കാഞ്ഞങ്ങാട് : ഇടത് അനുകൂല സർവീസ് സംഘടന മേഖലാജാഥയ്ക്ക് കാഞ്ഞങ്ങാട് നൽകിയ സ്വീകരണത്തിൽ വിവാദം. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ 21-ന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ പ്രചരണാർഥം നടത്തിയ ഉത്തരമേഖല വാഹനജാഥയ്ക്ക് കാഞ്ഞങ്ങാട്ട് നൽകിയ സ്വീകരണമാണ് വിവാദമായത്. പുതിയകോട്ടയിലെ ഹൊസ്ദുർഗ് ട്രഷറി ഓഫീസ് കോമ്പൗണ്ടിനകത്ത് നടത്തിയ സ്വീകരണമാണ് വിവാദമായത്.

To advertise here,

ട്രഷറി കോമ്പൗണ്ടിനകത്ത് കെട്ടിടത്തിന് മുന്നിലായി തുണിപ്പന്തലിട്ട് സ്‌റ്റേജും ഇരിപ്പിടങ്ങളും ഉച്ചഭാഷിണിയും ഒരുക്കി കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു നിരവധി സർക്കാർ ജീവനക്കാരും അധ്യാപകരും പങ്കെടുത്ത സ്വീകരണം നടന്നത്. ആറുമാസം മുൻപ് ഉദ്ഘാടനം നടത്തിയ ട്രഷറി കെട്ടിടം നിലവിൽ അടഞ്ഞുകിടക്കുകയാണ്.

സർക്കാർ ഓഫീസ് കോമ്പൗണ്ടിൽ നടത്തിയ സ്വീകരണ പരിപാടിക്കെതിരേ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ്. അനുകൂല യൂണിയനുകളുമാണ് പരാതിയുമായി രംഗത്തെത്തിയത്. സർക്കാർ ഓഫീസ് കോമ്പൗണ്ടിൽ അനുമതിയില്ലാതെ നടത്തിയ നിയമലംഘനത്തിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റികളും എൻ.ജി.ഒ. അസോസിയേഷനും മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

പന്തൽകെട്ടിയ വിഷയം തിങ്കളാഴ്ച രാത്രിയിൽ ചിലർ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ശ്രദ്ധയിൽപെട്ടതെന്ന് ഹൊസ്ദുർഗ് ട്രഷറി ഓഫീസർ പി. സിന്ധു പറഞ്ഞു. വിഷയത്തിൽ പരാതി തയ്യാറാക്കി മേൽ ഉദ്യോഗസ്ഥരായ ജില്ലാ ട്രഷറി ഓഫീസറെയും ട്രഷറി ഡയറക്ടറെയും ബന്ധപ്പെട്ടപ്പോൾ സംഘടന നേതൃത്വവുമായി ധാരണയായതായി വെളിപ്പെടുത്തി. ഇതേ തുടർന്ന് പരാതിയിൽ തുടർനടപടിയെടുത്തില്ലെന്നും ട്രഷറി ഓഫീസർ വിശദീകരിക്കുന്നു.

​'വാക്കാൽ അനുമതി വാങ്ങിയിരുന്നു'​

ജില്ലാ ട്രഷറി ഓഫീസറുടെയും ട്രഷറി ഡയറക്ടർ ഓഫീസുമായി ബന്ധപ്പെട്ടവരുടെയും വാക്കാൽ അനുമതിയോടെയാണ് കാഞ്ഞങ്ങാട് ട്രഷറി ഓഫീസ് കോമ്പൗണ്ടിൽ സ്വീകരണയോഗം നടത്തിയതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ കെ. ഹരിദാസ് പറഞ്ഞു.