ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ധനോറിയ ഗ്രാമത്തില്‍ 45-കാരിയായ രാംപ്യാരി ഭായി എന്ന സെഹരിയ ഗോത്രവര്‍ഗക്കാരിയെ അവരുടെ കൃഷിയിടത്തിലിട്ട് രജപുത്രവിഭാഗക്കാര്‍ തീകൊളുത്തി കൊന്നിട്ട് രണ്ടുവര്‍ഷത്തോളമായി. ദേഹമാസകലം പൊള്ളലേറ്റ രാംപ്യാരിയെ 200 കിലോമീറ്റര്‍ അപ്പുറമുള്ള ഭോപാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുനാളുകള്‍ക്കുശേഷം മരിച്ചു.

To advertise here,

രാംപ്യാരി ഭായി സ്വന്തംകൃഷിയിടത്തില്‍ കൃഷിചെയ്യാന്‍ മണ്ണൊരുക്കാനിറങ്ങിയപ്പോഴാണ് രണ്ടു സ്ത്രീകളും നാലാണുങ്ങളുമടങ്ങുന്ന സംഘമെത്തി തീകൊളുത്തിയത്. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതുവരെ രാംപ്യാരിയുടെയും കുടുംബത്തിന്റെയും പരാതികള്‍ അവഗണിച്ച തഹസില്‍ദാരും പോലീസും സ്ഥലത്തെത്തി രാംപ്യാരിയുടെ കുടുംബത്തിന് അവകാശപ്പെട്ട രണ്ടേക്കറോളം സ്ഥലം തിട്ടപ്പെടുത്തിനല്‍കി. ഒപ്പം മറ്റുചിലര്‍ക്കും സ്വന്തം ഭൂമി തിരിച്ചുകിട്ടി. എന്നാല്‍, ഭൂമിയുടെ പട്ടയം കൈയിലുണ്ടായിട്ടും കൃഷിയിടത്തിലിറങ്ങാനാകാതെ അവിടെ കൂലിപ്പണി ചെയ്യേണ്ടിവരുന്നവരാണ് ഭൂരിഭാഗം സെഹരിയക്കാരും.

''അധികാരവും ആള്‍ബലവുമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട രജപുത്രരായ ധാക്കഡുമാരും നാഥുമാരും ഞങ്ങളുടെ ഭൂമി കൈയടക്കിയിരിക്കയാണ്. അമ്മയെക്കൊന്ന സംഘത്തില്‍പ്പെട്ട അവന്തി, സുധാമാ ഭായി എന്നിവര്‍ക്ക് വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആരുമില്ലെന്ന ന്യായത്തില്‍ കോടതി ജാമ്യവുംനല്‍കി'' -രാംപ്യാരി ഭായിയുടെ മകന്‍ പപ്പു സെഹരിയ പറഞ്ഞു. രാംപ്യാരിയുടെ ഭര്‍ത്താവ് അര്‍ജുന്‍ സെഹരിയയും പപ്പുവും ഭാര്യ രമണ്‍ഭായിയും രണ്ടു മക്കളുമാണിപ്പോഴുള്ളത്.

ഭൂമിയില്‍ക്കയറാന്‍ അധികാരമില്ല

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അര്‍ജുന്‍ സിങ്ങും ദിഗ്വിജയ് സിങ്ങും ഭരിക്കുമ്പോള്‍ 1999, 2002 കാലത്താണ് അതിദുര്‍ബല വിഭാഗമായ സെഹരിയ ഗോത്രവര്‍ഗമടക്കമുള്ള പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത്. മൂന്നരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഏഴുലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. ഇതില്‍ 70 ശതമാനത്തിനും പട്ടയരേഖയുണ്ടെങ്കിലും ഭൂമിയില്‍ക്കയറാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന് സെഹരിയക്കാര്‍ക്കായി കേസുകള്‍ നടത്തുന്ന അഡ്വ. വിവേക് സിങ് സിസോദിയ പറഞ്ഞു.

പപ്പു സെഹരിയയുടെ അയല്‍ക്കാരിയായ അമന്തി ഭായിക്കും പട്ടയമുണ്ട്. എന്നിട്ടും സ്വന്തം കൃഷിഭൂമിയില്‍ കൂലിക്കാരായി ജോലിചെയ്യുന്നു. ''അവര്‍ വലിയ ആളുകളാണ്. എന്തും ചെയ്യും. മക്കളൊക്കെ മദ്യപരാണ്. അവര്‍ക്ക് എതിരിടാനുള്ള ആരോഗ്യമൊന്നുമില്ല.'' 'മക്കള്‍ക്ക് ഭൂമി സ്വന്തമാക്കിയവരെ എതിരിട്ടുകൂടേ' എന്നുചോദിച്ചപ്പോള്‍ ഭൂമിയുടെ പട്ടയംകാട്ടി അമന്തി ഭായ് പറഞ്ഞു.

അച്ഛന്റെപേരില്‍ 1999-ല്‍ കിട്ടിയ 12 ഏക്കര്‍ ഭൂമിയില്‍ ഭാഗിച്ചുകിട്ടിയ മൂന്നേക്കറിന്റെ പട്ടയം ഗ്രാമത്തിലെ 60-കാരനായ ജംനലാലിന്റെ കൈവശമുണ്ട്. ''പക്ഷേ, എന്തുകാര്യം. അവര്‍ ഭൂമിതരില്ല. പരാതി നല്‍കിയാല്‍ താലൂക്ക്-വില്ലേജ് അധികൃതരും തിരിഞ്ഞുനോക്കില്ല''- ജംനലാല്‍ നെടുവീര്‍പ്പിടുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിയായി ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി റാവു യാദവേന്ദ്ര യാദവുമാണിവിടെ മത്സരിക്കുന്നത്. ''ആദിവാസികള്‍ക്കും രജപുത്രര്‍ക്കും ഏറക്കുറെ തുല്യവോട്ടാണ്. ഏതെങ്കിലും വിഭാഗത്തിനായി ഇടപെട്ടാല്‍ എതിര്‍വിഭാഗത്തിന്റെ വോട്ട് പോവും'' -ഗുണയിലെ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ ഡോ. പുഷ്പരാഗ് പറഞ്ഞു. ഇതേ അവസ്ഥയാണ് 26 കിലോമീറ്റര്‍ അകലെയുള്ള ബാമോരിയില ഹൊണോട്ടിയ ഗ്രാമത്തിലുള്ള ശ്രീബല്‍ സെഹരിയയും അയല്‍വാസികളും അനുഭവിക്കുന്നത്. അവിടെ ഠാക്കൂര്‍മാരാണ് പ്രശ്‌നക്കാര്‍.