
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് സർവകലാശാലകളിൽനിന്നു ഫീസീടാക്കി ഗവർണർ. സാങ്കേതിക (കെ.ടി.യു.), ഡിജിറ്റൽ സർവകലാശാലകളിലെ വി.സി. നിയമനക്കേസുകളുടെ നടത്തിപ്പിന് 11 ലക്ഷം രൂപയാണ് ഈടാക്കിയത്. ഗവർണർക്കായി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ അഡ്വ. ആർ. വെങ്കിട്ടരമണി, അഭിഭാഷകൻ ടി.ആർ. വെങ്കടസുബ്രഹ്മണ്യം എന്നിവർക്കുള്ള ഫീസാണ് ലോക്ഭവൻ ചോദിച്ചത്. തുടർന്ന്, രണ്ടു സർവകലാശാലകളും പകുതി തുക (അഞ്ചര ലക്ഷം രൂപ) വീതം വക്കീൽ ഫീസായി അടച്ചു.
ലോക്ഭവൻ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ നവംബറിൽ അഞ്ചരലക്ഷം രൂപ അനുവദിച്ചതായി കെ.ടി.യു. രജിസ്ട്രാർ സിൻഡിക്കേറ്റ് മുൻപാകെ റിപ്പോർട്ട് ചെയ്തു. ലോക്ഭവന്റെ നിർദേശമനുസരിച്ച് തുക നൽകിയിരുന്നതായി ഡിജിറ്റൽ സർവകലാശാലാ വൃത്തങ്ങളും വ്യക്തമാക്കി.
കേസുകൾക്കും മറ്റുമായി ഗവർണർക്കുവേണ്ടിയുള്ള ചെലവുകൾ സർക്കാർ ഖജനാവിൽനിന്ന് അനുവദിക്കുന്നതാണ് പതിവ്. ഇതിൽനിന്നു മാറി, സർക്കാരിനെതിരേ നടത്തിയ കേസിന് ഗവർണർ സർവകലാശാലകളിൽനിന്നു വക്കീൽഫീസീടാക്കിയത് അസാധാരണ നടപടിയാണ്. സർക്കാരുമായി മറ്റൊരു യുദ്ധം ഒഴിവാക്കാനാണ്, ചാൻസലറെന്നനിലയിൽ ഗവർണർ സർവകലാശാലകളിൽനിന്ന് വക്കീൽഫീസീടാക്കിയതെന്നും പറയുന്നു.
2024-ൽ സർക്കാരുമായി കൂടിയാലോചിക്കാതെ, ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസിനെയും കെ.ടി.യു.വിൽ ഡോ. കെ. ശിവപ്രസാദിനെയും താത്‌കാലിക വി.സി.മാരായി ഗവർണർ നിയമിച്ചിരുന്നു. ഇതിനെ സർക്കാർ ഹൈക്കോടതിയിൽ ചോദ്യംചെയ്തു. സർക്കാരുമായി കൂടിയാലോചിക്കാതെ നടത്തിയ നിയമനം ശരിയല്ലെന്ന് ഹൈക്കോടതി വിധിച്ചെങ്കിലും കാലാവധിവരെ തുടരാൻ വി.സി.മാർക്ക് അനുമതിനൽകി. തുടർന്ന്, ഗവർണർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഈ കേസിന്റെ തുടർച്ചയായാണ്, രണ്ടിടത്തും സ്ഥിരം വി.സി.മാരെ നിയമിക്കാൻ സുപ്രീംകോടതി നടപടി തുടങ്ങിയത്. വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെയും കോടതി നിയമിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള അനുരഞ്ജനത്തിനൊടുവിൽ രണ്ടിടത്തും 2025 ഡിസംബറിൽ സ്ഥിരം വി.സി.മാർ വന്നു.
Content Highlights: Governor collected Rs 11 lakh as lawyer fees from KTU and Digital Universities for Supreme Court cases regarding VC appointments., Both universities paid Rs 5.5 lakh each following Raj Bhavan's demand., The fees were paid to Attorney General R. Venkataramani and advocate T.R. Venkatasubramanian., Permanent Vice-Chancellors were appointed to both universities by December 2025 after a Supreme Court process.
Published: 12 Aug 2026, 09:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented