ന്യൂഡൽഹി: കർണാടകയിലെ ചില പമ്പുകളിൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തിയ പെട്രോളാണ് വിൽക്കുന്നതെന്ന ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളാണ് മന്ത്രാലയത്തിന് വിശദീകരണം നൽകിയത്. കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ഐഎസ് 17021 മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് കമ്പനികൾ അറിയിച്ചു. എഥനോൾ ചേർത്ത മോട്ടോർ ഗ്യാസോലിനുള്ള ഗുണനിലവാര മാനദണ്ഡമാണ് ഇത്. 2026 ഒക്ടോബറിൽ നടത്തിയ പരിശോധനയിലെ സാമ്പിൾ ശേഖരണ രീതിയിലും പരിശോധനാ രീതിയിലും കമ്പനികൾ ആശങ്ക അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകളാണ് ശേഖരിക്കേണ്ടത്. ഇതിൽ രണ്ടെണ്ണം കൈപ്പറ്റിയെന്ന് രേഖാമൂലം സ്ഥിരീകരിച്ചുകൊണ്ട് പെട്രോൾ പമ്പ് ഉടമയ്ക്ക് നൽകണം. രണ്ടെണ്ണം എണ്ണക്കമ്പനിയോ ബന്ധപ്പെട്ട വകുപ്പോ സൂക്ഷിക്കണം. ശേഷിക്കുന്ന രണ്ടെണ്ണം കൺട്രോൾ ഓർഡറിലെ ഷെഡ്യൂൾ മൂന്ന് പ്രകാരം നിർദേശിച്ച ലബോറട്ടറിയിലേക്കോ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത ലബോറട്ടറിയിലേക്കോ അയയ്ക്കണം. സാമ്പിൾ ലേബലുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംയുക്തമായി ഒപ്പിടുകയും വേണം. പരിശോധനാ ഫലം നിശ്ചിത സമയപരിധിക്കുള്ളിൽ പമ്പ് ഉടമയെയും എണ്ണക്കമ്പനിയെയും അറിയിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പിളുകൾ സംസ്ഥാനതല കോർഡിനേറ്റർ വഴിയാണ് നിർദിഷ്ട എണ്ണക്കമ്പനി ലബോറട്ടറികളിലേക്ക് അയച്ചത്. എംഡിജി 2024 പ്രകാരം ആവശ്യപ്പെട്ട ഗുണനിലവാര പരിശോധനകളും അന്ന് നടത്തിയിരുന്നു. എന്നാൽ ഒക്ടോബറിലെ തുടർപരിശോധനയിൽ എണ്ണക്കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ട സാമ്പിളുകൾ കമ്പനികൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. ഓരോ പെട്രോൾ പമ്പിലെയും പരിശോധനാ വിവരങ്ങളും ലബോറട്ടറി റിപ്പോർട്ടുകളും ലഭിച്ചിട്ടില്ലെന്നും സംസ്ഥാനതല കോർഡിനേറ്റർ വഴി ഇവ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നും എണ്ണക്കമ്പനികൾ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തിയ ഇന്ധനം വിതരണം ചെയ്യുന്നുവെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപണം ആവർത്തിച്ചു. കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിന് മുകളിലാണ്.

2025 ഏപ്രിലിലാണ് കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയം പ്രാബല്യത്തിൽ വന്നത്. രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. നയം നടപ്പാക്കിയതിന് പിന്നാലെ വലിയ ആശങ്ക നിരവധി പേർ പങ്കുവെച്ചിരുന്നു.