ചരിത്രാന്വേഷണത്തിന് അനുവാദം ആവശ്യമില്ലെന്ന് തോമസ് ഐസക് പറഞ്ഞു

ആലപ്പുഴ: പുന്നപ്ര-വയലാർ സമരവിവാദത്തിൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായ ടി.എം. തോമസ് ഐസക്കിനെ സി.പി.ഐ. കടന്നാക്രമിക്കുമ്പോഴും പ്രതിരോധിക്കാതെ സി.പി.എം. വിമർശനം അനാവശ്യമാണെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ‘മാതൃഭൂമി’യോടു പറഞ്ഞെങ്കിലും ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയോഗം വിഷയം ചർച്ചചെയ്തില്ല.
സി.പി.ഐ. നേതാക്കൾ ഐസക്കിനെതിരേ രംഗത്തെത്തിയതോടെ പാർട്ടിയുടെ സൈബറിടങ്ങളിൽ അണികളും പ്രാദേശികനേതാക്കളും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.
സി.പി.എം. വാരികയായ ചിന്തയുടെ പുന്നപ്ര-വയലാർ സമരവാർഷിക പ്രത്യേക പതിപ്പിൽ സമരനായകരുടെ ചിത്രങ്ങളുടെ ക്രമത്തിന്റെ പേരിലാണ് പത്രാധിപരായ ഐസക്കിനുനേരേ വിമർശനം തുടങ്ങിയത്. 2025-ൽ പ്രസിദ്ധീകരിച്ച പുന്നപ്ര-വയലാർ ഡയറക്ടറിയിലെ ഉള്ളടക്കത്തിലേക്ക് വിമർശനമെത്തിയതോടെയാണ് വിവാദം കടുത്തത്. ജില്ലയിലെ സി.പി.ഐ. സംസ്ഥാന, ജില്ലാ നേതാക്കളാണ് വിമർശിക്കാൻ മുൻനിരയിലുള്ളത്. സമരനായകരായിരുന്നു ടി.വി. തോമസിന്റെയും സി.കെ. കുമാരപ്പണിക്കരുടെയും പ്രാധാന്യം കുറച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.
പാർട്ടിക്കെതിരേയല്ലെങ്കിലും ജില്ലയിലെ മുൻനിര നേതാവിനെതിരേയുള്ള വിമർശനങ്ങളിൽ സി.പി.എം. പുലർത്തുന്ന മൗനത്തിലും പ്രതിഷേധമുയരുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിൽ സി.പി.എം. സഹയാത്രികരായ ഏതാനുംപേർ ഐസക്കിനായി രംഗത്തെത്തി. സി.പി.എം. നേതാക്കൾ രഹസ്യമായി പ്രതികരിക്കുന്നുണ്ടെങ്കിലും പരസ്യമായി രംഗത്തെത്തിയിട്ടില്ല. പാർട്ടി ഔദ്യോഗിക നിലപാടു സ്വീകരിക്കാത്തതിനാൽ സി.പി.എം. സൈബറിടങ്ങളും ഇടപെട്ടിട്ടില്ല.
പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് 2025-ൽ വയലാറിലെ രക്തസാക്ഷിവാരാചരണ സമാപന സമ്മേളനത്തിൽ ഡയറക്ടറി പുറത്തിറക്കിയത്. അന്ന് സി.പി.എം.-സി.പി.ഐ. വ്യത്യാസമില്ലാതെ ഐസക്കിന് വലിയ പ്രശംസ കിട്ടിയിരുന്നു. അന്ന് പ്രതികരിക്കാതെ ഒരുവർഷം പിന്നിട്ടപ്പോൾ കല്ലെറിയുന്നെന്നാണ് ഐസക് അനുകൂലികളുടെ ആക്ഷേപം.
കമ്യൂണിസ്റ്റു പാർട്ടി വിഭജനത്തിൽ സി.പി.എമ്മിനൊപ്പം നിന്ന നേതാക്കൾക്കു ഡയറക്ടറിയിൽ ആദ്യസ്ഥാനം നൽകിയെന്നാണ് സി.പി.ഐ. ഉയർത്തുന്ന ആരോപണം.
വിമർശനം അനാവശ്യം, പരിശോധിക്കും
സമരസേനാനികളുടെ ക്രമത്തിന്റെ പേരിൽ തർക്കവും വിവാദവും ഉയർത്തുന്നത് അനാവശ്യമാണ്. ഒന്നുംരണ്ടും ക്രമത്തിൽ വരുന്നവർ മാത്രമല്ല, സമരത്തിൽ പങ്കെടുത്തവരെല്ലാം സമരനായകരാണ്. ആരുടെയും പ്രാധാന്യം കുറച്ചുകാട്ടാൻ ശ്രമിച്ചിട്ടില്ല. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ അധ്യാപകരടക്കമുള്ളവർ വർഷങ്ങൾ പ്രവർത്തിച്ചാണ് ഡയറക്ടറി ഒരുക്കിയത്. വിഷയം പരിശോധിക്കും. -ആർ. നാസർ, സി.പി.എം. ജില്ലാ സെക്രട്ടറി
ചരിത്രാന്വേഷണത്തിന് അനുവാദം ആവശ്യമില്ല -തോമസ് ഐസക്
പുന്നപ്ര-വയലാർ സമരം സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. ചരിത്രാന്വേഷണത്തിന് ആരുടെയും ചുമതലപ്പെടുത്തലോ അനുവാദമോ ആവശ്യമില്ല. സമരത്തെക്കുറിച്ച് രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടിൽ അടിസ്ഥാനവ്യത്യാസമൊന്നുമില്ല. ടി.വി. തോമസിന്റെ ചരിത്രപരമായ പങ്കിനെയോ പ്രാധാന്യത്തെയോ കുറിച്ച് അഭിപ്രായവ്യത്യാസമില്ല. ടി.ജെ. ആഞ്ചലോസ് ചൂണ്ടിക്കാണിച്ച ടി.വി.യെ സംബന്ധിച്ച മൂന്നുകാര്യങ്ങളിൽ രണ്ടെണ്ണം ‘ചിന്ത’ വിവരണത്തിലുള്ളതാണ്. ചിത്രം പ്രസിദ്ധീകരിച്ചതിലാണു തർക്കം. ഡയറക്ടറിയിലും ചിന്തയിലും അക്ഷരക്രമത്തിലാണ് ചിത്രങ്ങൾ നൽകിയത്- ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Content Highlights: Amid sharp criticism from CPI over the ordering of leaders in the Punnapra-Vayalar directory and Chintha weekly, CPM has avoided officially defending central committee member TM Thomas Isaac.
Published: 04 Nov 2026, 07:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented