ബെംഗളൂരു: ഇഡി എന്തും അന്വേഷിക്കാൻ അധികാരമുള്ള സൂപ്പർ പൊലീസല്ലെന്ന് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇഡിക്കുള്ള അധികാരം സ്വതന്ത്രമല്ലെന്നും കോടതി പറഞ്ഞു. മറ്റൊരു നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറുകയാണ് ഇഡി ചെയ്യേണ്ടത്. ആ കുറ്റകൃത്യത്തിന്റെ അന്വേഷണം സ്വയം ഏറ്റെടുക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

To advertise here,

പിഎംഎൽഎ നിയമപ്രകാരം അന്വേഷണം ആരംഭിക്കാൻ ഇടയാക്കിയ അടിസ്ഥാന കുറ്റകൃത്യം നിലനിൽക്കുന്നില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോലാർ-ചിക്കബെല്ലാപുർ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയനിലെ ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ ഇഡി നടത്തിയ അന്വേഷണമാണ് കോടതിയുടെ വിമർശനത്തിന് വിധേയമായത്.

കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചെഗൗഡ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡി രജിസ്റ്റർചെയ്ത എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം.ഐ. അരുൺ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഇഡി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച തുടർനടപടികളും കോടതി റദ്ദാക്കി. പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ച, സ്വത്തുക്കൾ പിടിച്ചെടുത്ത നടപടിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹർജിക്കാരിൽ ഒരാളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകാനും നിർദേശിച്ചു.

ഇഡിയുടെ അധികാരം സ്വതന്ത്രമല്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഇഡിക്ക് സ്വമേധയാ അന്വേഷണം ആരംഭിക്കാനാകില്ല. അന്വേഷണം നടത്താനിടയായ അടിസ്ഥാന കുറ്റകൃത്യം ഇല്ലാതാകുകയോ പ്രതിക്ക് അനുകൂലമായി നടപടികൾ അവസാനിക്കുകയോ ചെയ്താൽ അതിന്റെ ഭാഗമായുള്ള പിഎംഎൽഎ നടപടികൾക്കും നിലനിൽപ്പുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കേസിന് അടിസ്ഥാനമായ ഭൂമി തട്ടിപ്പ് കേസ് പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ, അതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഇഡിക്ക് അന്വേഷണം തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇഡിക്കോ ഉദ്യോഗസ്ഥർക്കോ നേരിട്ട് സ്വകാര്യ പരാതി നൽകാൻ പിഎംഎൽഎ വ്യക്തമായ അധികാരം നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അത്തരമൊരു പരാതി പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമാക്കാനും കഴിയില്ല. നിയമം നിർദേശിച്ചിരിക്കുന്ന രീതിയിൽ മാത്രമേ അന്വേഷണ ഏജൻസികൾക്ക് അധികാരം വിനിയോഗിക്കാനാകൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.