പുല്ലൂർ : സർവീസ് റോഡില്ലാത്ത കാടുമൂടിയ ദേശീയപാതയോരമായ കേളോത്ത് മാലിന്യം തള്ളുന്നത് പതിവായി. ദേശീയപാതയിലെ കേളോത്ത് ഇറക്കത്തിൽ റോഡരികിലായി അഞ്ച് ആടുകളുടെ ജഡം തള്ളി. സർവീസ് റോഡിന് അലൈൻമെന്റ് നടത്താത്തതാണ് ഇവിടം കാടുമൂടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അറവുമാടുകളുടെ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവിടെ തള്ളുന്നത്. രണ്ടുമാസം മുൻപ് അറവുശാലയിലേക്ക് കൊണ്ടു പോകുകയായിരുന്ന പോത്തുകളുടെ ജഡങ്ങളും ഇവിടെ തള്ളിയിരുന്നു. രണ്ടാഴ്ച മുൻപ് പഴം-പച്ചക്കറി കടകളിലെ മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് റോഡരികിലെ കാട്ടിൽ കോലാടുകളുടെ ജഡം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പഞ്ചായത്തംഗം ലീലാ ചന്ദ്രനും പഞ്ചായത്ത് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കെ.വി. ബാബുവും സ്ഥലത്തെത്തി.
മാലിന്യം തള്ളുന്നതിനാൽ ജീവിതം ദുരിതപൂർണമായ പ്രദേശത്ത് ശാശ്വത പരിഹാരത്തിനായി നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടെ സർവീസ് റോഡിനായി നാട്ടുകാർ കർമ്മസമിതി രൂപവത്കരിച്ചിട്ടുണ്ട്.
പ്രശ്നത്തിൽ തീരുമാനമാകാതെ ജഡം സംസ്കരിക്കേണ്ടതില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, സെക്രട്ടറി നവ്യാ നാരായണൻ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. പഞ്ചായത്തംഗങ്ങളായ എ. കൃഷ്ണൻ, എ. സന്തോഷ് കുമാർ, എ.വി. മിനി, സി. കൃഷ്ണകുമാർ, വി.ഇ.ഒ. എ. നിജാസ്, ജെ.എച്ച്.ഐ. നിഥുൻ ലാൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്ത് നിരീക്ഷണ ക്യാമറകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സർവീസ് റോഡില്ലാത്തതാണ് ഇവിടെ അപകടം നടക്കാൻ ഇടയാക്കുന്നതെന്നും അവർ പറഞ്ഞു. പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ ക്യാമറകളും വെക്കുന്നതിന് ശ്രമിക്കുമെന്ന് പ്രസിഡന്റ് ഡോ. സി.കെ. സബിത പറഞ്ഞു. സർവീസ് റോഡില്ലാത്ത വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.
Published: 11 Nov 2026, 04:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented