കോഴിക്കോട്: ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാൻ ആളില്ലാതെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കൊയിലാണ്ടി ആനക്കുളം സ്വദേശിനി ശോഭ ചൊവ്വാഴ്ച മകനും മാനേജർക്കുമൊപ്പം മടങ്ങി. ഒക്ടോബർ 24-ന് ഡിസ്ചാർജിന് നിർദേശിച്ചെങ്കിലും ആരും ഇവരെ കൊണ്ടുപോകാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും പോലീസിനും പരാതിനൽകിയിരുന്നു.

To advertise here,

ചൊവ്വാഴ്ച രാത്രി എട്ടരയോടെ മകൻ ശ്രീജിത്ത്, മാനേജർ സുരേഷ് എന്നിവർക്കൊപ്പമാണ് മടങ്ങിയത്. ശോഭയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് ഇരുവരും ആശുപത്രിയിൽ എഴുതിനൽകിയത്.

ആശുപത്രിക്കാരുടെ പരാതിയെത്തുടർന്ന് ശനിയാഴ്ച ഇവരുമായി ടൗൺ പോലീസ് എസ്.എച്ച്.ഒ. സംസാരിച്ചിരുന്നു. തിങ്കളാഴ്ച സാമൂഹികനീതി വകുപ്പിലെയും കളക്ടറേറ്റിലെയും ഉദ്യോഗസ്ഥർ ശോഭയെ സന്ദർശിക്കുകയും ശോഭയുടെ മാനേജരുമായി സംസാരിക്കുകയും ചെയ്തു. ശോഭയെ മക്കളോടൊപ്പമേ അയക്കാവൂവെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിർദേശം നൽകുകയും ചെയ്തിരുന്നു.

വലതുപാദത്തിൽ മുറിവുവന്ന് പുഴുവരിച്ചനിലയിൽ ഒക്ടോബർ 12-നാണ് എഴുപതുകാരി ശോഭയെ മകൻ കോഴിക്കോട് പി.വി.എസ്. സൺറൈസ് ആശുപത്രിയിലാക്കിയത്. ഒരാഴ്ചയ്ക്കുശേഷം മകൻ പോവുകയും മാനേജരെ ബന്ധപ്പെടാൻ ആശുപത്രിക്കാരെ അറിയിക്കുകയുംചെയ്തു. ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ ഇരുവരും ശോഭയെ കൊണ്ടുപോയിരുന്നില്ല.