ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണ്ണായക നീക്കവുമായി ബോർഡ്. തമിഴ്‌നാട് വഖഫ് ബോർഡ് കേസിൽ കക്ഷി ചേരാൻ ബോർഡ് സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ ഡൽഹിയിൽ നിയമവിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്.
വഖഫ് ബോർഡിൽ ഒഴിവുകൾ നിലനിൽക്കുന്നതോ ബോർഡ് പൂർണമായി രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതോ എന്ന കാരണത്താൽ അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും തടയാനാകുമോ എന്ന നിയമപ്രശ്‌നമാണ് തമിഴ്‌നാട് കേസിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതേ നിയമപ്രശ്‌നം കേരള വഖഫ് ബോർഡിനെയും നേരിട്ട് ബാധിക്കുന്നതാണെന്ന് സുപ്രീം കോടതിയിൽ വഖഫ് ബോർഡിന് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബോർഡിന്റെ ഘടന പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് തമിഴ്‌നാട് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയും മദ്രാസ് ഹൈക്കോടതിയുടെ വിലക്കുത്തരവിന് സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതോടെ വിപുലമായ നിയമപ്രശ്‌നത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തമിഴ്‌നാട് വഖഫ് ബോർഡിന് വീണ്ടും പ്രവർത്തനം തുടരുന്ന സാഹചര്യം ഉണ്ടായി.
ബോർഡ് രൂപീകരണം അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി 2026 ജൂലൈ 15ന് കേരള ഹൈക്കോടതി കേരള സംസ്ഥാന വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും മൂലധനച്ചെലവ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ബോർഡ് താൽക്കാലികമായി പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കണമെന്ന നിർദേശം പിന്നീട് സുപ്രീം കോടതി നീക്കിയിരുന്നു.
1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 22 പ്രകാരം ബോർഡിൽ അംഗങ്ങളുടെ ഒഴിവുകളുണ്ടെന്ന കാരണത്താൽമാത്രം ബോർഡിന്റെ നടപടികൾ അസാധുവാകില്ലെന്നാണ് കേരള വഖഫ് ബോർഡിന്റെ വാദം. സംസ്ഥാന വഖഫ് ബോർഡിൽ പരമാവധി 11 അംഗങ്ങളുണ്ടാകാമെന്നും എല്ലാ അംഗങ്ങളെയും ഒരേസമയം നാമനിർദേശം ചെയ്യണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ബോർഡിനെ പിരിച്ചുവിടുന്നതിനുള്ള അധികാരം നിയമത്തിലെ സെക്ഷൻ 99 പ്രകാരം സംസ്ഥാന സർക്കാരിനാണെന്നും, അതിനായി പ്രത്യേക നടപടിക്രമങ്ങളും സുരക്ഷാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ടെന്നും കേരള ബോർഡ് പറയുന്നു.
''ആരോപണങ്ങളില്ല, പ്രവർത്തനക്ഷമതമാത്രം''
കേരള വഖഫ് ബോർഡിന്റെ ചെയർമാനോ അംഗങ്ങളോ ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും നേരിടുന്നില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ബോർഡ് വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനത്തിലെ വീഴ്ചയോ ക്രമക്കേടോ ചൂണ്ടിക്കാട്ടിയല്ല നിയന്ത്രണം ഏർപ്പെടുത്തിയതെന്നും, അംഗങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച സാങ്കേതിക പ്രശ്നമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ബോർഡിന്റെ നിലപാട്. വഖഫ് നിയമം, 2025 പ്രകാരം സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ 100 ശതമാനം രജിസ്ട്രേഷനും പൂർത്തിയാക്കിയ രാജ്യത്തെ ഏക വഖഫ് ബോർഡ് കേരളമാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും കേരള വഖഫ് ബോർഡ് ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം, സംസ്ഥാനത്ത് 89,000 ത്തിലധികം വഖഫ് സ്വത്തുക്കളും, വഖഫ് ട്രൈബ്യൂണലിൽ 600 ലധികം കേസുകളും കേരള ഹൈക്കോടതിയിൽ 500 ലധികം കേസുകളും നിലവിലുണ്ടെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ആഴ്ചയിൽ ഏകദേശം 200 കേസുകൾ ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങ്ങുകളിൽ പരിഗണിക്കുന്നതായും നിരവധി കേസുകൾ പരിഗണിക്കുന്നതിനായി അദാലത്തുകൾ നടത്തുന്നതായും അപേക്ഷയിൽ പറയുന്നു.
Published: 10 Sept 2026, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented