ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിവിധ രാഷ്ട്രീയ-വിദ്യാർഥി സംഘടനകൾ ഞായറാഴ്ച നടത്തിയത് വലിയ പ്രക്ഷോഭം. പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഡൽഹിയിൽ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും മെട്രോ റെയിൽ സർവീസുകൾ തടസ്സപ്പെടുത്തരുതെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും പോലീസിനോടും നിർദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും അതിനെ ഹനിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

To advertise here,

തലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാർഥി സംഘടനകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്. എൻ.എസ്.യു.ഐ, കെ.എസ്.യു പ്രവർത്തകർ എൻ.എസ്.യു.ഐ ആസ്ഥാനത്തുനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിവിധ ഇടതുപക്ഷ സംഘടനകളാണ് ഇന്നും കൂടുതലായി സമരരംഗത്തുണ്ടായിരുന്നത്. കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, പി.എസ്.യു സംഘടനകൾ നടത്തിയ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗമുണ്ടാവുകയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് തോമസ് തുടങ്ങിയവർക്ക് മർദനമേൽക്കുകയും ചെയ്തു. ഇതിനിടെ, ഐസ ദേശീയ പ്രസിഡന്റ് നേഹാ ബോറയുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് മിന്നൽ മാർച്ചും പ്രതിഷേധവും നടന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തിനിടെ ഇടത് എം.പി ജോൺ ബ്രിട്ടാസിന് നേരെ ഡൽഹി പോലീസിന്റെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്ത എം.പിയെ പോലീസ് വാഹനത്തിനുള്ളിൽ വെച്ച് ഉദ്യോഗസ്ഥൻ മർദിക്കുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്തു. തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, എ.എ. റഹീം എം.പി തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ഡൽഹി പോലീസ് അക്രമം അഴിച്ചുവിട്ടു. ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഐ.ഡി കാർഡുകൾ ധരിച്ചിരുന്ന വനിതാ മാധ്യമപ്രവർത്തകരെയും പോലീസുകാർ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് കയറ്റിയത്. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പോലീസ് ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ല.

അതേസമയം, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിലായ സി.ജെ.പി നേതാക്കളായ അശുതോഷ്, സൗരവ് ദാസ്, അഭിജിത് ദീപ് എന്നിവരെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കസ്റ്റഡിയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെ പോലീസ് വിട്ടയച്ചിരുന്നു. രാജ്യത്ത് 1975-ന് സമാനമായ അടിയന്തരാവസ്ഥാ സാഹചര്യമാണെന്നും കേന്ദ്ര ഭരണകൂടം സ്വന്തം പൗരന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സി.ജെ.പി നേതാവ് സൗരവ് ദാസ് ആരോപിച്ചു.

സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ട്രൂപ്പുകളെ എത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്കുള്ളിൽ പോലീസ് കടന്നുകയറി അതിക്രമം കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിയമവിരുദ്ധമായി പിടിച്ചെടുത്ത് ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും, ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജന്തർ മന്തറിൽ പ്രവേശിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും സാധിക്കാത്ത സാഹചര്യത്തിൽ, കൊണാട്ട് പ്ലേസ് സമരത്തിന്റെ കേന്ദ്രമാകുന്നതാണ് ഞായറാഴ്ച കണ്ടത്. വിവിധ യുവജന-വിദ്യാർഥി സംഘടനകളാണ് ഇന്നും കൊണാട്ട് പ്ലേസിൽ പ്രതിഷേധവുമായെത്തിയത്. അതിവിപുലമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കേ, ചെറു സംഘങ്ങളായി ഒന്നിനുപിറകേ മറ്റൊന്നായാണ് വിവിധ സംഘടനകൾ പ്രകടനവുമായെത്തിയത്.