തൃക്കരിപ്പൂർ : കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ കാട്ടിലെ പുത്തരി ഉത്സവം വിവിധ ചടങ്ങുകളോടെ നടത്തി. കാട്ടിലെ പുത്തരിക്ക് കാരണവൻമാരും വെളിച്ചപ്പാടുകളും ചങ്ങാടത്തിലേറി കവ്വായി കായൽ കടന്നു ഇടയിലെക്കാട്ട് കാവിലെത്തി. ആചാരസ്ഥാനികരും വെളിച്ചപ്പാടുകളും അണിയാനും കൈയിലേന്താനുമുള്ള ആടയാഭരണങ്ങളും ആയുധങ്ങളും നിറച്ച ചെമ്പ് വട്ടളം ചുമലിലേറ്റി വാല്യക്കാരും ഭക്തജനങ്ങളും ഇടയിലെക്കാട് കാവിനെ ലക്ഷ്യമാക്കി പയ്യക്കാൽ ക്ഷേത്രത്തിൽനിന്ന് യാത്ര തിരിച്ചു. കുറുവാപ്പള്ളിയിലെത്തി ആയിറ്റി ഭഗവതിയെയും പരിവാരങ്ങളെയും വണങ്ങി യാത്ര തുടർന്നു.

To advertise here,

ചങ്ങാടമേറി ഇടയിലെക്കാട് കാവിലെത്തിയ ശേഷം ഉണക്കലരി നിവേദ്യം ഉണ്ടാക്കി. പിന്നീട് വെളിച്ചപ്പാടൻമാർ അരങ്ങിലിറങ്ങി നർത്തനമാടി. തുടർന്ന് ഭക്തരെ ആരവത്തിലേറ്റി മാരിക്കളത്തിലെത്തി 'ഗുരുസി' കർമത്തോടെ മാരി മാറ്റൽ ചടങ്ങ് നടത്തി. ഭക്തർക്ക് അനുഗ്രഹം പകർന്ന ശേഷം ആടയാഭരണങ്ങൾ അഴിച്ചുവച്ചു കാവിലെ ചടങ്ങുകൾ അവസാനിപ്പിച്ചു. നിവേദ്യ വിതരണവും നടത്തിയ ശേഷം പയ്യക്കാലിലേക്ക് തിരിച്ചെഴുന്നള്ളി.