ന്യൂഡൽഹി: കേരള വഖഫ് ബോർഡ് കേസിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടത് എന്ന ഹൈക്കോടതി നിർദേശം സുപ്രീം കോടതി നീക്കി. നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ എടുക്കാൻ ബോർഡിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം തൽക്കാലം ബോർഡിന്റെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം പൂർണ്ണമായും സ്റ്റേ ചെയ്യണം എന്നായിരുന്നു സംസ്ഥാന വഖഫ് ബോർഡിന്റെയും ഒമർ ഫൈസിയുടെയും ആവശ്യം. വഖഫ് കേസിൽ മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് പോലെ കേരള ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണെമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഭാഗീകമായി മാത്രമേ സുപ്രീം കോടതി അംഗീകരിച്ചുള്ളു.
ഹൈക്കോടതി പുറപ്പടിവിച്ചത് ഇടക്കാല ഉത്തരവ് ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ബോർഡ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മറ്റൊരു മേൽനോട്ടം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി ബോർഡിന്‍റെ വെറും അംഗമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഹർജിയെ പിന്തുണയ്ക്കുന്നു' സർക്കാരിന് എതിരെ ബോർഡ് സുപ്രീം കോടതിയിൽ
വഖഫ് ബോർഡ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് നൽകിയ ഹർജിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പിന്തുണയ്ക്കുന്നുവെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദി ആരോപിച്ചു. മുസ്ലിം ഇതര മതസ്ഥർ ഇല്ലാത്തതിനാൽ ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാണ് ഈ രാഷ്ട്രീയ നേതാവ് ഹൈക്കോടതിയിൽ ഉന്നയിച്ച ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി ഇടക്കാല നിർദേശത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പിന്തുണച്ചു. മുസ്ലിം ഇതര മതസ്ഥരെ ബോർഡിൽ ഉൾപ്പെടുത്തുന്നത് മാത്രമല്ല വിഷയമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ബോർഡിലെ അംഗങ്ങളുടെ യോഗ്യത ഉൾപ്പടെ വിഷയമാണെന്നും അദ്ദേഹം വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂർണ്ണമായും സ്റ്റേ ചെയ്യുന്നതിനെ ജയ്ദീപ് ഗുപ്ത എതിർത്തു.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകരായ ജയ്ദീപ് ഗുപ്‌ത, എം ആർ രമേശ് ബാബു, സ്റ്റാന്റിങ് കോൺസൽ മർസൂഖ് തങ്ങൾ എന്നിവരാണ് ഹാജരായത്. സംസ്ഥാന വഖഫ് ബോർഡിന് വേണ്ടി സീനീയർ അഭിഭാഷകൻ ഹുസേഫ അഹമ്മദി, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി. ഒമർ ഫൈസിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ഹാജരായി. തടസ്സ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ പരമേശ്വർ, ഷാജി പി ചാലി തുടങ്ങിയവർ ഹാജരായി. കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ വഖഫ് സംരക്ഷണ സമിതിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി വി ദിനേശ് ഹാജരായി.
Published: 21 Jul 2026, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented