കാസർകോട്: പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ’നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ്’ പദ്ധതിയുമായി വ്യവസായ വകുപ്പ്. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇവർക്ക് ഭൂരിപക്ഷം ഓഹരിയുള്ള കമ്പനി, സഹകരണസംഘം, ചാരിറ്റബിൾ സൊസൈറ്റി, പങ്കാളിത്ത സ്ഥാപനങ്ങൾ, എം.എസ്.എം.ഇ. കൺസോർഷ്യം എന്നിവയ്ക്കും സ്വന്തം നാടുകളിൽ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്.)കളും ആരംഭിക്കാൻ വഴിതുറക്കുന്നതാണ് പുതിയ പദ്ധതി.

To advertise here,

മൂന്നുകോടി രൂപവരെ സഹായധനം

വ്യവസായ എസ്റ്റേറ്റുകളിലും എസ്.ഡി.എഫുകളിലും റോഡ്, വൈദ്യുതി, കുടിവെള്ളം, മാലിന്യസംസ്കരണ പ്ലാന്റുകൾ, പൊതുസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കാൻ അടിസ്ഥാനസൗകര്യ വികസന തുകയുടെ റീ ഇംപേഴ്സ്‌മെന്റായി പദ്ധതിപ്രകാരം പരമാവധി മൂന്നുകോടി രൂപവരെ സർക്കാർ സഹായധനം നൽകും. ഇതിൽ ഏഴുമീറ്റർ വീതിയുള്ള ആഭ്യന്തര റോഡുകൾക്ക് മീറ്ററിന് 15,000 രൂപ നിരക്കിൽ പരമാവധി 75 ലക്ഷം രൂപ, സബ്‌സ്റ്റേഷൻ, വൈദ്യുതലൈൻ എന്നിവയ്ക്ക് 40 ലക്ഷം, കുടിവെള്ളവിതരണത്തിന് 40 ലക്ഷം, ഇ.ടി.പി., സി.ഇ.ടി.പി. മാലിന്യസംസ്കരണ സംവിധാനങ്ങൾക്ക് 30 ലക്ഷം, മറ്റ് പൊതുസൗകര്യങ്ങൾക്ക് 80 ലക്ഷം, സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറിക്ക് 150 ലക്ഷം രൂപ വരെയാണ് വിഹിതം ലഭിക്കുക.

എസ്.ഡി.എഫും വ്യവസായ എസ്റ്റേറ്റും

മൂന്നുമുതൽ ഏഴേക്കർ വരെ ഭൂമിയുണ്ടെങ്കിൽ വ്യവസായ ആവശ്യങ്ങൾക്കുള്ള ബഹുനില റെഡി-ടു-യൂസ് കെട്ടിടങ്ങളായ ’സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി’യും ഏഴേക്കറിനു മുകളിൽ 15 ഏക്കർവരെ ഭൂമി സ്വന്തമായുണ്ടെങ്കിൽ വ്യവസായ എസ്റ്റേറ്റും സ്ഥാപിക്കാനായി അപേക്ഷിക്കാം. ചുരുങ്ങിയത് 10,000 ചതുരശ്ര അടി വിസ്തീർണവും കുറഞ്ഞത് 1,000 ചതുരശ്രയടിയുള്ള അഞ്ച് നിർമാണ യൂണിറ്റുകളും കെട്ടിടസമുച്ചയത്തിൽ ഉണ്ടായിരിക്കണം. എസ്.ഡി.എഫ്. നിർമാണത്തിനും അടിസ്ഥാനസൗകര്യമൊരുക്കാനുമായി ആകെ മൂന്നുകോടി രൂപ വരെ റീഇംപേഴ്സ്‌മെന്റ് ലഭിക്കും. കൈവശഭൂമിയോ അല്ലെങ്കിൽ കുറഞ്ഞത് 30 വർഷത്തെ പാട്ട അവകാശമുള്ള ഭൂമിയോ ആകണം. ഭൂമി നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെയോ ഇ.എസ്.എ., സി.ആർ.ഇസെഡ്., തോട്ടം ഭൂമിയുടെയോ പരിധിയിൽ വരുന്നതാകരുത്.

ഏകജാലക അനുമതിയും ‘റെഡ് കാറ്റഗറി’ വിലക്കും

ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡിവലപ്പർ പെർമിറ്റ് ലഭിക്കുന്നതോടൊപ്പം തന്നെ ഓരോ നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റിനും പ്രത്യേക ’ഏകജാലക ക്ലിയറൻസ് ബോർഡും’ രൂപവത്കരിക്കും. കെട്ടിട നിർമാണാനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും. പെർമിറ്റ് ലഭിച്ച് രണ്ടുമാസത്തിനകം കെട്ടിടനിർമാണാനുമതിക്ക് അപേക്ഷിക്കുകയും മൂന്നു മാസത്തിനകം നിർമാണം ആരംഭിക്കുകയും രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണം. പരിസ്ഥിതിമലിനീകരണമുണ്ടാക്കുന്ന റെഡ് കാറ്റഗറി വ്യവസായങ്ങൾക്ക് ഇത്തരം എസ്റ്റേറ്റുകളിൽ അനുമതിയുണ്ടാകില്ല.