ബെംഗളൂരു: ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദത്തിൽ എണ്ണക്കമ്പനികളുടെ വിശദീകരണത്തിൽ മറുപടിയുമായി കർണാടക മന്ത്രി. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി റിസ്വാൻ അർഷാദാണ് എണ്ണക്കമ്പനികൾക്ക് മറുപടിയുമായി രംഗത്തെത്തിയത്. എണ്ണക്കമ്പനികളുടേത് കോപ്പി-പേസ്റ്റ് മറുപടിയാണെന്ന് പറഞ്ഞ മന്ത്രി, അതിനുള്ള വിശദമായ മറുപടി തിങ്കളാഴ്ച നൽകുമെന്നും വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

'നിങ്ങളുടെ കോപ്പി-പേസ്റ്റ് മറുപടി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ദീപാവലി വാരാന്ത്യം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തിങ്കളാഴ്ച രാജ്യത്തിന് മുന്നിൽ വിശദമായ മറുപടി ഞാൻ നൽകും. അതുവരെ ആഘോഷങ്ങൾ ആസ്വദിക്കൂ. എല്ലാവർക്കും ദീപാവലി ആശംസകൾ' -ഇതായിരുന്നു അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തത്. തങ്ങൾ സർക്കാർ എന്ന ഔദ്യോഗിക സംവിധാനമാണെന്നും അല്ലാതെ ഏതെങ്കിലുമൊരു സ്ഥാപനമല്ലെന്നും അദ്ദേഹം എണ്ണക്കമ്പനികളെ ഓർമിപ്പിക്കുകയും ചെയ്തു. ഭാരത്

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) എന്നീ എണ്ണക്കമ്പനികളുടെ വിശദീകരണത്തോടാണ് മന്ത്രി പ്രതികരിച്ചത്. മൂന്ന് കമ്പനികളുടേയും പ്രതികരണങ്ങളുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയായിരുന്നു റിസ്വാൻ അർഷാദിന്റെ പോസ്റ്റ്. ഒപ്പം മൂന്ന് എണ്ണക്കമ്പനികളേയും ടാഗും ചെയ്തിരുന്നു.

കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായ അളവിലുമധികം എഥനോൾ ഉണ്ടെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിലാണ് അധികം അളവിൽ എഥനോൾ കണ്ടെത്തിയത്. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 20 ശതമാനം എഥനോളാണ് അനുവദിനീയമെന്നിരിക്കെ പല പമ്പുകളിലേയും പെട്രോളിൽ 30 ശതമാനത്തിലധികമായിരുന്നു എഥനോളിന്റെ അളവ്.

സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികൾ ഇക്കാര്യത്തിൽ നൽകിയ പ്രധാന വിശദീകരണം. ഈ വിശദീകരണത്തെയാണ് റിസ്വാൻ അർഷാദ് 'കോപ്പിയടിച്ച മറുപടി' എന്ന് വിശേഷിപ്പിച്ചത്.