തിരൂരങ്ങാടി: നഗരസഭയിൽ വ്യാജ ജനനസർട്ടിഫിക്കറ്റുകൾ നിർമിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും തുടങ്ങി. തിരുവനന്തപുരത്തുള്ള ജനന-മരണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഡയറക്ടർക്കു കൈമാറിയെന്ന് ചീഫ് രജിസ്ട്രാർ സജി അറിയിച്ചു.
എൽ.എസ്.ജി.ഡി. വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചെന്നും രജിസ്ട്രാർ വിഭാഗം അറിയിച്ചു. 105 സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണു വിവരം.
വിശദമായ പരിശോധന പൂർത്തിയാകുന്നതോടെ വ്യാജ ജനനസർട്ടിഫിക്കറ്റുകളുടെ എണ്ണം കൂടാനിടയുണ്ട്. 2015-16 കാലത്ത് ഡിജിറ്റൽ സംവിധാനങ്ങളിൽ തിരുത്തൽ നടത്തി വ്യാജ ജനനസർട്ടിഫിക്കറ്റുകൾ നിർമിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അന്വേഷണമാവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി ജനന-മരണ ചീഫ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.
ബുധനാഴ്ച നഗരസഭാ സെക്രട്ടറി എം.വി. റംസി ഇസ്മായീൽ, നഗരസഭയിലെ ജനന-മരണ രജിസ്ട്രർ വിഭാഗത്തിലെ ജീവനക്കാർ എന്നിവരിൽനിന്ന് ചീഫ് രജിസ്ട്രാർ മൊഴിയെടുത്തു. തിരുത്തൽ നടന്ന കാലഘട്ടത്തിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ, വിരമിച്ചവർ, സർവീസിലുള്ള ജീവനക്കാർ തുടങ്ങിയ വിവരങ്ങൾ രജിസ്ട്രാർ ശേഖരിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ കേസെടുത്ത് തിരൂരങ്ങാടി പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സർവീസിലുള്ളവർക്കെതിരേ ഉടൻ നടപടി
തിരൂരങ്ങാടിയിൽ വ്യാജ ജനനസർട്ടിഫിക്കറ്റുകൾ നിർമിച്ച സംഭവത്തിൽ ഉൾപ്പെട്ടവരും ഇപ്പോൾ സർവീസിലുള്ളവരുമായ ജീവനക്കാർക്കെതിരേ ഉടൻ നടപടിയുണ്ടാകാൻ സാധ്യത. തിരൂരങ്ങാടി നഗരസഭയാകുന്നതിനു മുൻപ് അന്നത്തെ ഡിജിറ്റൽ സംവിധാനമായ സേവനയിൽ തിരുത്തൽ വരുത്തിയാണ് വ്യജ ജനനസർട്ടിഫിക്കറ്റുകൾ നിർമിച്ചതെന്നു കണ്ടെത്തി. ഇതിനായി ലോഗിൻ ഉപയോഗിച്ച് സേവനയിൽ തിരുത്തൽ നടത്തിയ ജീവനക്കാരെ കണ്ടെത്താൻ വകുപ്പുതല അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
അന്ന് സർവീസിലുണ്ടായിരുന്ന ചിലർ വിരമിച്ചെങ്കിലും ചിലർ സർവീസിലുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ ഇവർക്കെതിരേ ആദ്യം നടപടികൾ ഉണ്ടാകാനിടയുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിൽ ജീവനക്കാരല്ലാത്തവരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസും അന്വേഷണമാരംഭിച്ചു. നഗരസഭാ സെക്രട്ടറി, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ തുടങ്ങിയവരിൽനിന്ന് പോലീസ് മൊഴിയെടുത്തു.
Content Highlights: Departmental and police investigations launched into the Tirurangadi fake birth certificate scandal., Preliminary checks revealed alterations in 105 certificates dating back to 2015-16 using the Sevana digital portal., Statements recorded from the municipal secretary and staff by the Chief Registrar., Immediate disciplinary action expected against currently serving employees involved in the scam.
Published: 09 Oct 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented