ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ മേഖലയിലോ ജോലിചെയ്യുന്ന മാതാപിതാക്കളുടെ ശമ്പളമോ വരുമാനമോ മാത്രം അടിസ്ഥാനമാക്കി ഒരാൾ ഒബിസി ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നയാളാണെന്ന് തീരുമാനിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒബിസി സംവരണത്തിന് അർഹത നിർണയിക്കുന്നതിൽ മാതാപിതാക്കളുടെ വരുമാനം മാത്രം മാനദണ്ഡമാക്കാനാവില്ലെന്ന മാർച്ച് 11-ലെ വിധി കോടതി ആവർത്തിച്ചു. മാതാപിതാക്കളുടെ വരുമാനം മാത്രം കണക്കിലെടുത്ത് ഒരാളെ ഒബിസി സംവരണ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

To advertise here,

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധി ഭാവിയിലെ കേസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും കോടതി തള്ളി. ഇതോടെ മാർച്ച് 11-ലെ വിധിയുടെ പ്രയോജനം അതിനുശേഷം ഉണ്ടാകുന്ന കേസുകൾക്ക് മാത്രമായി ചുരുങ്ങില്ല.

2025-ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒബിസി ഉദ്യോഗാർഥികളുടെ സർവീസ് അലോക്കേഷൻ നടപടികളിലും മാർച്ച് 11-ലെ വിധിയിലെ ക്രീമിലെയർ മാനദണ്ഡം ബാധകമായിരിക്കുമെന്ന് ബെഞ്ച് പറഞ്ഞു. അലോക്കേഷൻ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ന്യായമായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.

അന്നത്തെ വിധി കോടതിക്കു മുന്നിലുണ്ടായിരുന്ന കക്ഷികളുടെ അവകാശങ്ങൾ നിർണയിക്കുന്നതാണെന്നും ഇവർ ഒബിസി നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് വ്യക്തമാക്കിയ കോടതി, സംവരണത്തിന്റെ ആനുകൂല്യത്തിനും തിരഞ്ഞെടുപ്പ് നടപടികളിൽ ലഭിക്കേണ്ട തസ്തികകളുടെ അലോക്കേഷനും ഇവർ അർഹരാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, ഈ ആനുകൂല്യം നൽകുന്നത് മറ്റ് ഉദ്യോഗാർഥികളുടെ സീനിയോറിറ്റിയെ ബാധിക്കരുതെന്നും ഇതിനകം പൂർത്തിയായ തിരഞ്ഞെടുപ്പ് നടപടികളോ നിയമനങ്ങളോ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. 2016-ലെ സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട നടപടികൾ സുപ്രീംകോടതിയിലെ അപ്പീലുകളിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് 2016 ഡിസംബർ 20-ന് ഡിഒപിടി കത്തിലൂടെ വ്യക്തമാക്കിയിരുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.

വിധിയുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലോ ട്രൈബ്യൂണലുകളിലോ മറ്റ് അധികാരപ്പെട്ട സമിതികൾക്കു മുന്നിലോ പരിഗണനയിലുണ്ടെങ്കിൽ, ബന്ധപ്പെട്ട അധികാരികൾക്ക് ഓരോ കേസിന്റെയും സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.