തൃക്കരിപ്പൂർ : വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രിയിൽ തിങ്കളാഴ്ച മുതൽ 24 മണിക്കൂർ കാഷ്വാലിറ്റി സേവനം ലഭ്യമാകും. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രി സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം.

To advertise here,

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രി ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ സന്ദീപ് വാരിയർ എം.എൽ.എ.യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണ് മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം.

താലൂക്ക് ആസ്പത്രിയായി ഉയർത്തിയിട്ടും 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം (കാഷ്വാലിറ്റി) സൗകര്യം ലഭ്യമല്ലാത്തതും രോഗികളുടെ ബുദ്ധിമുട്ടും ഉൾപ്പെടുത്തി 'മാതൃഭൂമി' പലതവണ വാർത്തകൾ നൽകിയിട്ടുണ്ട്. കാലങ്ങളായി 24 മണിക്കൂർ സേവനത്തിന് മുറവിളികൂട്ടുന്നുണ്ടെങ്കിലും അതിനാവശ്യമായ ഡോക്ടർമാരെ നിയമിക്കാതിരുന്നതായിരുന്നു പ്രധാന വെല്ലുവിളി.

24 മണിക്കൂർ സേവനം ലഭ്യമാകുന്നതോടെ തൃക്കരിപ്പൂരിലെയും സമീപ പഞ്ചായത്തുകളിലെയും ആളുകൾക്ക് ഇനി മുതൽ മറ്റ് ആസ്പത്രികളിലേക്ക് ഓടേണ്ടാ. ആരോഗ്യ മന്ത്രിയുടെ പി.എസ്. ഡോ. സുനിൽ കുമാർ, ഡി.എം.ഒ. ഡോ. കെ.ടി. രേഖ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. രശ്മി, ഡി.പി.എം. ഡോ. ധന്യ, കണ്ണൂർ ഡി.പി.എം. ഡോ. അബൂബക്കർ എന്നിവരുടെ സംഘമാണ് ആസ്പത്രി സന്ദർശിച്ചത്. സന്ദീപ് വാരിയർ എം.എൽ.എ., തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷ അശ്രീഫ ജാബിർ, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആശ്വാസകരമായ നടപടി

:തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രിയിലെ കാഷ്വാലിറ്റി സേവനം 24 മണിക്കൂർ ലഭ്യമാക്കുന്നത് ആശ്വാസകരമായ നടപടിയാണെന്ന് സന്ദീപ് വാരിയർ എം.എൽ.എ. പറഞ്ഞു. ആസ്പത്രിയിലേക്ക് ആവശ്യമുള്ള 25 ലക്ഷം രൂപയുടെ ഉപകരണങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകുമെന്നും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന വിവിധ ആസ്പത്രി കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.