ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ് അധികൃതർ മീനാക്ഷികയുടെ പത്രിക നിരസിച്ചത്. എന്നാൽ, ഈ നടപടി ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും മീനാക്ഷി പറഞ്ഞു.
അതേസമയം, സ്ഥാനാർത്ഥികൾ തങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കണമെന്ന നിയമത്തിന്റെ വിജയമാണിതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോരും രാഷ്ട്രീയ വടംവലിയും ഈ സംഭവത്തിലൂടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള നേതാക്കളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി കൃത്രിമം കാണിച്ചതായും മീനാക്ഷി നടരാജൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശ് നിയമസഭയിൽ ആവശ്യമായ അംഗബലം ഇല്ലാതിരുന്നിട്ടും ബിജെപി മൂന്നാമതൊരു രാജ്യസഭാ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മീനാക്ഷി പറഞ്ഞു. ക്രോസ് വോട്ടിങ്ങിലൂടെയും രാഷ്ട്രീയ കൂറുമാറ്റത്തിലൂടെയും വിജയം ഉറപ്പിക്കാമെന്നാണ് ഭരണകക്ഷി ആദ്യം കരുതിയിരുന്നതെന്നും, എന്നാൽ കോൺഗ്രസിന്റെ ഐക്യം തകർക്കാൻ കഴിയാതെ വന്നപ്പോൾ അവർ തന്ത്രം മാറ്റുകയായിരുന്നെന്നും അവർ ആരോപിച്ചു.
'മുഴുവൻ കോൺഗ്രസ് നിയമസഭാ കക്ഷിയും ഐക്യത്തോടെ നിൽക്കുന്നതും എല്ലാ എംഎൽഎമാരും ഒപ്പമുണ്ടെന്നും കണ്ടപ്പോൾ, ഞങ്ങളെ നേരിടാൻ അവർ മെനഞ്ഞെടുത്ത് ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രശ്‌നമാണിത്.' അവർ പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട വിഷയം വെറും നിയമപരമായ നോട്ടീസ് മാത്രമാണെന്നും അതൊരു ക്രിമിനൽ കേസല്ലെന്നും നടരാജൻ ആവർത്തിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പരാതിയിൽ കോടതി നടപടികൾ തുടങ്ങുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ അത്തരം ഒരു നോട്ടീസ് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അവർ വാദിച്ചു.
'കോടതി നടപടി സ്വീകരിച്ച ഒരു ക്രിമിനൽ കേസോ അല്ലെങ്കിൽ എനിക്കെതിരെ കുറ്റം ചുമത്തപ്പെടുകയോ ചെയ്തിരുന്നെങ്കിൽ, വിവരങ്ങൾ മറച്ചുവെച്ചു എന്ന് പറയുന്നത് ന്യായമാകുമായിരുന്നു. എന്നാൽ അത്തരമൊരു കേസ് ഇല്ലാത്തപ്പോൾ ഞാൻ എന്തെങ്കിലും ഒളിച്ചുവെച്ചു എന്ന് ആർക്കെങ്കിലും എങ്ങനെ അവകാശപ്പെടാൻ കഴിയും?' അവർ ചോദിച്ചു.
തന്റെ നിയമസംഘം അവതരിപ്പിച്ച വാദങ്ങൾ റിട്ടേണിങ് ഓഫീസറുടെ അന്തിമ ഉത്തരവ് അവഗണിച്ചതായും മീനാക്ഷി നടരാജൻ ആരോപിച്ചു. 'ഇത് ഞങ്ങൾ തോറ്റ നിയമപോരാട്ടമല്ല, മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയോട് തോറ്റ പോരാട്ടമാണ്.' സംഭവത്തെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, മീനാക്ഷി പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിക്ക് അനുകൂലമായാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
ജനാധിപത്യത്തെയും ഫെഡറലിസത്തെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള വിപുലമായ പോരാട്ടവുമായാണ് മീനാക്ഷി ഈ തർക്കത്തെ ബന്ധിപ്പിച്ചത്. അതേമയം, മീനാക്ഷിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി മോഹൻ യാദവ്, ഈ നടപടിയെ ന്യായീകരിച്ചു.
സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെയുള്ള എല്ലാ ക്രിമിനൽ കേസുകളും സത്യവാങ്മൂലത്തിൽ നിയമപരമായി വെളിപ്പെടുത്തേണ്ടതുണ്ടെന്ന് മോഹൻ യാദവ് പറഞ്ഞു. 'കോൺഗ്രസ് സ്ഥാനാർത്ഥി മനപ്പൂർവ്വം വെളിപ്പെടുത്താതിരുന്ന വിവരങ്ങൾ ഒരു ക്രിമിനൽ റെക്കോർഡ് മറച്ചുവെക്കുന്നതിന് തുല്യമാണ്.' തിരഞ്ഞെടുപ്പ് അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് യാദവ് പറഞ്ഞു.
പൊതുപദവി തേടുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള എല്ലാ പ്രസക്തമായ വിവരങ്ങളും അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു. ജൂൺ 18-ന് നടക്കാനിരിക്കുന്ന മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം ഈ തർക്കത്തോടെ കൂടുതൽ കടുത്തിരിക്കുകയാണ്. നടരാജന്റെ പത്രിക തള്ളിയത് തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്.
Content Highlights: Meenakshi Natarajan's nomination rejected over alleged non-disclosure. Natarajan claims the case is political, not criminal. Congress accuses BJP of manipulating the election process. CM Mohan Yadav defends the rejection citing legal requirements. The dispute impacts the June 18 Rajya Sabha elections in Madhya Pradesh.
Published: 10 Jun 2026, 10:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented