ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഒരു 'വലിയ തെറ്റായിരുന്നുവെന്ന്' കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങളുടെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി വർധിപ്പിച്ചത് സഞ്ജയ് ഗാന്ധിയാണെന്നും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നെങ്കിൽ അതിക്രമങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാമായിരുന്നുവെന്നും സോണിയ വ്യക്തമാക്കി.

To advertise here,

പ്രസിദ്ധീകരിക്കാനാരിക്കുന്ന ആത്മകഥയായ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി നൽകിയ അഭിമുഖങ്ങളിലാണ് സോണിയ ഗാന്ധിയുടെ ഈ തുറന്നുപറച്ചിൽ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തുന്നു. ഒരു അത്താഴവിരുന്നിനിടെ 'പ്രതിപക്ഷത്തെ തടഞ്ഞേ തീരൂ' എന്ന് പറഞ്ഞ് അടിയന്തരാവസ്ഥയ്ക്കായി ഇന്ദിരാ ഗാന്ധിക്ക് മേൽ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് സഞ്ജയ് ഗാന്ധിയാണ്. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പകരം അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് രാജീവ് ഗാന്ധി അമ്മയോട് ഉപദേശിച്ചത്. സഞ്ജയ് ഗാന്ധിക്ക് പുറമെ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരയ്ക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സോണിയ പറഞ്ഞു.

ഒരു ജനാധിപത്യവാദിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനത്തിൽ ഒരിക്കലും തൃപ്തിയുണ്ടായിരുന്നില്ല. ആ തീരുമാനം അവരുടെ മനസ്സിന് വലിയ ഭാരമായിരുന്നു. അതുകൊണ്ടാണ് 1977-ൽ ജനവിധി തേടാൻ അവർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന നിർബന്ധിത വന്ധ്യംകരണവും ചേരി നിർമ്മാർജ്ജനവും ഉൾപ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഇന്ദിരാ ഗാന്ധി പിന്നീട് മനസ്സിലാക്കുകയും തിരുത്തലുകൾ വരുത്തുകയും ജനങ്ങളോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

നവംബർ 10-ന് പുറത്തിറങ്ങുന്ന 'Belonging: A Journey of Love' എന്ന ആത്മകഥയിൽ സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ആദ്യകാല ജീവിതവും രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ശേഷമുള്ള രാഷ്ട്രീയ ജീവിതവുമാണ് പ്രതിപാദിക്കുന്നത്.