ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ചുമതലയേറ്റു. 38 വർഷത്തിലേറെ നീണ്ട വിശിഷ്ട സേവനത്തിനുശേഷം 2026 ജൂലൈ 31-ന് വിരമിച്ച വൈസ് അഡ്മിറൽ തരുൺ സോബ്തിയിൽനിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
ഗോവയിലെ നേവൽ അക്കാദമിയിലെ 38-ാമത് ഇന്റഗ്രേറ്റഡ് കേഡറ്റ് കോഴ്സിൽനിന്ന് 1990-ൽ ഇന്ത്യൻ നാവികസേനയിലേക്ക് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് കമ്മീഷൻ ചെയ്യപ്പെട്ടു. 'കാറ്റഗറി എ' (CAT 'A') സീ കിങ് എയർ ഓപ്പറേഷൻസ് ഓഫീസറും കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റുമാണ്. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും ഗോവയിലെ നേവൽ വാർ കോളേജിലെ നേവൽ ഹയർ കമാൻഡ് കോഴ്സിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.
36 വർഷത്തിലേറെ നീണ്ട സേവനത്തിനിടെ, കടലിലും കരയിലും കമാൻഡ്, ഓപ്പറേഷണൽ, പരിശീലന, സ്റ്റാഫ് ചുമതലകൾ ഉൾപ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലിൽ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐ.എൻ.എസ്. രാജ്പുത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറായും ഐ.എൻ.എസ്. അഭയ്, ഐ.എൻ.എസ്. ഷാർദുൽ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐ.എൻ.എസ്. സത്പുര എന്നിവയുടെ കമാൻഡിങ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഗാൽവാൻ സംഭവത്തിനു പിന്നാലെ നടന്ന ഓപ്പറേഷൻ സ്നോ ലെപ്പാർഡിന്റെ സമയത്ത് വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. 1999-ലെ ഓപ്പറേഷൻ വിജയിലും 2001-ലെ ഓപ്പറേഷൻ പരാക്രമിലും അദ്ദേഹം പങ്കാളിയായിരുന്നു.
ശ്രീ വിജയപുരത്തെ നേവൽ എയർ സ്റ്റേഷൻ ഉത്ക്രോഷിന്റെ കമാൻഡിങ് ഓഫീസറായും വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഡയറക്ടിങ് സ്റ്റാഫായും പ്രവർത്തിച്ചു. കൂടാതെ നാവികസേനാ ആസ്ഥാനത്ത് ജോയിന്റ് ഡയറക്ടർ നേവൽ എയർ സ്റ്റാഫ്, പ്രിൻസിപ്പൽ ഡയറക്ടർ എയർക്രാഫ്റ്റ് അക്വിസിഷൻ തുടങ്ങിയ നിർണായക ചുമതലകളും വഹിച്ചു. റിയർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിച്ചശേഷം ഇന്ത്യൻ നേവൽ അക്കാദമിയുടെ ഡെപ്യൂട്ടി കമാൻഡന്റ്, അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (എയർ), മഹാരാഷ്ട്ര നേവൽ ഏരിയയുടെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് എന്നീ പദവികൾ വഹിച്ചു.
വൈസ് അഡ്മിറലായശേഷം 2023 ഡിസംബർ മുതൽ 2026 ജൂലൈ വരെ ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ആസൂത്രണത്തിലും പ്രവർത്തനസജ്ജതയിലും, പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടെ സമുദ്രസുരക്ഷാ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. വിശിഷ്ട സേവനത്തിനും മികച്ച ഓപ്പറേഷണൽ നേതൃത്വത്തിനും അംഗീകാരമായി 2024-ൽ അദ്ദേഹത്തിന് അതിവിശിഷ്ട സേവാ മെഡലും 2025-ൽ യുദ്ധ് സേവാ മെഡലും ലഭിച്ചു. നാവികസേനയ്ക്ക് ഉയർന്ന പ്രവർത്തനസജ്ജത ആവശ്യമായ ഈ ഘട്ടത്തിൽ ഏറ്റവും മുതിർന്ന ചുമതലകളിലൊന്നായ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് പദവിയാണ് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
1969-ൽ പിതാവ് ഔദ്യോഗിക ചുമതലയിൽ റായ്പൂരിൽ ജോലി ചെയ്തിരുന്ന സമയത്താണ് വൈസ് അഡ്മിറൽ പ്രമോദ് ജനിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബവേരുകൾ കേരളവുമായി ആഴത്തിൽ ബന്ധപ്പെട്ടതാണ്. തൃശൂർ കുരിയച്ചിറയിലെ സെയ്ന്റ് പോൾസ് ഇംഗ്ലീഷ് യു.പി. സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്. ഗ്വാളിയറിലെ കാർമൽ സ്കൂളിലും രാജസ്ഥാനിലെ ധോൽപൂർ മിലിട്ടറി സ്കൂളിലും അദ്ദേഹം പഠനം നടത്തി. അമ്പിളി പ്രമോദാണ് ഭാര്യ. ചിത്രാഞ്ജലി, സിദ്ധാന്ത എന്നിവരാണ് മക്കൾ.
Content Highlights: Vice Admiral AN Pramod assumes the role of Deputy Chief of Naval Staff., Succeeded Vice Admiral Tarun Sobti, who retired on July 31, 2026., Highly decorated officer with experience in Operation Vijay, Operation Parakram, and Operation Snow Leopard., Awarded Ati Vishisht Seva Medal (2024) and Yudh Seva Medal (2025)., Extensive background in naval aviation, communication, and electronic warfare.
Published: 01 Aug 2026, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented