ഭോപ്പാല്‍: തുടര്‍ച്ചയായ രണ്ടാംദിവസമാണ് രാഷ്ട്രീയ നിരീക്ഷകരെ ബിജെപി ഞെട്ടിച്ചിരിക്കുന്നത്. ഹിന്ദിഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച ബിജെപി പക്ഷേ, മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതില്‍ വരുത്തിയ കാലതാമസം നിരവധി അഭ്യൂഹങ്ങള്‍ക്കാണിടയാക്കിയിരുന്നത്. എന്നാല്‍ ഛത്തീസ്ഗഢില്‍ ഞായറാഴ്ചയും മധ്യപ്രദേശില്‍ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുകയുണ്ടായി. ചൊവ്വാഴ്ച രാജസ്ഥാനില്‍ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിച്ച രണ്ട് സംസ്ഥാനങ്ങളിലും സാധ്യതാ പട്ടികയിലൊന്നും ഇടംപിടിക്കാതിരുന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്. ആദിവാസിനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തീസ്ഗഢിലും മുന്‍ മന്ത്രിയും     ഒബിസി നേതാവുമായ മോഹന്‍ യാദവ് മധ്യപ്രദേശിലും മുഖ്യമന്ത്രിയാകും.

To advertise here,

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിപദം സംബന്ധിച്ച് ഉള്‍തിരിഞ്ഞ ഒരുചര്‍ച്ചയിലും കടന്നുവരാത്ത പേരുകളായിരുന്നു ഇരുവരുടേതും. രമണ്‍ സിങ്, അരുണ്‍ സാവ്, ഒ.പി. ചൗധരി, രേണുക സിങ് തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു ഛത്തീസ്ഗഢില്‍ ഉയര്‍ന്നുകേട്ടത്. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍കൂടിയായ വിഷ്ണുദേവിനാണ് നറുക്ക് വീണത്. 

മധ്യപ്രദേശില്‍ ഇത്തവണ അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നില്‍ ശിവരാജ് സിങ്ചൗഹാനാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒരിക്കല്‍ കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. ഒബിസി വിഭാഗക്കാരെ പരിഗണിക്കുമ്പോള്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചത്തിയ മറ്റൊരു നേതാവ് പ്രഹ്ലാദ് സിങ് പട്ടേലായിരുന്നു മുന്‍നിരയില്‍. എന്നാല്‍ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് മോഹന്‍ യാദവിനെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. 'എന്നെ പോലുള്ള ഒരു എളിയ പ്രവര്‍ത്തകന് ഇത്തരത്തിലുള്ള വലിയ ഉത്തരവാദിത്തം നല്‍കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍,വി.ഡി.ശര്‍മ തുടങ്ങിയ നേതാക്കള്‍ ഞാന്‍ നന്ദി പറയുന്നു'മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹന്‍ യാദവ് പ്രതികരിച്ചു.

ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷിയോഗങ്ങള്‍ നടന്നുവരുന്നത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കാര്യമായ എതിര്‍പ്പുകള്‍ പ്രകടമാകാതെ തന്നെ നീക്കങ്ങള്‍ നടത്താന്‍ ബിജെപി ദേശീയ നേതൃത്വത്തിനായെങ്കിലും രാജസ്ഥാനില്‍ സ്ഥിതിയെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പുതുമുഖങ്ങള്‍ തന്നെ വരണമെന്ന നിലപാട് രാജസ്ഥാനില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വസുന്ധര രാജയ്ക്ക് മാറിനില്‍ക്കേണ്ടിവരും. എന്നാല്‍ എംഎല്‍എമാരുടെ സന്ദര്‍ശനങ്ങളും മറ്റും നടത്തി ഇതിനോടകം തന്നെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടത്തുന്ന വസുന്ധരയെ അനുയയിപ്പിക്കാന്‍ ആകുമോ എന്നത് കണ്ടറിയേണ്ടി വരും.

രാജസ്ഥാനില്‍ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് നിരീക്ഷകരായി എത്തുക. രാജ്യസഭാംഗം സരോജ് പാണ്ഡെ, ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘത്തിലുള്ള മറ്റുള്ളവര്‍.

ആരാണ് മോഹന്‍ യാദവ്

58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള എംഎല്‍എയാണ്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. 2018 ദക്ഷിണ ഉജ്ജയിനില്‍ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 

ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2020 ജൂലൈ 2 ന് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ യാദവിന്റെ സ്വാധീനം കൂടുതല്‍ ദൃഢമാകുന്നത്.

രാഷ്ട്രീയ നേതാവിനൊപ്പം അറിയപ്പെടുന്ന വ്യവസായിയുമാണ്‌ മോഹന്‍ യാദവ്.