കൊച്ചി: കേരളത്തിലെ സഹകരണബാങ്ക്, സംഘം തട്ടിപ്പുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനെ തുടർന്ന് ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു. അങ്കമാലി അർബൻ സഹകരണസംഘത്തിൽ 1.82 കോടി രൂപ മൂല്യമുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങളും തെന്നല സഹകരണബാങ്കിൽ ഏകദേശം 24.50 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 20 സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാൻ നിർദേശിച്ചു.
കേസിന് ആധാരമായ രേഖകളും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുത്തു. നിർണായകമായ ഡിജിറ്റൽ തെളിവുകളും വായ്പാരേഖകളും പിടിച്ചെടുത്തു. മൂന്ന് പ്രധാന കേസുകളിലായി കേരളത്തിലാകെ 17 ഇടങ്ങളിൽ ഒരേസമയമായിരുന്നു കഴിഞ്ഞദിവസം പരിശോധന.
അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയ്ക്കിടെ തട്ടിപ്പ് വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, 38 സ്ഥാവര സ്വത്തുക്കളുടെ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, മറ്റ് രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട് അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറത്തെ തെന്നല സർവീസ് സഹകരണബാങ്ക്, തൃശ്ശൂരിലെ കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. 27 കേസുകളിലായി ഏകദേശം 550 കോടി രൂപയുടെ അനധികൃത ആദായവും തട്ടിപ്പുകളും അന്വേഷിക്കുന്ന കൊച്ചി സോണൽ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു നീക്കം.
അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഏകദേശം 55 കോടി രൂപയുടെ തട്ടിപ്പാണ് പോലീസിന്റെ എഫ്.ഐ.ആറിലെങ്കിലും അന്വേഷണത്തിൽ 108 വസ്തുക്കളുടെമേൽ 65 അംഗങ്ങളുടെ പേരിൽ 96.74 കോടി രൂപയുടെ 422 വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി. പത്രക്കുറിപ്പിൽ പറയുന്നു. ഇതിൽ 33.82 കോടി രൂപയുടെ 159 വായ്പകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറത്തെ തെന്നല സർവീസ് സഹകരണബാങ്കിലെ കേസിൽ മുൻ പ്രസിഡന്റ് എം.പി. കുഞ്ഞിമോയിൻ, മുൻ സെക്രട്ടറി കെ.എ. വാസുദേവൻ മൂസ്സത് അടക്കമുള്ള മുൻ ഭാരവാഹികളുടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിലായിരുന്നു പരിശോധന. 24.50 ലക്ഷം രൂപ വിലമതിക്കുന്ന 20 ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാൻ ഉത്തരവിട്ടു. ഏകദേശം 10 കോടി രൂപയുടെ സംശയാസ്പദമായ കുറ്റകൃത്യ ഫണ്ടാണ് കണ്ടെത്തിയത്. ഉയർന്നപലിശ വാഗ്ദാനം ചെയ്ത് നേടിയ നിക്ഷേപം കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതിരുന്നതും വ്യാജ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളും ഗഹാൻ വായ്പകളും നൽകി പണം തട്ടിയെന്നതുമാണ് കേസ്.
കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന് 27 കോടിയിലധികം രൂപയുടെ സാമ്പത്തികനഷ്ടം വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഉടമകളറിയാതെ അവരുടെ വസ്തുക്കൾ ഈടുവെച്ചും വ്യാജ മരണസർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് മൂന്നാമതൊരാളുടെ പേരിൽ വായ്പകൾ തരപ്പെടുത്തിയും ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ചു.
തൃശ്ശൂരും പരിസരങ്ങളിലുമായി ബാങ്കുമായി ബന്ധപ്പെട്ട അഞ്ചുകേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. റിക്സൺ പ്രിൻസ് ഉൾപ്പെടെയുള്ള മുൻ ഭാരവാഹികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന.
Content Highlights: ED conducted simultaneous raids across 17 locations in Kerala regarding cooperative bank scams., Fixed deposits worth crores in Angamaly Urban Cooperative Society and Thennala Cooperative Bank have been frozen., Investigations reveal massive financial irregularities, fake loans, and property mortgage frauds totaling hundreds of crores.
Published: 09 Oct 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented