ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തതിന്‌റെ പേരിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാർ കസ്റ്റഡിയിലെടുക്കപ്പെട്ട് എട്ട് മണിക്കൂറോളം തടവിൽ വെക്കപ്പെട്ടത് ഇന്നലെയാണ്. ഇന്ന്, ഒരു എംപിയെ പോലീസ് പിടികൂടി പോലീസ് വാഹനത്തിൽവെച്ച് മർദിക്കുകയും അവശനായപ്പോൾ വഴിയിൽ ഇറക്കിവിടുകയും ചെയ്തു. സമീപകാലത്തെങ്ങും ഇല്ലാത്തവിധത്തിൽ മാധ്യമപ്രവർത്തകർക്കുനേരെയും ഇന്ന് പോലീസ് അതിക്രമമുണ്ടായി. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലേക്ക് നീങ്ങുകയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് തലസ്ഥാനത്ത് നിലനിൽക്കുന്നതെന്നുമുള്ള ആശങ്ക വിവിധ കോണുകളിൽനിന്ന് ശക്തമായി ഉയരുകയാണ്.

To advertise here,

പ്രതിപക്ഷ കക്ഷികളും വിദ്യാർഥിസംഘടനകളും നടത്തുന്ന പ്രക്ഷോഭത്തെ തുടക്കത്തിൽത്തന്നെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രിമാരെയും ജനപ്രതിനിധികളെയും അടക്കം പോലീസ് ജനാധിപത്യവിരുദ്ധമായാണ് കൈകാര്യംചെയ്യുന്നതെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഞായറാഴ്ച മാധ്യമപ്രവർത്തകരെയടക്കം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് പ്രതിഷേധത്തെ നേരിട്ടതിനേക്കാൾ കടുത്ത ശൈലിയാണ് സിജെപി-വിദ്യാർഥി പ്രക്ഷോഭകരെ നേരിടാൻ ഡൽഹി പോലീസ് സ്വീകരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മണിക് സർക്കാർ, മമത ബാനർജി എന്നിവരെ കസ്റ്റഡിയിലെടുക്കുകയും എട്ട് മണിക്കൂറോളം തടവിൽ വെക്കുകയും ചെയ്തു. പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽകയറ്റി നഗരത്തിലൂടെ ചുറ്റിക്കറങ്ങി. ഭക്ഷണവും മരുന്നും പോലും ലഭ്യമാക്കിയില്ലെന്നും ആരോപണമുയർന്നു.

ഞായറാഴ്ചയാകട്ടെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയ ശേഷം വഴിയിൽ ഇറക്കിവിട്ടു. തന്നെ കായികമായി ഉപദ്രവിച്ചെന്നും മർദിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും ബ്രിട്ടാസ് പിന്നീട് ആരോപിച്ചു. ശാരീരിക അവശതളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

എംപിയായ തനിക്കെതിരേ നടന്ന അതിക്രമം ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. 'ഇത് ഒരു എം.പിക്കെതിരായ ആക്രമണം മാത്രമല്ല. ജനാധിപത്യ സ്വാതന്ത്ര്യത്തിനും നിയമവാഴ്ചയ്ക്കുമെതിരായ ആക്രമണമാണ്. സമാധാനപരമായ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാൻ സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇത് സംഭവിച്ചത് എന്നത് കൂടുതൽ ആശങ്ക ഉളവാക്കുന്നതാണ്', കത്തിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.

കൊണാട്ട് പ്ലേസിലെത്തിയ വിദ്യാർഥികളെയും പോലീസ് അതിക്രൂരമായാണ് കൈകാര്യം ചെയ്തത്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, പി.എസ്.യു സംഘടനകൾ നടത്തിയ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗമുണ്ടാവുകയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് തോമസ് തുടങ്ങിയവർക്ക് മർദനമേൽക്കുകയും ചെയ്തു.

ഐസ ദേശീയ പ്രസിഡന്റ് നേഹാ ബോറയുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് മിന്നൽ മാർച്ചും പ്രതിഷേധവും നടന്നു. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാഹനത്തിനുള്ളിൽ ചെറിയ സെല്ലുകൾ നിർമിച്ച് അതിനുള്ളിലാണ് പ്രതിഷേധക്കാരെ ഇരുത്തിയതെന്നും ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും നേഹ ബോറ പിന്നീട് ആരോപിച്ചു. പോലീസ് വാഹനത്തെ ലോക്കപ്പിന് സമാനമാക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നിരവധി കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം മാധ്യമപ്രവർത്തകർക്കുനേരെയും പോലീസിന്റെ കടുത്ത നടപടികളുണ്ടായി. ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ മലയാള മാധ്യമ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഐ.ഡി കാർഡുകൾ ധരിച്ചിരുന്ന വനിതാ മാധ്യമപ്രവർത്തകരെയും പോലീസുകാർ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് കയറ്റിയത്.

മാധ്യമപ്രവർത്തകരെന്ന് വ്യക്തമാകുന്ന വിധത്തിൽ സ്ഥാപനത്തിന്റെ ഐഡി കാർഡ് അണിഞ്ഞവരും മൈക്ക് കൈവശമുള്ളവരും അടക്കമുള്ള മാധ്യമപ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി. സ്ഥലത്ത് യാതൊരു ക്രമസമാധാനപ്രശ്നവുമുണ്ടായിരുന്നില്ല. യാതൊരു കാരണവുംകൂടാതെയായിരുന്നു പോലീസ് നടപടി. ആർകെ ആശ്രം മാർഗിൽനിന്ന് മറ്റുചില മാധ്യമപ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തെന്നും റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പോലീസ് ഉന്നത ഉദ്യോഗസ്ഥർ തയ്യാറായതുമില്ല.

ജന്തർ മന്തറിൽ പ്രവേശിക്കാൻ അനുവദിക്കാതായതോടെ പ്രതിഷേധം കോണാട്ട് പ്ലേസ് അടക്കമുള്ള നഗരത്തിന്റെ മറ്റിടങ്ങളിലേക്ക് നീങ്ങി എന്നതാണ് സംഭവിച്ച മറ്റൊരു പ്രധാന കാര്യം. ജന്തർ മന്തറിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെ പോലീസ് തടയുന്നോ അവിടം ജന്തർ മന്തറാക്കുമെന്ന സിജെപിയുടെ പ്രഖ്യാപനം അക്ഷരാർഥത്തിൽ നടപ്പാക്കുകയായിരുന്നു ഞായറാഴ്ച പ്രക്ഷോഭകർ. ഇതോടെ ഒരർഥത്തിൽ പ്രക്ഷോഭം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കപ്പെടുകയാണുണ്ടായത്.

ചെറുസംഘങ്ങളായെത്തിയ വിവിധ യുവജന-വിദ്യാർഥി സംഘടനാ പ്രവർത്തകർ ഒന്നിനു പിറകേ ഒന്നായി എത്തി തുടർച്ചയായി കൊണാട്ട് പ്ലേസിനെ സമരഭൂമിയാക്കി മാറ്റുകയായിരുന്നു. വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പകൽ മുഴുവൻ നീണ്ടുനിൽക്കും വിധത്തിൽ സമരത്തെ സജീവമാക്കി നിർത്താൻ ഇതുമൂലം സാധിച്ചു. ഒരുതവണ കസ്റ്റഡിയിലെടുത്ത് നീക്കിയ പ്രവർത്തകർ മണിക്കൂറുകൾക്ക് ശേഷം വീണ്ടും അതേസ്ഥലത്ത് സമരവുമായെത്തുന്നതും ഇന്ന് കണ്ടു. 

പോലീസിന്‌റെ ബലപ്രയോഗവും നഗരത്തിലെ കടുത്ത നിയന്ത്രണങ്ങളും പാടില്ലെന്ന് കോടതി ഉത്തരവിട്ടിട്ടും പിന്നോട്ടില്ലെന്നാണ് പോലീസിന്‌റെ നടപടികൾ വ്യക്തമാക്കുന്നത്. സമരത്തെ ഈ നിലയിൽ നേരിടുന്നതിനെതിരേ കടുത്ത വിമർശനം ഉയരുമ്പോഴും പ്രധാനമന്ത്രി മോദിയോ ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ, സർക്കാരിലെ മറ്റാരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം നടത്താൻ തയ്യാറായിട്ടുമില്ല. ഇത് പോലീസിന്റെ അക്രമങ്ങൾക്ക് മുകളിൽ നിന്നുള്ള പൂർണ പിന്തുണയുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ പൗരൻമാരുടെ സമരത്തെ കായികമായി നേരിടാനുള്ള പോലീസിന്റെ അധികാരം എവിടംവരെയാണ് എന്ന ചോദ്യം ശക്തമായി ഉയർത്തുകയാണ് ഈ സാഹചര്യം.