കോഴിക്കോട്: സമൂഹത്തിലെ മുതിർന്നപൗരർക്കായി നിങ്ങൾ സമയം മാറ്റിവെക്കാറുണ്ടോ. ഇല്ലെങ്കിൽ ഇനിയെങ്കിലും മാറ്റിവെച്ചാലോ... ഇത്തരത്തിൽ മുതിർന്നവർക്കായി യുവത മാറ്റിവെക്കുന്ന സമയം ഡിജിറ്റലായി രേഖപ്പെടുത്താനും അതിലൂടെ സാമൂഹികപിന്തുണയുടെ സുസ്ഥിരമാതൃകയൊരുക്കാനുമായി സംസ്ഥാനത്ത് ‘ടൈം ബാങ്ക്’ വരുന്നു. ശാസ്ത്രീയപഠനം നടത്തിയശേഷം പൈലറ്റായി തുടങ്ങി പിന്നീട് വ്യാപിപ്പിക്കാനാണ് പദ്ധതി.
വയോജനങ്ങൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ വയോജന അയൽപക്ക ശൃംഖല, ഹോണർ എ ഹോം എന്നീ പദ്ധതികളുടെ തുടർച്ചയെന്ന രീതിയിലാണ് ‘ടൈം ബാങ്ക്.’ പദ്ധതി രൂപകല്പന ചെയ്യുന്നതും പൈലറ്റായി നടപ്പാക്കുന്നതും പഠന-ഗവേഷണ സ്ഥാപനങ്ങളാവും.
മുതിർന്നപൗരരും യുവതലമുറയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമയം മാറ്റിവെക്കാൻ തയ്യാറാകുന്ന സന്നദ്ധപ്രവർത്തകരുടെ രജിസ്‌ട്രേഷൻ, സേവനസമയം രേഖപ്പെടുത്തൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായിരിക്കും ‘ടൈം ബാങ്ക്’.
എൻ.എസ്.എസ്., എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, കുടുംബശ്രീ, യുവജനക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡെൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് സന്നദ്ധപ്രവർത്തകരെ പദ്ധതിയുമായി ബന്ധിപ്പിക്കുക. പലപ്പോഴും വിവിധ കാരണങ്ങൾകൊണ്ട് വയോജനങ്ങൾ വീടുകളിൽ ഒറ്റപ്പെടുന്നുണ്ട്. അവർക്കായി സമയം മാറ്റിവെക്കുന്നതിലൂടെ സാമൂഹികബന്ധം വളർത്തിയെടുക്കാനാകുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുത്ത ജില്ലകളിലോ, തദ്ദേശസ്ഥാപനങ്ങളിലോ പൈലറ്റ് പ്രോജക്ട് നടപ്പാക്കി പ്രവർത്തനം വിലയിരുത്തും. എത്രത്തോളം സമയം മാറ്റിവെക്കാൻ പറ്റും, ഏതുരീതിയിൽ സഹായം വേണം എന്നെല്ലാം ഇതിലൂടെ മനസിലാക്കും. ഇത്തരത്തിൽ സമയം മാറ്റിവെക്കുന്നവർക്ക് സേവനമികവിനനുസരിച്ച് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരവും നൽകും.
പദ്ധതി രൂപകല്പന ചെയ്യാനും പൈലറ്റായി നടപ്പാക്കാനുമുള്ള സ്ഥാപനത്തെ കണ്ടെത്തിക്കഴിഞ്ഞെന്നും ഇനി അവരുമായി ധാരണാപത്രം ഒപ്പുവെക്കുമെന്നും സാമൂഹികനീതി ഡയറക്ടറേറ്റ് ഓഫീസ് അധികൃതർ വ്യക്തമാക്കി. പങ്കാളികളാകുന്നവർക്കുള്ള പരിശീലനം, സാങ്കേതികപിന്തുണ, ഡേറ്റാസുരക്ഷ, നിരീക്ഷണം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ധാരണാപത്രം ഒപ്പുവെക്കുക.
Content Highlights: Digital platform to record volunteer time spent with elderly citizens, Continuation of Vayojana Ayalpakka Sreekhanda and Honor a Home schemes, Involves NSS, NCC, Kudumbashree, and youth clubs for volunteer mobilization, Pilot project planned in selected districts and local bodies before statewide rollout
Published: 09 Oct 2026, 07:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented