തിരുവനന്തപുരം: റോഡ് അപകടങ്ങളും നിരത്തിലെ മരണങ്ങളും കുറയ്ക്കാൻ ‘റോഡ് സുരക്ഷാ സാക്ഷരതാ മിഷനു’മായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ അപകട മരണനിരക്ക് 50 ശതമാനം കുറയ്ക്കുകയും ഭാവിയിൽ റോഡ് അപകടങ്ങൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം.

To advertise here,

അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷയ്ക്കുമായി റോഡുകൾ മെച്ചപ്പെടുത്തും. മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് പോലീസ് വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിശോധന ശക്തിപ്പെടുത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിയമങ്ങളും ചട്ടങ്ങളും രൂപവത്കരിക്കും.

സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ റോഡ് സുരക്ഷയുടെ ഭാഗമായി നടപ്പാക്കി വിജയിച്ച പദ്ധതികൾ മാതൃയാക്കും. ജപ്പാൻ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ’ഫൊർഗിവിങ് റോഡ്’ മാതൃകയിൽ ഹൈവേകൾ അപകടരഹിതമാക്കും.

ദക്ഷിണകൊറിയൻ മാതൃകയിൽ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ ട്രാഫിക് കൾച്ചർ ഇൻഡക്‌സ് രൂപപ്പെടുത്തി റോഡ് സുരക്ഷാ സംസ്കാരവും മെച്ചപ്പെടുത്തും. ഐ.ഐ.ടി. മദ്രാസ്, നാറ്റ്പാക്, എൻ.ഐ.ടി. കാലിക്കറ്റ്, എസ്.സി.എം.എസ്., കുസാറ്റ് തുടങ്ങിയവയുമായി സഹകരിച്ചുള്ള പഠനങ്ങളും തുടർപ്രവർത്തനങ്ങളും ഇതിനായി ആവിഷ്‌കരിക്കും.

സുരക്ഷാസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ 10 ലക്ഷം റോഡ് സുരക്ഷാ ഗാർഡിയൻ എന്ന സന്നദ്ധസേവകരെ സൃഷ്ടിക്കും. മോട്ടോർവാഹന വകുപ്പ്, പോലീസ്, എൻജിനിയറിങ് അധ്യാപകർ, വിദ്യാഭ്യാസവകുപ്പ് എന്നീ മേഖലകളിൽനിന്ന് വിരമിച്ചവരുൾപ്പെടെ 1000 മാസ്റ്റർ ട്രെയിനർമാരെ സൃഷ്ടിക്കും.

ഇവർ വിദ്യാർഥികൾ, യുവജനങ്ങൾ, ഓട്ടോ -ടാക്‌സി ഡ്രൈവർമാർ എന്നിവർക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 1000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പദ്ധതി എത്തിക്കും. നവംബറിൽ ഉദ്ഘാടനംനടത്തി അടുത്ത ആറുമാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

നിയമലംഘനത്തിന് കടുത്തശിക്ഷ

മദ്യപിച്ച് വാഹനമോടിച്ചാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റംവരുത്തും. അമിതവേഗം, അശ്രദ്ധമായ വാഹനമോടിക്കൽ തുടങ്ങിയവയ്ക്കും നിലവിലുള്ളതിനെക്കാൾ കടുത്തശിക്ഷ നൽകുംവിധം പരിഷ്‌കരിക്കും.