കൊച്ചി : മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരിൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡി. ശുപാർശ ചെയ്തേക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ.) സെക്‌ഷൻ 66(2) പ്രകാരം സംസ്ഥാനസർക്കാരിന് കത്തുനൽകാനുള്ള അനുമതിതേടി കൊച്ചി ഇ.ഡി. ഓഫീസ് ഉടൻ ഇ.ഡി. ഡയറക്ടറെ സമീപിക്കും. സി.എം.ആർ.എൽ. കേസന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

സി.എം.ആർ.എൽ. ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് ചുരുക്കപ്പേരാക്കിയ ചിലരുടെ പേരുകൾ എഴുതിയ പുസ്തകം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ഇതിലെ രേഖപ്പെടുത്തലുകൾ.

2024 ഏപ്രിൽ 15-ന് നടന്ന ചോദ്യംചെയ്യലിൽ സുരേഷ് കുമാർ ‘ആർ.സി.’ -രമേശ് ചെന്നിത്തല, ‘കെ.കെ.’ -കുഞ്ഞാലിക്കുട്ടി, ‘പി.വി.’ -പിണറായി വിജയൻ, ‘ഒ.സി.’- ഉമ്മൻചാണ്ടി, ‘ഐ.കെ.’ -ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെയാണെന്ന് മൊഴിനൽകിയിരുന്നു. ‘എ.ജി.’ എന്നത് എ. ഗോവിന്ദൻ എന്നാണെന്നാണ് മൊഴി. ഇത് ആരെന്ന് കണ്ടെത്താനായിട്ടില്ല.

സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരമായിരുന്നു സുരേഷ്‌കുമാർ പണം കൈമാറിയിരുന്നത്. ഈ വ്യക്തികളൊന്നും നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും പ്രതിനിധികളാണ് എത്തിയതെന്നുമാണ് സുരേഷ്‌കുമാറിന്റെ മൊഴി.

ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞും ജീവിച്ചിരിപ്പില്ലാത്തതിനാൽ ക്രിമിനൽക്കേസ് നിലനിൽക്കില്ല. ഇവരുടെ പേരിൽ അന്വേഷണത്തിന് ശുപാർശ നൽകില്ല.

മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരേയുള്ള സമാന ശുപാർശയിൽ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാനസർക്കാർ. കേസെടുക്കാൻ നിയമോപദേശം ലഭിച്ചാലും ഇ.ഡി.യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വാദമുന്നയിച്ച് ശുപാർശകളിലൊന്നിലും കേസെടുക്കാത്ത സ്ഥിതിയുണ്ടായേക്കും.