മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗവുമായ ദിഗ്വിജയ് സിങ് എന്ന ഡിഗ്ഗിരാജ സമർത്ഥനും തന്ത്രശാലിയുമായ പ്രായോഗിക രാഷ്ട്രീയക്കാരനാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും സമ്മതിക്കും. മൂന്നുദശകത്തോളം കാലം ഭാരതീയ ജനതാപാർട്ടിയെ (ബിജെപി) നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന സിങ് കഴിഞ്ഞയാഴ്ച പാർട്ടി നിലപാടിനു വിരുദ്ധമായി പഴയ എതിരാളികളെ ന്യായീകരിക്കാനെത്തിയത് അമ്പരപ്പുളവാക്കി. ജീവിതകാലം മുഴുവൻ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ പ്രശ്നപരിഹാരകനും ഹൈന്ദവ വലതുപക്ഷത്തിന്റെ കടുത്ത വിമർശകനായിരുന്ന ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തിലെ അവിശ്വസനീയമായ വഴിത്തിരിവാണ് ഉജ്ജൈനിൽ നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത്.

To advertise here,

മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും നേരിടുന്ന വലിയ ഭൂമി കുംഭകോണ ആരോപണമായിരുന്നു വിഷയം. നേരത്തേ, ഉജ്ജൈനിലെ ഏതാണ്ട് 500 കോടി രൂപ വിലമതിക്കുന്ന 500 ഏക്കറോളം ഭൂമി 'വീർ ഭാരത് ന്യാസ്' എന്ന ട്രസ്റ്റിന് തുച്ഛമായ തുകയ്ക്ക് സർക്കാർ കൈമാറിയെന്നും മുഖ്യമന്ത്രിയുടെ അടുത്ത സഹായിക്ക് ഈ ട്രസ്റ്റുമായി ബന്ധമുണ്ടെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആരോപിച്ചതിനു പിന്നാലെയായിരുന്നു ഡിഗ്ഗിരാജയുടെ വാർത്താസമ്മേളനം. ഔദ്യോഗികരേഖകൾ താൻ നേരിട്ട് പരിശോധിച്ചുവെന്നും പട്വാരിയുടെ പ്രധാന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയെന്നും ദിഗ്വിജയ് സിങ് വാർത്താലേഖകരോട് പറഞ്ഞതോടെ കളി മാറി.

ഭൂമി കൈമാറിയത് മുഖ്യമന്ത്രി എക്സ് ഒഫീഷ്യോ ചെയർമാനും, സാംസ്‌കാരിക മന്ത്രി വൈസ് ചെയർമാനും, സർക്കാർ ഉദ്യോഗസ്ഥൻ സെക്രട്ടറിയുമായുള്ള സർക്കാർ ട്രസ്റ്റിനാണെന്ന് സിങ് വിശദീകരിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആരോപിച്ചതുപോലെ യാദവ് കുടുംബത്തിന് ലാഭമുണ്ടാക്കുന്ന ഒരു സ്വകാര്യ സ്ഥാപനമല്ല അതെന്നും വ്യാജ ആരോപണങ്ങൾ നടത്തി പണമുണ്ടാക്കുന്ന ദല്ലാളുമാർക്ക് പഞ്ഞമില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണത്തെ തുടർന്ന് വലിയ പ്രതിരോധത്തിലായിരുന്ന ബിജെപിക്ക് ആശ്വാസമായി ആ വാക്കുകൾ. പട്വാരിയുടെ ആരോപണങ്ങൾ 'അദ്ദേഹത്തിന്റെ പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് തന്നെ തള്ളിക്കളഞ്ഞു' എന്ന് ബിജെപി വക്താക്കൾ പറഞ്ഞു. ബിജെപി എംഎൽഎ പ്രീതം ലോഡി അദ്ദേഹത്തിന് പാർട്ടി അംഗത്വം വാഗ്ദാനം ചെയ്തു.

പട്വാരിയെ പരസ്യമായി തിരുത്തിയ സിങിന്റെ നടപടി ചേരിപ്പോരുകൾക്ക് തിരികൊളുത്തി. 2020-ൽ കമൽനാഥ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായ ഭിന്നതകളെ അതോർമിപ്പിച്ചു. മകൻ ജയവർദ്ധൻ സിങിന്റെ രാഷ്ട്രീയ ഭാവി മുന്നിൽക്കണ്ടാണ് സിങ് സ്വന്തം പാർട്ടിയുടെ നിലപാടിനെ തകർക്കാൻ ശ്രമിച്ചതെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സിങിന്റെ പെരുമാറ്റം 'പുത്രമോഹം' കൊണ്ടാണെന്നും പാർട്ടി അച്ചടക്ക ലംഘനമാണെന്നും തുറന്നടിച്ചവരും ഉണ്ട്. 'ദിഗ്വിജയ് സിങ് എന്ന നാഗപാശത്തിൽ നിന്നും എന്നാണ് കോൺഗ്രസ് മോചിപ്പിക്കപ്പെടുക' എന്ന് ജനറൽ സെക്രട്ടറി നിധി ചതുർവേദി ചോദിച്ചു. പാർട്ടി അധ്യക്ഷനുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടി വേദികളിലായിരുന്നു ഉന്നയിക്കേണ്ടത് എന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

പതിവുപോലെ രക്ഷാപ്രവർത്തനം വൈകിയില്ല. പട്‌വാരിയും സിങും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി യാദവ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി. അമ്പതു വർഷത്തോളമായി കോൺഗ്രസിലുള്ള തനിക്ക് ജിത്തു പട്‌വാരി മകനെപ്പോലെയാണെന്നും തങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അടക്കം പാർട്ടിയിലെ ആർക്കുമെതിരെ ദല്ലാൾ എന്ന വാക്ക് തനിക്ക് ഒരിക്കലും ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരെ ഒക്ടോബർ രണ്ടിന് ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രം മുതൽ അയോധ്യ വരെ നീളുന്ന ആയിരം കിലോമീറ്റർ ദൂരം പദയാത്ര ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മലക്കംമറിച്ചിലുകളും നിഷേധങ്ങളുമൊന്നും ദിഗ്വിജയ് സിങിന്റെ പ്രവൃത്തിയിലെ പൊരുത്തക്കേടുകളെ മൂടാൻ പര്യാപ്തമല്ല. അത്രയ്ക്ക് കടുത്ത നിലപാടുകളായിരുന്നു ഹിന്ദുത്വയ്ക്കും ബിജെപിക്കുമെതിരെ സമീപകാലം വരെ അദ്ദേഹം കൈക്കൊണ്ടിരുന്നത്. 'കാവി ഭീകരത' എന്ന ആഖ്യാനത്തിന്റെ മുഖ്യശിൽപിയായി കരുതപ്പെട്ടിരുന്ന അദ്ദേഹം മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിദ്ധാന്തത്തിന് പിന്തുണ നൽകിയിരുന്നു. അതേ വ്യക്തിയാണ് ബിജെപി മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത്! പെട്ടെന്നുള്ള ഈ ചുവടുമാറ്റത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായിരിക്കുമോ?

മുംബൈ ഭീകരാക്രമണവും മാലേഗാവും ഹിന്ദു ഭീകരതയും

കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള സിങിന്റെ ബന്ധം വഷളായതായി സംശയിക്കപ്പെടുന്ന സമയത്താണ് ഈ വിവാദമുണ്ടായത്. 2014 മുതൽ രാജ്യസഭാംഗമായിരുന്ന അദ്ദേഹം ഇക്കുറി മത്സരിച്ചില്ല. രാജ്യസഭയിലെ മൂന്നാം ഊഴത്തിനായി താൻ മത്സരിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ജനുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് കോൺഗ്രസിന്റെ പട്ടികജാതിവിഭാഗം, സാമൂഹിക സമത്വം ഉറപ്പാക്കാൻ ഈ സീറ്റ് ഒരു ദലിത് പ്രതിനിധിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്ത്രപരമായ പ്രഖ്യാപനം. 2019-ലും 2024-ലും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സിങിന്റെ പിൻമാറ്റം സ്വമേധയാ ആയിരുന്നില്ല, നേതൃത്വം നിർബന്ധിച്ച് സമ്മതിപ്പിച്ചതാണെന്ന ആരോപണങ്ങൾ ഉയർന്നു.

പിൻമാറ്റം അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നോ, അതോ നീണ്ട രാഷ്ട്രീയ ജീവിതം അവസാനിക്കാറായി എന്ന ഹൈക്കമാൻഡിന്റെ സൂചനയായിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും പാർട്ടിയും സിങും തമ്മിൽ നല്ല രസത്തിലല്ല എന്ന തോന്നലുണ്ടാകാൻ അത് കാരണമായി. പുതിയ വിവാദത്തിന് വഴിവെക്കുന്ന ഒരു പ്രധാനകാരണവും അതാണ്. ഹിന്ദുത്വക്കെതിരായ അദ്ദേഹം ഇതുവരെ നടത്തിയത് സന്ധിയില്ലാത്ത പോരാട്ടമാണ്. പ്രത്യേകിച്ച് യുപിഎ ഭരണകാലത്ത്. 2007-നും 2011-നും ഇടയ്ക്ക് 'കാവി ഭീകരത' അല്ലെങ്കിൽ 'ഹിന്ദു ഭീകരത' എന്ന സിദ്ധാന്തം പൊതുസമൂഹത്തിൽ ചർച്ചയാക്കിയവരിൽ ഏറ്റവും പ്രമുഖനായിരുന്നു സിങ്.

2008-ലെ മാലേഗാവ് സ്ഫോടനം ഉൾപ്പെടെയുള്ള സ്ഫോടന പരമ്പരകൾക്ക് പിന്നിൽ ആർഎസ്എസുമായി ബന്ധമുള്ള ഹൈന്ദവ ദേശീയസംഘടനകളാണെന്ന ആശയത്തിന് ഔദ്യോഗികപരിവേഷം നൽകാൻ അദ്ദേഹം ശ്രമിച്ചു. മാലേഗാവ് കേസിൽ പ്രഗ്യാ സിങ് ഠാക്കൂറും ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിതും ഉൾപ്പെടെയുള്ള പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചു, ഠാക്കൂർ ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോടതി നടപടികളുടെ കാലതാമസം കാരണം അർഹമായ സ്ഥാനക്കയറ്റം നഷ്ടമായെന്ന പുരോഹിതിന്റെ പരാതി പരിഗണിച്ച സായുധസേനാ ട്രിബ്യൂണൽ (എഎഫ്ടി) വിരമിക്കൽ സ്റ്റേ ചെയ്യുകയും ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തു.

മുംബൈ ആക്രമണം മൊസാദിന്റെയും സിഐഎയുടെയും രഹസ്യ പിന്തുണയോടെ ആർഎസ്എസ് നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്ന ഒരു പുസ്തകം സിങ് പ്രകാശനം ചെയ്യുകയുണ്ടായി. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സംഘ (എടിഎസ്) തലവൻ ഹേമന്ദ് കർക്കരെ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും മാലെഗാവ് സ്ഫോടനക്കേസിലെ അന്വേഷണത്തെ എതിർക്കുന്നവരുടെ നിരന്തരഭീഷണി കാരണം കടുത്ത സമ്മർദ്ദത്തിലാണെന്ന് പറഞ്ഞുവെന്നും സിങ് അവകാശപ്പെട്ടിരുന്നു. മാലെഗാവ് കേസിലെ പ്രതികളെയൊക്കെ എൻഐഎ പ്രത്യേകകോടതി വെറുതെവിട്ട ശേഷം താൻ ഒരിക്കലും ആർഎസ്എസിന് മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു.

നിതീഷിന്റെ വഴിയും സൂപ്പർ മെജോറിറ്റിക്കുള്ള കളികളും

ബിഹാറിലെ നിതീഷ് കുമാറിനെ പോലെ ദിഗ്വിജയ് സിങ് ഒടുവിൽ എൻഡിഎയിൽ എത്തുമോ, ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിൽ ഏർപ്പെടുമോ എന്ന ചോദ്യം സ്വാഭാവികമാണ്. 2000 മുതൽ 2013 വരെ ബിജെപിയുമായി സഖ്യത്തിലായിരുന്ന നിതീഷ്‌കുമാർ സഖ്യം വിട്ടത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചതോടെയാണ്. എൻഡിഎക്കെതിരെ മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പു വിജയിച്ച നിതീഷ് 2017-ൽ ബിജെപി സഖ്യത്തിലേക്ക് തിരിച്ചു പോയി. 2022-ൽ വീണ്ടും മഹാസഖ്യത്തിലേക്ക്, '24-ൽ എൻഡിഎയിൽ വീണ്ടും. നിതീഷ് ഇപ്പോൾ രാജ്യസഭയിൽ എൻഡിഎയുടെ ഒപ്പമാണ്, ബിഹാറിന്റെ മുഖ്യമന്ത്രി ബിജെപിക്കാരനും.

പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണ്. ദീർഘകാലം ബിജെപിക്കെതിരായിരുന്ന വിവിധ പാർട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ പ്രതിനിധികളുടെ മൂന്നിൽ രണ്ടു ഭാഗം പിളർന്ന് എൻഡിഎയിൽ ചേരുന്നത് വാർത്തയല്ലാതായിരിക്കുന്നു. മഹാരാഷ്ട്രയിലെ യഥാർത്ഥ ശിവസേന ഏക്നാഥ് ഷിന്ദേയുടെ വിമതസേനയാണ്. ഇപ്പോൾ ഉദ്ധവ് സേനയിടെ മൂന്നിൽ രണ്ടു ഭാഗം വീണ്ടും പിളർന്ന് ഷിന്ദേയ്ക്കൊപ്പം പോയിരിക്കുന്നു. ആപ്പിലെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ടു ഭാഗവും ബിജെപിയിൽ ചേർന്നു. മമതാ ബാനർജിയുടെ തൃണമൂലിന്റെ (ടിഎംസി) മൂന്നിൽ രണ്ടും വിമതർക്കൊപ്പമാണ്. ഇപ്പോളവർ ടിഎംസിയുടെ കൊൽക്കത്തയിലെ ആസ്ഥാനവും സ്വന്തമാക്കിയിരിക്കുന്നു.

അടുത്ത ഊഴം യുപിയിലെ സമാജ്വാദി പാർട്ടിയുടേതാണെന്ന് അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തിൽ ദിഗ്വിജയ് സിങിന്റെ 'വസ്തുനിഷ്ഠത' അതിന്റെ ഭാഗമാണോ, അതോ വെറും പുത്രമോഹമാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അദ്ദേഹത്തിന്റെ വിമർശകർ. പക്ഷേ, ദിഗ്വിജയ് സിങ് കോൺഗ്രസ് വിടാൻ ഉദ്ദേശിക്കുന്നതായി സൂചനയൊന്നുമില്ല. അയോധ്യായാത്രയ്ക്കുള്ള പ്രഖ്യാപനവും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എങ്കിലും പാർശ്വവത്കരിക്കപ്പെട്ട ഒരു മുതിർന്ന നേതാവ് പാർട്ടി താൽപര്യങ്ങളേക്കാൾ വസ്തുതകളുടെ കൃത്യതയ്ക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു എന്നു പറഞ്ഞ് വിവാദത്തെ ലഘൂകരിക്കാനാവില്ല. അതിനും വളരെ മുകളിൽ രാഷ്ട്രീയ ബുദ്ധിയും കൗശലവുമുള്ള നേതാവാണ് സിങ്.

വരുംവരായ്കകൾ ആലോചിക്കാതെയാണ് അദ്ദേഹം പരസ്യമായി സംസ്ഥാന പ്രസിഡന്റിനെ തിരുത്തിയത് എന്ന് വിശ്വസിക്കാനാവില്ല. നാശം വിതയ്ക്കാൻ തനിക്കുള്ള അസാധാരണമായ ശേഷി നശിച്ചുപോയിട്ടില്ലെന്ന് ഹൈക്കമാൻഡിനെ അദ്ദേഹം ഓർമപ്പെടുത്തുകയാകാം! ഒരിക്കലും പരസ്പരം ക്ഷമിക്കാൻ കഴിയാത്തത്ര വിദ്വേഷവും പകയും പുലർത്തിയ ശത്രുക്കൾ (അങ്ങനെ തോന്നിച്ച) എല്ലാം മറന്ന് കൈകൊടുത്താൽ അതിനപ്പുറമില്ല. 'രാഷ്ട്രീയത്തിൽ ആദർശവുമില്ല, പ്രത്യയശാസ്ത്രവുമില്ല, വാക്കിനു വിലയുമില്ല' എന്ന് അതിനെക്കാൾ ശക്തിയായി ബോധ്യപ്പെടുത്തുന്ന ഒരു കൂറുമാറ്റം വേറെയുണ്ടാവില്ല!