,000 രൂപയും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപ 10,000 രൂപയും സമ്മാനമായി ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന നാല് ടീമുകള്‍ക്ക് 5,000 രൂപ വീതവും സമ്മാനമായി ലഭിച്ചു. 

എറണാകുളം ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷനാണ് മല്‍സരം നിയന്ത്രിച്ചത്. ജോസ് ആലുക്കാസ് ടൈറ്റില്‍ സ്പോണ്‍സറായ അഖില കേരള വടംവലി മല്‍സരത്തിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍മാര്‍ മുത്തൂറ്റ് മിനിയും കെഎസ്എഫ്ഇയും ആയിരുന്നു.

മേനെ പ്യാര്‍ കിയ സിനിമ സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, താരങ്ങളായ അസ്കർ അലി, ജിനിൽ റെക്സ്, ജിവിൻ റെക്സ് തുടങ്ങിയ താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.