ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യാനുള്ള ഉമീദ് പോർട്ടൽ അടച്ചു. ആറുമാസത്തെ കാലാവധി ഡിസംബർ ആറിന് അവസാനിച്ചതിനെത്തുടർന്നാണിത്. രാജ്യത്തെ പകുതിയോളം വഖഫ് സ്വത്തുക്കൾ ഇനിയും രജിസ്റ്റർചെയ്യാനായിട്ടില്ല. പോർട്ടലിന്റെ സമയം നീട്ടില്ലെന്നും മുതവല്ലിമാർക്ക് ആവശ്യമെങ്കിൽ വഖഫ് ട്രിബ്യൂണലുകളെ സമീപിക്കാമെന്നും കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചു. രജിസ്‌ട്രേഷൻ വൈകുന്നതിനുള്ള പിഴ അടുത്ത മൂന്നുമാസത്തേക്ക് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
1995-ലെ ‘യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, ഇംപ്രൂവ്മെന്റ്, എഫിഷ്യൻസി ആൻഡ് മാനേജ്മെന്റ്’ (ഉമീദ്) നിയമത്തിന്റെ ചുവടുപിടിച്ച് ജൂൺ ആറിനാണ് പോർട്ടൽ തുറന്നത്. വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് രജിസ്‌ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ പറഞ്ഞത്. വഖഫ് സ്വത്തുവിവരങ്ങളുടെ തത്സമയ അപ്‌ലോഡിങ്, വെരിഫിക്കേഷൻ, നിരീക്ഷണം എന്നിവ ഉമീദ് പോർട്ടലിലൂടെ ചെയ്യാം. നിലവിൽ 5.17 ലക്ഷം സ്വത്തുവിവരങ്ങളാണ് രജിസ്റ്റർചെയ്യാൻ തുടങ്ങിയത്. ഇതിൽ 2.16 ലക്ഷം അംഗീകരിച്ചു. 2.13 ലക്ഷം സ്വത്തുവകകളാണ് പരിഗണനയിലുള്ളത്. 10,869 എണ്ണം നിരസിച്ചു.
പോർട്ടലിൽ രജിസ്റ്റർചെയ്യാനുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഒട്ടേറെ ഹർജികളെത്തിയിരുന്നു. എന്നാൽ, പോർട്ടലിന്റെ സമയം നീട്ടിനൽകാൻ കോടതി തയ്യാറായില്ല. പരാതിക്കാർക്ക് അതത് ട്രിബ്യൂണലുകളെ സമീപിക്കാമെന്നാണ് ഡിസംബർ ഒന്നിന് ഹർജി തള്ളി സുപ്രീംകോടതി വ്യക്തമാക്കിയത്.
പോർട്ടലിന് സാങ്കേതികപ്രശ്നമുണ്ടെന്ന് മധ്യപ്രദേശിലെ ഒരു മുതവല്ലി കഴിഞ്ഞ ദിവസം നൽകിയ ഹർജിയിൽ പറയുന്നു. രാജ്യത്താകെ 8.72 ലക്ഷം വഖഫ് സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ 4.02 ലക്ഷം സ്വത്തുക്കൾ വഖഫ് ബൈ യൂസർ (ഉപയോഗത്തിലൂടെ വഖഫ് ആയത്) ആണ്. ഏറ്റവുമധികം വഖഫ് സ്വത്തുള്ള സംസ്ഥാനങ്ങളിലാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വലിയ പ്രശ്നങ്ങൾ നേരിടുന്നതെന്ന് ഹർജിയിൽ പറഞ്ഞു. ഉത്തർപ്രദേശിലെ 1.4 ലക്ഷം വഖഫ് സ്വത്തുക്കളിൽ 35 ശതമാനമേ രജിസ്റ്റർചെയ്യാൻ സാധിച്ചിട്ടുള്ളൂവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
രജിസ്‌ട്രേഷൻ നടക്കാത്തതിനാൽ മുതവല്ലിമാർക്കെതിരേ വഖഫ് നിയമത്തിലെ 61-ാം വകുപ്പ് പ്രകാരം നടപടിയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ മുതവല്ലിമാർക്കെതിരേ നടപടിയെടുക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ പോർട്ടലിന്റെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
Content Highlights: Umeed Portal Closure: Waqf Property Registration Deadline Missed, What Next?
Published: 08 Dec 2025, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented