ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും കത്ത് നൽകി ജോൺ ബ്രിട്ടാസ് എം.പി. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

To advertise here,

മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽവെച്ച് മർദിക്കുകയും അപമാനിക്കുകയും ചെയ്തശേഷം റോഡരികിൽ ഉപേക്ഷിച്ചതായി ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ സംഭവം തനിക്കെതിരായ അതിക്രമം മാത്രമല്ലെന്നും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നിയമവാഴ്ചയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ പ്രതിഷേധങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവമുണ്ടായത്. വിഷയത്തിൽ അടിയന്തരമായി ഇടപെടാനും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് രാഷ്ട്രപതി, രാജ്യസഭാ അധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ചതായി അദ്ദേഹം പറഞ്ഞു. എം.പിയുടെ പാർലമെന്ററി അവകാശലംഘനം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭയപ്പെടുത്തി ജനാധിപത്യത്തെ നിശ്ശബ്ദമാക്കാൻ സർക്കാരിന് കഴിയില്ലെന്നും സംവാദങ്ങൾക്ക് പകരം ലാത്തിപ്രയോഗമല്ല വേണ്ടതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഭരണാധികാരികൾക്ക് എതിർപ്പുള്ള സമരങ്ങളെ അടിച്ചമർത്താനാവില്ലെന്നും വിയോജിപ്പുകൾ കേൾക്കാനും പരിഹരിക്കാനുമുള്ള കഴിവിലാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.